Web Desk

മംഗളൂരു

January 20, 2020, 6:15 pm

വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവം: പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്

Janayugom Online

മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവത്തില്‍ ബാഗ് ഉപേക്ഷിച്ച ആളുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.

ഓട്ടോറിക്ഷയില്‍ എത്തിയ ആള്‍ ബാഗ് വിമാനത്താവളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇയാള്‍ ഇന്‍ഡിഗോ ബുക്കിംഗ് സെന്ററിന് സമീപം ബാഗ് ഉപേക്ഷിച്ച് അതേ ഓട്ടോയില്‍ തന്നെ മടങ്ങുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഓട്ടോയുടെയും വ്യക്തിയുടെയും ചിത്രങ്ങള്‍ മംഗളൂരു പൊലീസാണ് പുറത്തുവിട്ടത്.

ഇന്നു രാവിലെയോടെയാണ് വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കാണപ്പെട്ടത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിച്ചപ്പോള്‍ ടൈമറിന്റെ രൂപത്തിലുള്ള സ്‌ഫോടകവസ്തു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിനു പുറത്തേക്ക് മാറ്റിയ സ്‌ഫോടകവസ്തു നിര്‍വീര്യമാക്കി. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഡോ പിഎസ് ഹര്‍ഷ വ്യക്തമാക്കി.