പൗരത്വ നിയമഭേദഗതിക്ക് എതിരെ മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തെ പൊലീസ് നേരിട്ട രീതി കുറ്റകരമായ വീഴ്ചയായിരുന്നുവെന്ന് കര്‍ണാടക ഹൈക്കോടതി. അന്വേഷണം പക്ഷപാതപരവും വഞ്ചനാപരവുമാണെന്ന് നിരീക്ഷിച്ച കോടതി പൊലീസിനെതിരെ രൂക്ഷഭാഷയിലാണ് വിമർശനം നടത്തിയിരിക്കുന്നത്. കള്ളക്കേസിൽ കുടുക്കിയ 22 പേർക്കും ജാമ്യം അനുവദിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്ന് മുഹമ്മദ് ആഷിഖ് ഉൾപ്പെടെ 21 പേര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ കുന്‍ഹയാണ് ജാമ്യം അനുവദിച്ചത്. പൊലീസുകാർ നടത്തിയ അതിക്രമങ്ങൾ മറച്ചുവയ്ക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങൾ പോലീസിൽ നിന്നുണ്ടായെന്ന് കോടതി കുറ്റപ്പെടുത്തി. പോലീസ് വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തത്. കര്‍ണാടക സര്‍ക്കാരിനെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു.
വളരെയധികം പേർ പ്രതിചേർക്കപ്പെട്ട ഒരു കുറ്റകൃത്യത്തിൽ ഓരോ പ്രതിയുടെയും വ്യക്തിത്വവും പങ്കാളിത്തവും നിയമപരമായ വ്യക്തതയോടെ നിശ്ചയിക്കപ്പെടണം. എന്നാൽ ഈ കേസിൽ പ്രത്യേക മതവിഭാഗത്തെ തിരഞ്ഞുപിടിച്ച് പ്രതിചേർത്തുവെന്ന നിലയിലാണുണ്ടായിരിക്കുന്നത്. പ്രതികൾ അക്രമം നടത്തിയത് സിസിടിവി ഫൂട്ടേജുകളിലും ഫോട്ടോഗ്രാഫുകളിലും പകർത്തിയിട്ടുണ്ടെന്ന് പൊലീസ് പ്രസ്താവിച്ചുവെങ്കിലും മാരകായുധങ്ങൾ ഉപയോഗിച്ചോ ആയുധധാരികളായോ ഉള്ള ഒരാളുടെ സാന്നിധ്യവും തെളിയിക്കുവാൻ സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ഹർജിക്കാര്‍ സമര്‍പ്പിച്ച ദൃശ്യങ്ങളിൽ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസുകാര്‍ കല്ലെറിയുന്നത് വ്യക്തമാണ്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് 31 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം നിയമവിരുദ്ധമായി കാണാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഹർജിക്കാർക്ക് ജാമ്യം നിഷേധിക്കുന്നതും അവരുടെ സ്വാതന്ത്ര്യം ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും കാരുണ്യത്തിനായി വിട്ടുകൊടുക്കുന്നതും നീതിന്യായ സംവിധാനത്തെ അപഹസിക്കുന്നതിന് തുല്യമാണ്. തെളിവുകൾ നശിപ്പിക്കാനും കെട്ടിച്ചമച്ച തെളിവുകൾ ഉപയോഗിച്ച് പരാതിക്കാരെ കുടുക്കാനും ബോധപൂർവ്വം ശ്രമിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. ആരോപണവിധേയമായ കുറ്റങ്ങളുമായി ഹർജിക്കാരെ ബന്ധിപ്പിക്കുന്നതിന് നേരിട്ടുള്ള തെളിവുകളില്ല. ഈ സാഹചര്യങ്ങളിൽ, അപേക്ഷകരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിന് അവരെ ജാമ്യത്തിൽ വിടേണ്ടത് ആവശ്യമാണെന്ന് കോടതി പറഞ്ഞു. മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഈ സംഭവത്തിന്റെ പേരിൽ കേരളത്തിനെതിരായ പരാമർശവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.