Janayugom Online
mangkhut hurricane- janayugom

ആഞ്ഞടിച്ച്‌ മംഖൂട്ട്: ഫിലിപ്പീന്‍സില്‍ 14 മരണം

Web Desk

മനില

Posted on September 16, 2018, 8:27 am

ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച മംഖൂട്ട് ചുഴലിക്കാറ്റില്‍ 14 മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. മണിക്കൂറില്‍ 200 കിലോമീറ്ററിനടുത്ത് വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നേരത്തെ മംഖൂട്ട് മനില തീരത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഫിലീപ്പീന്‍സില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. തീരദേശ മേഖലകളില്‍ നിന്ന് നിരവധി ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. വിമാന സര്‍വീസുകളെല്ലാം റദ്ദാക്കി. ആദ്യം കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയ മംഖൂട്ട് നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായാണ് വിലയിരുത്തത്. കാറ്റിന് അല്‍പം ശക്തി കുറഞ്ഞതിനാല്‍ ഇപ്പോള്‍ കാറ്റഗറി നാലിലേക്ക് മാറ്റി.

ചൈന, ഹോങ്കോംഗ് തീരങ്ങളിലും വരും മണിക്കൂറുകളില്‍ മംഖൂട്ട് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇവിടങ്ങളില്‍ എത്തുമ്പോള്‍ കാറ്റിന്റെ വേഗം കുറയും. ഇന്ന് ഉച്ചയോടെ മംഖൂട്ട് ഹോങ്കോംഗ് തീരത്തെത്തും. മുന്നറിയിപ്പിനെ തുടര്‍ന്ന് ചൈനയില്‍ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.