ബാല താരമായി സിനിമയിലെത്തിയ വയനാട്ടിലെ ആദിവാസി ബാലൻ മണിയെ എല്ലാവർക്കും അറിയാം. ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവാണ്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കുറച്ച് കാലം സിനിമയിൽ നിന്ന് മാറി നിന്ന മണി ഇപ്പോൾ തിയറ്ററുകളിൽ പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ഉടലാഴം എന്ന സിനിമയുടെ നായകനാണ്. പുതിയ നാല് സിനിമക്ക് ഓഫർ ലഭിച്ച നവാഗത നടനാണ്. പറഞ്ഞിട്ടെന്തു കാര്യം, മണിക്കും കുടുംബത്തിനും ഇപ്പോഴും റേഷൻ കാർഡില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി തവണ റേഷൻ കാർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് മണി ജനയുഗത്തോട് പറഞ്ഞു.
you may also like this video
മണി താമസിക്കുന്ന വയനാട് ബത്തേരി ചെതലയം പൂവഞ്ചി കോളനിയിലെ തറവാട് വീട്ടിലുൾപ്പെടെ എട്ടോളം കുടുംബങ്ങൾക്കും റേഷൻ കാർഡില്ല. കാർഡ് നിഷേധിക്കുന്ന കാരണം കോളനിവാസികൾക്കും തനിക്കും അറിയില്ല. റോഡും, വീടുമെല്ലാം ഉണ്ടങ്കിലും റേഷൻ കാർഡില്ലാത്തതിനാൽ റേഷനരിയില്ല. വലിയ വില നൽകിയാണ് ടൗണിലെ കടകളിൽ നിന്ന് അരി വാങ്ങുന്നത്. ചെതലയത്തെ വനത്തോട് ചേർന്നാണ് പൂവഞ്ചി പണിയ കോളനി. ഈ ആവശ്യത്തിന് ഇനിയാരെയും സമീപിക്കാൻ ബാക്കിയില്ലന്ന് മണി പറഞ്ഞു. ഇനിയെങ്കിലും അധികാരികൾ തങ്ങൾക്ക് അവകാശപ്പെട്ട റേഷൻ കാർഡ് അനുവദിച്ച് തരണമെന്നാണ് കോളനിക്കാർക്ക് വേണ്ടി മണിയുടെ ആവശ്യം. മണി നായകനായി അഭിനയിച്ച ഉടലാഴം എന്ന സിനിമ ഹിറ്റായി ഓടുന്നതിനിടെ സിനിമാ വിശേഷങ്ങളറിയാൻ നിരവധി ആളുകളാണ് കോളനിയിലെത്തുന്നത്.
you may also like this video
മോഹൻലാലിനൊപ്പം അഭിനയിച്ച ഫോട്ടോ ഗ്രാഫർ എന്ന സിനിമയിലൂടെയാണ് മണി സിനിമാരംഗത്തേക്ക് വരുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ബാല താരത്തിനുള്ള അവാർഡ് ലഭിച്ചു. പിന്നീട് സിനിമയുമായി അകന്നു കഴിഞ്ഞ മണി കർണാടകയിലെ ഇഞ്ചിപ്പാടങ്ങളിലെ കൂലിപ്പണിക്കിടയിൽ നിന്നാണ് ഉടലാഴത്തിന്റെ നായകനായെത്തുന്നത്. രാജുവിന്റെയും നഞ്ചിയുടെയും മകനായ മണി ഭാര്യ പവിഴം മക്കളായ മനീഷ, അനഘ, മീനുക്കുട്ടി എന്നിവർക്കും മുത്തശ്ശിക്കും ഒപ്പമാണ് പൂവഞ്ചി കോളനിയിൽ താമസിക്കുന്നത്.