Wednesday
20 Feb 2019

‘മണിച്ചിത്രത്താഴി’ന്‍റെ യഥാര്‍ഥ അവകാശി…

By: Web Desk | Saturday 10 November 2018 5:19 PM IST

ലയാള സിനിമ വ്യക്തിത്വം നേടിത്തുടങ്ങിയത് അമ്പതുകളുടെ മധ്യത്തിലെത്തിയപ്പോഴാണ്. അതുവരെ മലയാള സിനിമയ്ക്ക് അടയാളപ്പെടുത്താന്‍ മാത്രം സിനിമകള്‍ ഉണ്ടായിരുന്നില്ല.
60കളില്‍ ഏറെ സാഹിത്യരചനകള്‍ സിനിമാരൂപം കൊണ്ടു. അതെല്ലാം വന്‍ വിജയമായി മാറി. സംവിധായകനും എഴുത്തുകാരനും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. എഴുത്തുകാരന്റെ മൂല്യശോഭയിലാണ് കൂടുതലും സിനിമകള്‍ അറിയപ്പെട്ടത്.

പ്രമേയത്തിലും അവതരണത്തിലും ഒട്ടേറെ പുതുമകളോടെയാണ് സിനിമകള്‍ റിലീസ് ചെയ്തിരുന്നത്. ശക്തമായ കഥയും തിരക്കഥയും അഭിനയവും ഛായാഗ്രഹണവും ഗാനങ്ങളും സംവിധാനവും എല്ലാംകൂടി എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന മൂല്യം നിറഞ്ഞ സിനിമകളായിരുന്നു. അംഗീകാരവും അവകാശവും ഉണ്ടായിരുന്നു.
സാഹിത്യരചനകളോ, പുസ്തകങ്ങളോ ഇല്ലാതെ കഥ മോഷ്ടിച്ച് ചിലര്‍ ഈ രംഗത്തു വന്നതോടെ ആര്‍ക്കും കഥയും തിരക്കഥയും എഴുതാമെന്നായി. അതോടെ യഥാര്‍ഥ സിനിമയില്‍ സജീവമായിരുന്നതുകൊണ്ട് തോപ്പില്‍ ഭാസിയെയൊ, എസ് എല്‍ പുരം സദാനന്ദനെയൊ, പത്മരാജനെയൊ, എംടിയെയൊ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴും എഴുത്തുകാരന്റെ അന്തസ് മുറുകെപിടിച്ചുകൊണ്ട് എഴുതുന്ന സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ മാത്രമാണ്.

എന്നാല്‍ എം ടി ഇപ്പോള്‍ വല്ലപ്പോഴും മാത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത്. 100ല്‍ അധികം സിനിമകള്‍ ഒരു വര്‍ഷം റിലീസ് ചെയ്യുന്നുണ്ട്. അതിലിരട്ടി സിനിമകള്‍ ചിത്രീകരണം പൂര്‍ത്തിയായിട്ടും തിയറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സിനിമകളില്‍ മിക്കതിന്റേയും കഥകള്‍ മോഷണമാണ്. യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം പേരില്‍ കഥയുടെ അവകാശം സ്ഥാപിക്കുകയും ചെയ്യുന്നു.

എന്നാല്‍ നല്ല രചനകള്‍ നടത്തുന്ന കുറേപേര്‍ ഇവിടെയുണ്ട്. അവരില്‍ പലരുടെയും രചനകള്‍ കേട്ട് ‘അത് സിനിമയ്ക്ക് പറ്റിയതല്ല’ എന്നുപറഞ്ഞ് പിന്‍തിരിപ്പിക്കുന്നു. പിന്നീട് സ്വന്തം രചന സിനിമയിലെ എഴുത്തുകാരുടെയൊ സംവിധായകന്റെയൊ പേരില്‍ സിനിമയാകുന്നു. എഴുത്തുകാരനു യാതൊരു വിലയും ബഹുമാനവും നല്‍കാന്‍ സിനിമാരംഗത്തെ വലിയൊരു വിഭാഗം ഇപ്പോഴും തയാറല്ല.

മധു മുട്ടം

  മധു മുട്ടം

നീതി ലഭിക്കാതെ, സുപ്രിംകോടതി വരെ സ്വന്തം കഥയുടെ അവകാശത്തിനുവേണ്ടി ഇറങ്ങിത്തിരിച്ച്, പണമില്ലാതെ തോല്‍വി സമ്മതിക്കേണ്ടി വന്ന പ്രശസ്തനായ തിരക്കഥാകൃത്തിന്റെ അനുഭവമാണ് ഇവിടെ കൊടുക്കുന്നത്.
കഥാകൃത്തിന്റെ പേര്: മധുമുട്ടം.

സൂപ്പര്‍ഹിറ്റായി വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിച്ച ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത് മധുമുട്ടം ആണ്.
‘മണിച്ചിത്രത്താഴ്’ മലയാളികള്‍ ആഘോഷമാക്കി മാറ്റിയ സിനിമയാണ്. എല്ലാതരം പ്രേക്ഷകരേയും ആകര്‍ഷിച്ച സിനിമ. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന സിനിമയാക്കി മണിച്ചിത്രത്താഴിനെ മാറ്റാമായിരുന്നെങ്കിലും അതിമനോഹരമായ ക്ലൈമാക്‌സിലൂടെ ഒരു നല്ല സിനിമയാക്കി മാറ്റുകയായിരുന്നു മധുമുട്ടവും ഫാസിലും.

മണിച്ചിത്രത്താഴ് കണ്ട് മറ്റു ഭാഷാ സിനിമാപ്രേമികളും ഭാഷക്കതീതമായി ഈ ചിത്രം ഇഷ്ടപ്പെട്ടു. പലരും പല ഭാഷകളില്‍ റിമേക്കിനായി ശ്രമം നടത്തി. അങ്ങനെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ ‘മണിച്ചിത്രത്താഴ്’ വെന്നിക്കൊടി പാറിച്ചു.

സന്യാസജീവിതം നയിക്കുന്ന എഴുത്തുകാരനാണ് മധുമുട്ടം. അയാളുടെ കൈവശം ധാരാളം നല്ല കഥകള്‍ ഉണ്ട്. പല നല്ല സിനിമകളിലും (പ്രത്യേകിച്ച് ഫാസില്‍ ഗ്രൂപ്പില്‍) മധു മുട്ടത്തിന്റെ സംഭാവന ഉണ്ടായിരുന്നു.

‘മണിച്ചിത്രത്താഴ്’ സിനിമ വന്‍ വിജയമായിട്ടും തിരക്കുള്ള എഴുത്തുകാരനാകാന്‍ മധു മുട്ടം ആഗ്രഹിച്ചില്ല. എന്നാല്‍ അടങ്ങിഒതുങ്ങി കഴിഞ്ഞിരുന്ന മധു മുട്ടം ഒരു ദിവസം വാര്‍ത്തകളില്‍ പ്രത്യേകസ്ഥാനം പിടിച്ചു. അത് മറ്റൊന്നിനുമല്ല, സ്വന്തം കഥയുടെ അവകാശത്തിനുവേണ്ടി മാത്രം.

‘മണിച്ചിത്രത്താഴ്’ കന്നടത്തിലും തമിഴിലും റീമേക്ക് ചെയ്തപ്പോള്‍ തന്റെ അനുവാദം വാങ്ങുകയോ പ്രതിഫലം നല്‍കുകയോ ചെയ്തില്ലെന്ന പരാതിയുമായി കോടതിയിലെത്തി.
കഥാവകാശം ലക്ഷങ്ങള്‍ക്കു വിറ്റു കഴിഞ്ഞിരുന്നു. എന്നാല്‍ അതിന്റെ ഒരു വിഹിതവും മധുമുട്ടത്തിനു ലഭിച്ചില്ല, പേരുപോലും.

കഥ, തിരക്കഥ, സംഭാഷണം എഴുതിയതിന്റെ പേരില്‍ മധു മുട്ടത്തിനു ഫാസില്‍ നല്‍കിയത് 30,000 രൂപ മാത്രമാണ്. 12,000 രൂപയുടെ ക്യാഷും 18,000 രൂപയുടെ ചെക്കും.
അഞ്ച് ഭാഷകളില്‍ മണിച്ചിത്രത്താഴ് വിജയിച്ചപ്പോള്‍ മധു മുട്ടത്തിനു ആകെ ലഭിച്ചത് 30,000 രൂപ മാത്രം.

പലരും മോഹിച്ച ഒരു കഥ തിരക്കഥ എഴുതി പല പ്രാവശ്യം മാറ്റി എഴുതിക്കൊണ്ടിരിക്കുകയാണ് മധു. ‘ദുലാരി ഹര്‍ഷന്‍’ എന്നു പേരിട്ട ഈ സിനിമ മോഹന്‍ലാല്‍ ആഗ്രഹിച്ചതാണ്. പല പല കാരണങ്ങള്‍കൊണ്ട് സിനിമയായില്ല.

‘ഫാസിലും മധുവും തമ്മില്‍ നല്ല ബന്ധമായിരുന്നല്ലൊ. മണിച്ചിത്രത്താഴിന്റെ പേരില്‍ ബന്ധം തകര്‍ത്തില്ലെ?

‘എന്റെ ഭാഗത്തുനിന്നും യാതൊരു അകല്‍ച്ചയും ഇല്ല. ഫാസിലും അങ്ങനെ തന്നെയെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഈ സംഭവത്തിനുശേഷം എന്നെ സഹകരിപ്പിക്കാറില്ല എന്നതു സത്യമാണ്.’

‘കോടതിയില്‍ പോയത് എന്തിനാണ്?’

‘പണത്തിനു വേണ്ടിയല്ല ഞാന്‍ കോടതിയില്‍ പോയത്, എഴുത്തുകാരന്റെ കോപ്പിറൈറ്റിനുള്ള അവകാശത്തിനുവേണ്ടിയാണ്.’

‘സിനിമാരംഗത്തെ രീതി തന്നെ എല്ലാ അവകാശവും നിര്‍മാതാവിനു എഴുതിക്കൊടുക്കുന്നതല്ലെ?’

‘വാക്കാല്‍ അങ്ങനെ പറഞ്ഞിരുന്നെങ്കിലും എന്റെ കുഞ്ഞിന്റെ അവകാശം പോലും എനിക്കില്ലാതാകുമെന്ന് വിശ്വസിച്ചില്ല. സ്വന്തം കുഞ്ഞ് ഉയരങ്ങളില്‍ എത്തുന്നത് സന്തോഷവും അഭിമാനവുമാണ്. എന്നാല്‍ അച്ഛന്റെ പേരുമാറ്റുന്നത് സങ്കടകരമല്ലെ? ഞാന്‍ പോരാടിയത് എനിക്കുവേണ്ടി മാത്രമല്ല, മുഴുവന്‍ എഴുത്തുകാര്‍ക്കും വേണ്ടിയാണ്.’

‘എന്നിട്ട് എത്ര എഴുത്തുകാര്‍ പിന്തുണച്ചു?’

‘ആരും പിന്തുണച്ചില്ല, സഹായിച്ചില്ല. അവര്‍ക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഈ രംഗത്തു നില്‍ക്കുമ്പോള്‍ മറ്റുള്ളവരെ പിണക്കുന്നതു ശരിയല്ല. അങ്ങനെ ചെയ്താല്‍ ഔട്ടാക്കും.’

‘താങ്കള്‍ക്കതു ബാധകമല്ലെ’

‘ഞാന്‍ സ്ഥിരമായി സിനിമാരംഗത്തു നില്‍ക്കാന്‍ ആഗ്രഹിച്ചവനല്ല, മാത്രമല്ല കഥയുടെ അവകാശം എനിക്കുള്ളതാണ്. അതിന്റെ പേരില്‍ അവസരങ്ങള്‍ ഇല്ലാതായാലും എനിക്ക് വിഷമമില്ല.’

‘കോടതിയില്‍ പോയിട്ട് എന്തു നേട്ടമുണ്ടായി.’

‘അമിതാഭ്ബച്ചന്‍ അഭിനയിച്ച മണിച്ചിത്രത്താഴില്‍ കഥാകാരന്റെ സ്ഥാനത്ത് എന്റെ പേര് വയ്ക്കാന്‍ കോടതി ഉത്തരവിട്ടു. അതു മാത്രമാണ് നേട്ടം. എന്നാല്‍ കോപ്പി റൈറ്റിന്റെ അവകാശം എഴുത്തുകാരന്റെതാണെന്നു വാദിച്ച് സുപ്രിംകോടതി വരെ പോയി. അപ്പോഴാണ് പണമുണ്ടെങ്കിലേ നീതിക്കുവേണ്ടി പോകാനും കഴിയൂ എന്നു മനസിലായത്. ചില സുഹൃത്തുക്കള്‍ കുറച്ചു രൂപ സഹായിച്ചെങ്കിലും കേസുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഒരു ലക്ഷം രൂപയോളം ചെലവായി. സുപ്രിംകോടതിയില്‍ ഒരു ലക്ഷം കൊണ്ടുപോയിട്ടെന്തുകാര്യം! എന്റെ കയ്യില്‍ പണമില്ലാത്തതുകൊണ്ടും ആരും സഹായിക്കാന്‍ തയാറാകാത്തതുകൊണ്ടും ഞാന്‍ കേസുമായി മുന്നോട്ടുപോയില്ല.’

‘ഇപ്പോഴും തനിച്ചാണോ?’

‘ഞാന്‍ എന്നും തനിച്ചാണ്. അക്ഷരങ്ങള്‍ മാത്രമാണ് എനിക്ക് കൂട്ട്. പക്ഷെ എഴുതാന്‍ ഞാന്‍ മടിയനാണ്. ആരെങ്കിലും നിര്‍ബന്ധിച്ച് എഴുതിക്കാന്‍ വന്നാല്‍ എഴുതും അതാണ് രീതി.’

‘ദുലാരിഹര്‍ഷന്‍’

‘മുമ്പേതന്നെ മോഹന്‍ലാല്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച സിനിമ; നടന്നില്ല. പിന്നെ പലരും വന്നു. എല്ലാവര്‍ക്കും ഇഷ്ടമായി. എന്നാല്‍ പ്രോജക്ട് മാത്രം മുന്നോട്ടുപോയില്ല.’

‘ഫാസിലുമായി ഇനി ഒരു പ്രോജക്ട്’

‘ഫാസില്‍ ഇപ്പോള്‍ സിനിമ ചെയ്യുന്നില്ല. സിനിമയില്‍ അവസാന വാക്കില്ല. നല്ല പ്രോജക്ടിനുവേണ്ടി ഞാന്‍ സഹകരിക്കും. അത് മോണിട്ടറി ബെനിഫിറ്റ് നോക്കിയാകില്ല…’

മധുമുട്ടം ഒതുങ്ങിക്കൂടുകയാണ്. നല്ല കഥകള്‍ കൈവശമുള്ള ഒരു എഴുത്തുകാരന്‍ കുടത്തിലെ വിളക്കുപോലെ മറഞ്ഞിരിക്കുന്നതു ശരിയല്ല, അതുകൊണ്ട് മധുവിന്റെ നമ്പര്‍ കൂടി കൊടുക്കുന്നു. 0479-2400733.

Related News