മിഥിലാ മിഥുൻ

 സ്കൂൾ ഓഫ് ഗുഡ് ഷെപ്പേർഡ്, ആക്കുളം, തിരുവനന്തപുരം

March 02, 2020, 7:05 am

മണിക്‌തല ബോംബു കേസ്

Janayugom Online

ഖുദിറാമിന്റെയും പ്രഫുല്‍ ചോക്കിയുടെയും രക്തസാക്ഷിത്വം ബംഗാളിനെ വീണ്ടും ഒരു സമരഭൂമിയാക്കി മാറ്റി. പൊലീസും അര്‍ദ്ധസൈനിക വിഭാഗവും തെരുവുകളില്‍ റോന്തുചുറ്റി. ഖുദിറാമിന്റെയും പ്രഫുല ചോക്കിയുടെയും നാമം ഉച്ചരിക്കുന്നതുപോലും കുറ്റകരമാണെന്ന് വരുത്തിക്കൊണ്ട് പൊലീസ് സര്‍വത്ര നരവേട്ട നടത്തി. ബോംബിനും കൈത്തോക്കുകള്‍ക്കും വേണ്ടി വീടുകളില്‍ തെരച്ചില്‍ നടത്തുന്നതിനിടയില്‍ ഒരു ബോംബു നിര്‍മ്മാണ കേന്ദ്രം പൊലീസുകാര്‍ കണ്ടുപിടിച്ചു. അവിടെയുണ്ടായിരുന്ന നിരവധി പേരെ പൊലീസ് പിടികൂടുകയും ഗൂഢാലോചന കേസ് ചുമത്തുകയുമുണ്ടായി. അവരെ കോടതിയില്‍ ഹാജരാക്കി വിചാരണ നടത്തി. അവരില്‍ ഒരാളെ മാപ്പുസാക്ഷിയാക്കുകയും പൊലീസിനനുകൂലമാംവിധം സാക്ഷി പറയിക്കുകയും ചെയ്തു.

അലിപ്പൂര്‍ ഗൂഢാലോചന കേസ് 

ഈ സംഭവങ്ങള്‍ നടന്നത് മണിക്‌തല എന്ന സ്ഥലത്തുവച്ചായതിനാല്‍ ഇതിനെ മണിക്‌തല ബോംബു കേസ് എന്നറിയപ്പെടുന്നു. കേസില്‍ അരവിന്ദ ഘോഷും അനുജന്‍ ബരിന്‍ ഘോഷും അരവിന്ദന്റെ 16ഉം 18ഉം പ്രായമുള്ള പല ശിഷ്യന്മാരും പ്രതികളായിരുന്നു. തെളിവില്ലെന്ന കാരണത്താല്‍ അരവിന്ദ ഘോഷിനെ കോടതി നിരുപാധികം വിട്ടെങ്കിലും സഹോദരന്‍ ബരീന്‍ ഘോഷും ശിഷ്യവൃന്ദവും സമരാനുകൂലികളും ശിക്ഷിക്കപ്പെട്ടു. ബരീന്‍ ഘോഷിന് ജീവപര്യന്തം നാടുകടത്തല്‍ ശിക്ഷയാണ് ലഭിച്ചത്. കെട്ടിച്ചമച്ച ഇത്തരമൊരു കേസില്‍ മാപ്പുസാക്ഷിയായിരുന്ന നരേന്‍ ഗോസാമിന്‍ എന്ന ചതിയനെ കനൈലാല്‍, സത്യേന്ദ്രപാക്ഷി എന്നീ വിപ്ലവകാരികള്‍ ചേര്‍ന്ന് വെടിവച്ചുകൊന്നു. അവരെ രണ്ടു പേരെയും പിന്നീട് തൂക്കിക്കൊന്നു.

അരവിന്ദ് ഘോഷ്

അരവിന്ദ ഘോഷിന്റെ ജീവിതസരണിയുടെ സുപ്രധാന വഴിത്തിരിവായി മാറുകയായിരുന്നു ഈ സംഭവം. അദ്ദേഹത്തിന് മനംമടുപ്പുണ്ടാക്കി. സഹോദരന്‍ ബരിന്‍ ഘോഷും കുറെ ശിഷ്യ സമൂഹവും കള്ളക്കേസില്‍ കുടുങ്ങി നാടുകടത്തപ്പെടേണ്ടി വന്നതിലുള്ള ദുഃഖമായിരുന്നു ഈ മനംമാറ്റത്തിനു കാരണമായത്. ഒരു വിരക്തനെപോലെ അരവിന്ദന്‍ പ്രസ്ഥാനത്തില്‍ നിന്നെല്ലാം മാറിനിന്നു. രാഷ്ട്രീയം തന്നെ വേണ്ടെന്നുവച്ചു. ഒടുവില്‍ സന്യാസം സ്വീകരിച്ചുകൊണ്ട് ബംഗാള്‍ വിട്ടു. പിന്നീടദ്ദേഹം എത്തിച്ചേര്‍ന്നത് ദക്ഷിണേന്ത്യയിലെ ഫ്ര‍ഞ്ച് അധീന പ്രദേശമായ പോണ്ടിച്ചേരിയില്‍ (പുതുച്ചേരി). അവിടെ കടലോരത്ത് ഒരു ആശ്രമം സ്ഥാപിച്ച് ആത്മീയ കാര്യങ്ങളില്‍ വ്യാപൃതനായി. ഒരു സന്യാസിവര്യനായാണദ്ദേഹം പിന്നീടുള്ള കാലം ജീവിച്ചത്. അരവിന്ദ ഘോഷ് സ്ഥാപിച്ച പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമം ഇന്ന് വിശ്വപ്രസിദ്ധമാണ്.