ഇംഫാൽ: ഇടതു പാർട്ടികളുടെ 12 മണിക്കൂർ സമരത്തിന് നേതൃത്വം കൊടുത്ത കേസിൽ ജാമ്യം നേടി പുറത്തിറങ്ങവെ സിപിഐ മണിപ്പുർ സംസ്ഥാന സെക്രട്ടറി എൽ സോതിൻകുമാറിനെ കോടതി മുറ്റത്തുനിന്ന് പൗരത്വ ഭേദഗതി നിയമ (സിഎഎ) ത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വീണ്ടും അറസ്റ്റുചെയ്തു. ഇക്കഴിഞ്ഞ 19നാണ് സോതിൻകുമാർ ആദ്യം അറസ്റ്റിലായത്. കേസ് പരിഗണിച്ച ഇംഫാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 80,000 രൂപയുടെ ആൾജാമ്യത്തിൽ അദ്ദേഹത്തെ വിട്ടയച്ചു. ജാമ്യം ലഭിച്ച് ശനിയാഴ്ച പുറത്തിറങ്ങിയപ്പോഴാണ് കോടതിമുറ്റത്തുവച്ച് രണ്ടാംതവണ അറസ്റ്റുണ്ടായത്. സോതിൻകുമാറിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഇംഫാലിൽ ശനിയാഴ്ച രാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
സിഎഎ പ്രക്ഷോഭം ശക്തമായ ഇവിടെ സിപിഐ സെക്രട്ടറിയുടെ അറസ്റ്റ് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. 19‑ന് ഇടതുപാർട്ടികൾ നടത്തിയ 12 മണിക്കൂർ സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ സോതിൻകുമാറിന്റെ നേതൃത്വത്തിൽ ഇടതുപാര്‍ട്ടികൾ സമരം ശക്തമാക്കി. തുടർന്നാണ് സോതിനെ അറസ്റ്റുചെയ്തത്. ശനിയാഴ്ച ജാമ്യം നേടി പുറത്തിറങ്ങിയ സോതിൻകുമാറിനെ ഇംഫാൽ വെസ്റ്റ് പൊലീസ് സൂപ്രണ്ട് കെ മേഘചന്ദ്ര, സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കോടതിമുറ്റത്തു നിന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് സിപിഐ സംസ്ഥാന നേതാക്കള്‍ പറഞ്ഞു. ഇതുവരെ അദ്ദേഹത്തെ വിട്ടിട്ടില്ലെന്ന് പാർട്ടി നേതൃത്വം ‘ദി ഹിന്ദു‘വിന് നൽകിയ വിവരണത്തിൽ പറയുന്നു.
പൗരത്വ (ഭേദഗതി) നിയമം 2019 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇംഫാലിലും പരിസരത്തും പ്രതിഷേധങ്ങള്‍ ശക്തമാണ്. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഏതാനും സംഘടനകളുടെ വക്താക്കൾ സിഎഎ വിരുദ്ധ പ്രചാരണത്തെ താഴ്ത്തിക്കെട്ടുന്നത് സംഘർഷങ്ങൾക്ക് വഴിവയ്ക്കുന്നുണ്ടെന്നതാണ് ഇംഫാലിലെ സ്ഥിതി. പുതിയ നിയമം ഒരു വിഭാഗത്തെയും ബാധിക്കില്ലെന്ന് അമിത്ഷാ ഉറപ്പുനൽകിയിട്ടുണ്ടെന്ന് പ്രചരിപ്പിച്ചാണ് പ്രതിഷേധങ്ങൾക്കെതിരെ ഈ വിഭാഗത്തിന്റെ നീക്കം. പ്രതിഷേധ പ്രകടനങ്ങൾ തടയാൻ പൊലീസ് പിക്കറ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ശരിയായ തിരിച്ചറിയൽ രേഖകളില്ലാത്ത ആയിരക്കണക്കിന് ആളുകൾ പുറത്തുനിന്ന് മണിപ്പൂരിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മ്യാൻമർ, അസം, മിസോറാം അതിർത്തി പ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.