Web Desk

ഇംഫാല്‍

June 18, 2020, 10:18 pm

മണിപ്പൂരിൽ ബിജെപി സർക്കാർ പ്രതിസന്ധിയിൽ

അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് നീക്കം
Janayugom Online

നാല് മന്ത്രിമാരും മൂന്ന് ബിജെപി എംഎൽഎമാരും അടക്കം ഒമ്പത് അംഗങ്ങൾ പിന്തുണ പിൻവലിച്ചതിന് പിന്നാലെ മണിപ്പൂരിലെ ബിജെപി സർക്കാർ പ്രതിസന്ധിയിലേക്ക്. ബുധനാഴ്ചയാണ് എൻപിപിയുടെ ഉപമുഖ്യമന്ത്രി വൈ ജോയ് കുമാർ സിങ്, ഗോത്ര വകുപ്പ് മന്ത്രി എൻ കയിഷീ, യുവജന കായിക മന്ത്രി ലെറ്റ്പാവ് ഹാവോകിപ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി എൽ ജയന്ത കുമാർ സിങ് എന്നിവർ മന്ത്രിസ്ഥാനങ്ങൾ രാജിവച്ചത്.

മേഘാലയയിൽ ബിജെപിയുടെ സഖ്യകക്ഷിയായ മുഖ്യമന്ത്രി കൊൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ളതാണ് എൻപിപി. കോൺഗ്രസുമായി ചേർന്ന് സെക്കുലർ പ്രോഗ്രസീവ് ഫ്രണ്ട് എന്ന സഖ്യം രൂപീകരിച്ചുകൊണ്ടാണ് എൻപിപി ബിജെപിയോട് സഖ്യംപിരിഞ്ഞിരിക്കുന്നത്. എസ് സുഭാഷ് ചന്ദ്ര സിങ്, ടി ടി ഹാവോകിപ്, സാമുവൽ ജെൻഡായി എന്നിവരാണ് രാജിവച്ച ബിജെപി അംഗങ്ങൾ. കൂടാതെ തൃണമൂൽ കോൺഗ്രസ് എംഎൽഎ ടി റോബിന്ദ്രോ സിങ്, സ്വതന്ത്ര എംഎൽഎ ഷഹാബുദ്ദീൻ എന്നിവരും ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഇതോടെ 60 അംഗ നിയമസഭയിൽ ബിജെപിയുടെ ഭൂരിപക്ഷം 23 ആയി ചുരുങ്ങി.

ബിജെപി (18), നാഗ പീപ്പിൾസ് ഫ്രണ്ട് (നാല്), എൽജെപി (ഒന്ന്) എന്നിങ്ങനെയാണ് നിലവിൽ ബിജെപിയുടെ അംഗബലം. അതേസമയം കോൺഗ്രസ്-20, എൻപിപി-നാല്, മറ്റുള്ളവർ-അഞ്ച് എന്നിങ്ങനെ 29 എംഎൽഎമാരാണ് ഇപ്പോൾ പ്രതിപക്ഷത്തുള്ളത്. നിയമസഭയിൽ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കുന്നതിനായി സ്പീക്കർ യുംനം ഖേംചന്ദ് സിങ്ങിനെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് ഒക്രാം ഇബോബി സിങ് വ്യക്തമാക്കി.

നേരത്തേ കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്ന ഏഴ് എംഎൽഎമാരെ നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്നും മണിപ്പൂർ ഹൈക്കോടതി വിലക്കിയിരുന്നു. നേരത്തേ രാജിവച്ച് ബിജെപി സർക്കാരിലേക്ക് ചേക്കേറിയ കോൺഗ്രസ് എംഎൽഎയെ സുപ്രീം കോടതി അയോഗ്യനാക്കുകയും ചെയ്തിരുന്നു. ഇതോടെ സംസ്ഥാന നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 59 ആയി. നിലവിലെ സാഹചര്യത്തിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ 27 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമുള്ളത്.

eng­lish sum­ma­ry: manipur bjp govt. in crisis

you may also like this video: