22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 22, 2025
January 10, 2025
December 31, 2024
December 28, 2024
December 23, 2024
December 19, 2024
December 3, 2024
December 3, 2024
November 30, 2024
November 26, 2024

മണിപ്പൂര്‍ സംഘര്‍ഷം; സുരക്ഷാ സേനയ്ക്ക് നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

Janayugom Webdesk
ഇംഫാല്‍
November 16, 2024 5:57 pm

ഒരുവര്‍ഷത്തിലധികമായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂര്‍ വീണ്ടും കത്തിയെരിയുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകള്‍ക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് അടക്കം അഞ്ച് ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ ലാംഫെൽ സനാകീഥേൽ ഏരിയയിലെ വസതി ജനക്കൂട്ടം അടിച്ചുതകര്‍ക്കുകയായിരുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ബിജെപി നിയമസഭാംഗം ആർ കെ ഇമോയുടെ വസതിക്ക് മുന്നിലും വന്‍ പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ മരുമകൻ കൂടിയാണ് ഇമോ. കെയ്‌ഷാംതോങ് നിയോജക മണ്ഡലത്തിലെ സ്വതന്ത്ര എംഎല്‍എ സപം നിഷികാന്ത സിങ്ങിന്റെ വസതിക്കുനേരെയും ആക്രമണമുണ്ടായി. സമാധാനം പുനഃസ്ഥാപിക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ സൈന്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

കഴിഞ്ഞ തിങ്കളാഴ്ച ഏറ്റുമുട്ടലിനിടെ സിആര്‍പിഎഫുകാരുടെ വെടിവയ്പില്‍ 10 കുക്കി-മാര്‍ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം ശക്തമായത്. വെടിവയ്പിന് പിന്നാലെ തട്ടിക്കൊണ്ടുപോയ മെയ്തി വിഭാഗത്തില്‍പ്പെട്ട ആറ് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയതിന് പിന്നാലെ അക്രമ സംഭവങ്ങള്‍ കൂടുതല്‍ രൂക്ഷമായി. മൂന്ന് സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങളാണ് തട്ടിക്കൊണ്ടുപോയ പ്രദേശത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെ ജിരി പുഴയില്‍ നിന്നും കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

സാഹചര്യം പൊട്ടിത്തെറിയിലേക്ക് നീങ്ങിയതിന് പിന്നാലെ മണിപ്പൂരില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാ സേനകളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ഏഴു മുതല്‍ 19 മരണങ്ങള്‍ മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമം വര്‍ധിച്ചതിന് പിന്നാലെ 2,500 ഓളം അധിക അര്‍ധസൈനികരെകൂടി സംസ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 29,000ത്തിലധികം പേര്‍ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകളെ വിന്യസിച്ചിട്ടുണ്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കർഫ്യു തുടരുമെന്ന് അധിക‍ൃതർ അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ വിലക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതിനിടെ ബിഷ്ണുപൂർ ജില്ലയിലെ വന മേഖലയില്‍ സുരക്ഷാസേനയും സായുധസംഘവുമായി ഏറ്റുമുട്ടൽ ഉണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.