9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 2, 2024
December 1, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024
November 19, 2024
November 19, 2024
November 18, 2024
November 18, 2024

അഗ്നിക്കിരയാകുന്ന മണിപ്പൂര്‍; പിന്തുണ നല്‍കുന്ന ഭരണകൂടം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
November 22, 2024 4:30 am

കവി തിരുനല്ലൂർ കരുണാകരൻ ‘മേരി മാഗ്ദലിൻ’ എന്ന കവിതയിൽ
-‘സൂര്യരശ്മികൾ വിശാലം വീഴും
ശൂന്യമാം ശവക്കല്ലറ കാണുവാൻ-‘ എന്നെഴുതുന്നതിനു മുമ്പ് ആമുഖമായി ഈ വിധം കുറിച്ചു: ‘ക്രൂശിക്കപ്പെട്ട യേശുവിന്റെ ശരീരം അരിമാത്യയിലെ ജോസഫ് തന്റെ തോട്ടത്തിലെ കല്ലറയിലേക്ക് മാറ്റി. അത് സംസ്കരിക്കുവാൻ സ്ത്രീകൾ സുഗന്ധ ദ്രവ്യങ്ങളും ലേപന വസ്തുക്കളും ഒരുക്കി ശാബദ് കഴിയുംവരെ കാത്തിരുന്നു. ആഴ്ചയിലെ ആദ്യ ദിവസം അതിരാവിലെ അവർ കല്ലറ സന്ദർശിച്ചു. മേരി മഗ്ദലിൻ ആണ് ആദ്യം എത്തിയത്. വാതിൽക്കല്ല് ഇളകിമാറി കല്ലറ ശൂന്യമായിരിക്കുന്നത് മേരി അമ്പരപ്പോടെ കണ്ടു. അവൾ യേശുവിന്റെ ശിഷ്യന്മാരെ ഈ വിവരം അറിയിച്ചു. മേരി പത്രോസിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടുവന്നു. പത്രോസും യോഹന്നാനും പോയപ്പോൾ അവർ തനിച്ചായി. കല്ലറകൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.’
ഇന്ന് മണിപ്പൂരിലെ ജനത തനിച്ചാണ്. ഇടതുപക്ഷം മാത്രമേ അവർക്ക് സ്നേഹസാന്ത്വനങ്ങളുമായി കൂടെനിൽക്കുവാനുള്ളൂ.
കവിതയിൽ തിരുനല്ലൂർ കുറിച്ചു;
‘പിന്നെയിങ്ങനെ ഗദ്ഗദ കണ്ഠം
കണ്ണുനീരിന്നുറവ പോലോതി
എങ്ങൊളിപ്പിച്ചു നിങ്ങളാ ദേഹം?
ഇങ്ങുനല്‍ക, ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം.’
‘സുരക്ഷാ സേന’ എന്ന് മധുരപ്പേരിട്ടു വിളിക്കപ്പെടുന്നവരും വർഗീയവിദ്വേഷ കലാപത്തിനു നേതൃത്വം നൽകുന്നവരും കൊന്നുതള്ളുന്ന മണിപ്പൂരിലെ സാധുക്കളായ മനുഷ്യരുടെ ഭൗതിക ദേഹങ്ങൾ ലഭ്യമാകുവാൻ ഈ വിധം വിലപിക്കുകയാണ് ബന്ധുജനങ്ങളും മിത്രാദികളും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞുകൂടുന്നവർ പോലും തട്ടിക്കൊണ്ടുപോകലിന് ഇരകളാവുകയും ബലാത്സംഗത്തിനും കൊലകൾക്കും വിധേയരാക്കപ്പെടുകയും ചെയ്യുന്നു. ഏറ്റവുമൊടുവിൽ മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊന്നുതള്ളി. അവർ എവിടെയാണെന്നത് തീർത്തും അജ്ഞാതമായിരുന്നു. ഒടുവിൽ ആ കുട്ടികളുടെയും സ്ത്രീകളുടെയും ഭൗതിക ശരീരം പുഴയിൽ പൊങ്ങി.
എവിടെയാണ് നമ്മുടെ കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങൾ എന്നത് മണിപ്പൂർ കത്തിയമരുകയും വംശീയ കലാപം അരങ്ങേറുകയും ചെയ്തപ്പോൾ മുതൽ മുഴങ്ങിയ ചോദ്യമാണ്. ഇന്നും നിസംഗതയുടെയും നിഷ്ക്രിയത്വത്തിന്റെയും തടവറയിൽ മനഃപൂർവം തപസനുഷ്ഠിക്കുകയാണ് കേന്ദ്ര‑സംസ്ഥാന ബിജെപി ഭരണകൂടങ്ങൾ. 2023 മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട വംശവിദ്വേഷത്തിന്റെയും വെറിയുടെയും കലാപകാലം ഒന്നര വർഷം പിന്നിടുമ്പോഴും രാജ്യത്തിന്റെ പ്രധാനമന്ത്രി രത്നങ്ങളുടെ മണ്ണെന്ന് ഖ്യാതി നേടിയ മണിപ്പൂരിലേക്ക് ഒരുവേള തിരിഞ്ഞുനോക്കാൻ പോലും സന്നദ്ധമായില്ല. വംശ വിദ്വേഷപ്പോരിനെ വിമർശിക്കുവാനും അദ്ദേഹം മനസു കാണിച്ചില്ല. ഇപ്പോൾ കലാപം രൂക്ഷമാകുമ്പോഴും ഉലകംചുറ്റും വാലിബനായ നരേന്ദ്ര മോഡി ലോക രാഷ്ട്രങ്ങൾ സന്ദർശിച്ച് അഭിരമിക്കുകയാണ്.
ഒന്നരവർഷത്തിനിടയിൽ എത്രയെത്ര ക്രൈസ്തവ ദേവാലയങ്ങളും വിദ്യാലയങ്ങളും അഗ്നിക്കിരയാകപ്പെട്ടു. എത്ര ബിഷപ്പുമാരും കന്യാസ്ത്രീകളും കഠോരമായ ആക്രമണത്തിനും പീഡനങ്ങൾക്കും ഇരകളായി? എത്രപേർ കൊലചെയ്യപ്പെട്ടുവെന്നും എത്രായിരങ്ങൾ അഭയാർത്ഥികളായി പലായനം ചെയ്യപ്പെട്ടുവെന്നും എത്രപേർ കാണാതായവരുടെ പട്ടികയിലുണ്ടെന്നുമുള്ള ഔദ്യോഗിക കണക്കുകൾ വാസ്തവവിരുദ്ധമാണെന്ന് നാട്ടുകാരും നിഷ്പക്ഷ മാധ്യമങ്ങളും വെളിപ്പെടുത്തുന്നു. ഇരട്ട മുഖവും ഇരട്ട നാവും സംഘപരിവാര ഫാസിസ്റ്റുകളുടെ മുഖ്യ അജണ്ടയും മുഖമുദ്രയുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വംശീയ കലാപത്തിന്റെ ആദ്യഘട്ടം രൂക്ഷമായതിന് ശേഷം മണിപ്പൂർ സന്ദർശിച്ച് രാഷ്ട്രീയ നാടകാഭ്യാസം നടത്തുകയുണ്ടായി. പിന്നാലെയും അതിനു മുമ്പും സൈന്യത്തിന്റെ കയ്യിലുള്ള ആയുധങ്ങൾ അക്രമകാരികൾ കവർന്നെടുക്കുന്നതാണ് രാജ്യം കണ്ടത്.
ഗുജറാത്തിൽ 2002ൽ വംശഹത്യാ പരീക്ഷണം നടത്തുന്നതിന് നേതൃത്വം നൽകിയ നരേന്ദ്ര മോഡിയുടെ വലംകൈയായിരുന്ന, അന്ന് സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാ, രക്തവിശുദ്ധി മുന്നോട്ടുവച്ച, മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ മുഖ്യശത്രുക്കൾ എന്ന് പ്രഖ്യാപിച്ച ഗോള്‍വാൾക്കർ സിദ്ധാന്തം നടപ്പാക്കുവാനുള്ള അതിതീവ്ര പ്രയത്നത്തിലാണ്. നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും ഫാസിസ്റ്റ് അജണ്ടാ ഭരണകൂടം ഏകമത രാഷ്ട്രവാദമാണ് ഉയർത്തുന്നത്. ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രം, നാളെ ഇന്ത്യയിൽ എവിടെയും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞ നരേന്ദ്ര മോഡിയുടെ ധാർഷ്ട്യമാണ് അമിത്ഷായുടെ ഹിഡൻ അജണ്ടകളിലൂടെ മണിപ്പൂരിന്റെ മണ്ണിൽ അരങ്ങേറ്റപ്പെട്ടുകൊണ്ടിരിക്കുന്നത്.
മതരാഷ്ട്രവാദത്തിന്റെയും ഉന്മൂലന രാഷ്ട്രീയത്തിന്റെയും വക്താക്കളും പ്രയോക്താക്കളുമായ സംഘപരിവാരം, മണിപ്പൂരിലെ വംശഹത്യാ പരീക്ഷണത്തിൽ ആസ്വാദനവും ആഹ്ലാദവും കണ്ടെത്തി അഭിരമിക്കുകയാണ്. ഗോള്‍വാൾക്കർ വിചാര ധാരയിൽ പ്രഖ്യാപിച്ച മൂന്നു മുഖ്യശത്രുക്കളില്‍ ഒന്നാമത്തേതിനെ ആർഎസ് ­­എസ് രൂപീകരണ കാലം മുതൽ വേട്ടയാടാനും ഹത്യകൾക്ക് ഇരകളാക്കുവാനും തുടങ്ങി. മൂന്നാമത്തെ മുഖ്യശത്രുക്കളായ കമ്മ്യൂണിസ്റ്റുകാരെ ദശാബ്ദങ്ങൾക്ക് മുമ്പേ വേട്ടയാടാൻ തുടങ്ങിയിരുന്നു. രണ്ടാമത്തെ മുഖ്യ ശത്രുവായ ക്രൈസ്തവരെയും വേട്ടയാടുന്നത് നാം ഒഡിഷയിൽ കണ്ടു. മധ്യപ്രദേശിൽ അത് ആവർത്തിക്കപ്പെട്ടു. കന്യാസ്ത്രീകളെയും പാതിരിമാരെയും ചുട്ടുകൊല്ലുന്നത് പലയിടത്തും കണ്ടു. മണിപ്പൂർ അതിലും ഭീകരമായ ദുരന്താവസ്ഥയ്ക്ക് വിധേയമാവുകയാണ്.
മണിപ്പൂരിലെ വംശീയ കലാപത്തെ ലോകരാഷ്ട്രങ്ങളിൽ പലതും അപലപിച്ചിട്ടും ‘മതേതര’ ഇന്ത്യയുടെ ഭരണാധികാരികൾ കുംഭകർണനെപ്പോലെ ഉറങ്ങുകയാണ്. വംശീയ കലാപം നിയന്ത്രിക്കാനെന്ന പേരിൽ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംയുക്ത കമാൻഡിന്റെ പ്രവർത്തനം തന്നെ പരിഹാസ്യമായ നിലയിൽ അധഃപതിച്ചു. വേട്ടയാടപ്പെടുന്നവരിൽ മെയ്തി വിഭാഗമെന്നോ കുക്കിവിഭാഗമെന്നോ ഗോത്ര വിഭാഗമെന്നോ ഭേദമില്ല. കേന്ദ്ര സേനകളും സംസ്ഥാന പൊലീസ് സേനയും പക്ഷംപിടിച്ച് കലാപകാരികൾക്കൊപ്പം ചേരുന്നു. തിരഞ്ഞുപിടിച്ച് കൊലചെയ്യുകയും കൂട്ട ബലാത്സംഗത്തിനു വിധേയമാക്കുകയും വനിതകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്യുന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെയും എംഎൽഎമാരുടെയും ഭവനങ്ങൾക്ക് തീയിടുന്ന നിലയിലേക്ക് ജനകീയ രോഷം വളർന്നിരിക്കുന്നു.
വിലകൊടുത്തു വാങ്ങിയ എംഎൽഎമാരുമായി അധികാരത്തിലെത്തിയ ബിജെപി, മണിപ്പൂരിനെ രക്തക്കളമാക്കുകയും ശവപ്പറമ്പാക്കുകയും ചെയ്യുകയാണ്. മുഖ്യമന്ത്രി ബിരേൻ സിങ് ഭൂരിപക്ഷം ബിജെപി എംഎൽഎമാരും രാജി ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ശവങ്ങൾ വീഴുന്നത് കണ്ട് ആസ്വദിക്കുകയാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ അഹന്തയുടെ പാരമ്യത്തിൽ രമിക്കുകയാണ്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ബിജെപിയുടെ 37എംഎൽഎമാരില്‍ 20 പേരും പങ്കെടുക്കാതെ പ്രതിഷേധിച്ചിട്ടും തെല്ലും കുലുക്കമില്ല. കാരണം നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും പിന്തുണ ആവോളം തനിക്കുണ്ടെന്ന് ബീരേൻ സിങ്ങിനു നിശ്ചയമുണ്ട്.
റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ച് ആനന്ദിച്ചവരെപ്പോലെ മണിപ്പൂർ കത്തിയമരുമ്പോൾ പ്രധാനമന്ത്രിയും അനുചരന്മാരും ആനന്ദത്തിമിർപ്പിലാണ്.

TOP NEWS

December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.