19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 15, 2025
April 15, 2024
January 29, 2024
September 4, 2023
September 4, 2023
August 30, 2023
August 25, 2023
August 9, 2023
July 29, 2023

മണിപ്പൂരിലെ സമാധാന ഫോര്‍മുല പരാജയം

Janayugom Webdesk
ഇംഫാല്‍
March 15, 2025 10:26 pm

സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ സൂത്രവാക്യങ്ങള്‍ പരാജയപ്പെട്ട മണിപ്പൂരില്‍ പ്രതിസന്ധി രൂക്ഷം. പ്രത്യേക ഭരണകൂടം വേണമെന്ന ആവശ്യത്തില്‍ കുക്കി സോ സമൂഹം ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ അഭിപ്രായവോട്ടെടുപ്പ് നടത്തണമെന്നും കുക്കികള്‍ ആവശ്യമുന്നയിക്കുന്നു. കേന്ദ്രം ഇതിന് അനുമതി നല്‍കിയാല്‍ രണ്ടാം തവണയായിരിക്കും രാജ്യത്ത് ജനഹിത പരിശോധന നടക്കുക. നാഗാ പരമാധികാരത്തിന് സമ്മര്‍ദം ചെലുത്താനായി എ ഇസഡ് ഫിസോയുടെ നേതൃത്വത്തിലുള്ള നാഗാ നാഷണല്‍ കൗണ്‍സില്‍ (എന്‍എന്‍സി) 1951 മേയ് 16ന് ഹിതപരിശോധന നടത്തിയിരുന്നു. 99.9 ശതമാനം നാഗന്മാരും അന്ന് സ്വതന്ത്രരാജ്യം വേണമെന്ന് വോട്ട് ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. ഹിതപരിശോധനാ നടപടികളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നതിനെ ത്തുടര്‍ന്നായിരുന്നു ഇത്. ഇന്‍ഡോ-നാഗാ സംഘര്‍ഷത്തിന് ഇത് അടിസ്ഥാനമിട്ടു. കുക്കി സോ ജനഹിത പരിശോധന നടത്തിയാല്‍ പ്രത്യേക ഭരണകൂടത്തിനായുള്ള അവരുടെ ആവശ്യത്തിന് നാഗാലാന്‍ഡിലേത് പോലുള്ള അടിസ്ഥാനമാകും. മണിപ്പൂര്‍ സര്‍ക്കാരും മെയ്തി സംഘടനകളും കുക്കികളുടെ ആവശ്യം നിരാകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഉപദേഷ്ടാവ് എ കെ മിശ്രയുമായി അടുത്തിടെ നടത്തിയ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായതോടെയാണ് കുക്കി സോ സമൂഹം ഹിതപരിശോധനയെക്കുറിച്ച് ചിന്തിച്ചത്. ‍മെയ്തി ഭൂരിപക്ഷമായ ഇംഫാല്‍ താഴ്‌വരയ്ക്കും കുക്കി ആധിപത്യമുള്ള മലയോരമേഖലയ്ക്കും ഇടയില്‍ ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കാനുള്ള ശ്രമം സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം ഇരുകൂട്ടരുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. ഗോത്രങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനുള്ള കരാര്‍ ഉണ്ടാകുന്നതുവരെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാനാകില്ലെന്ന് കുക്കികള്‍ പറയുന്നു.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷം ആയുധങ്ങള്‍ അടിയറവയ്ക്കണമെന്ന ആഹ്വാനത്തിനും ഫലമുണ്ടായില്ല. കഴിഞ്ഞാഴ്ച വരെ ഏകദേശം 1,000 ആയുധങ്ങളാണ് തിരിച്ചുനല്‍കിയത്. അതേസമയം 2023 മേയില്‍ വംശീയ കലാപം ആരംഭിച്ച ശേഷം പൊലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും ആയുധപ്പുരകളില്‍ നിന്ന് ഏകദേശം 6,000 അത്യാധുനിക ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടിരുന്നു. സമുദായങ്ങള്‍ക്കിടയിലെ ആഴത്തിലുള്ള ഭിന്നത ലഘൂകരിക്കുന്നതിന് ഭരണനേതൃത്വം ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കുക്കി സംഘടനകളുമായി കേന്ദ്രം കൂടിയാലോചിച്ചില്ല. എതിര്‍പ്പ് അവഗണിച്ച് സുരക്ഷാ അകമ്പടിയോടെയാണ് ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിച്ചത്. ഇതോടെ കാങ്പോക്പി ജില്ലയില്‍ സുരക്ഷാ സേനയും പൊതുജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അങ്ങനെ കേന്ദ്രസര്‍ക്കാര്‍ പദ്ധതി പരാജയമായി. സമാധാനം തിരികെ കൊണ്ടുവരുന്നതിനുള്ള സംസ്ഥാന ഗുഡ്‍വില്‍ മിഷന്‍ രൂപീകരിക്കാനുള്ള നിര്‍ദേശം കേന്ദ്രം കാര്യമായെടുത്തിട്ടില്ല. നിഷ്പക്ഷ സമൂഹങ്ങളായ നാഗാസും പങ്കലുകളും (മെയ്തി മുസ്ലിം) സംയുക്തമായി സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കലാപത്തെ ക്രമസമാധാന പ്രശ്നമായി കണക്കാക്കി, രാഷ്ട്രീയ പരിഹാരം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സുരക്ഷാസേനയെ ഉപയോഗിച്ച് വടക്കുകിഴക്കന്‍ മേഖലയിലെ ഒരു സംഘര്‍ഷവും ഇതുവരെ പരിഹരിക്കാനായിട്ടില്ലെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂണിവേഴ്സിറ്റി അധ്യാപകനായ പ്രൊഫ. സേവ്യര്‍ മാവോ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.