വംശീയ കലാപം തുടരുന്ന മണിപ്പൂര്‍ ഇതുവരെ സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭയിലെ സംസ്ഥാന ബജറ്റവതരണ വേളയിലും ഹാജരായില്ല. ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിച്ചത്. നിര്‍ണായക ബജറ്റ് അവതരണ വേളയില്‍ നിന്നുള്ള മോഡിയുടെ ഒളിച്ചോട്ടത്തെ പ്രതിപക്ഷം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വംശീയ കലാപം അടിച്ചമര്‍ത്താന്‍ പരാജയപ്പെട്ട മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജിവച്ചതോടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സംസ്ഥാന ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. രാജ്യത്തെ ഒരു സംസ്ഥാനത്ത് രണ്ട് വര്‍ഷമായി തുടരുന്ന കൊള്ളയിലും കൊള്ളിവയ്പിലും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമത്തിലും കണ്ണടച്ച പ്രധാനമന്ത്രിയുടെ നടപടി ഭരണഘടനയോടും ജനാധിപത്യമൂല്യങ്ങളോടുമുള്ള അവഹേളനമാണെന്ന് പ്രതിപക്ഷം പറഞ്ഞു. വംശീയ കലാപത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ തെരുവില്‍ നഗ്നരാക്കപ്പെടുകയും ചെയ്ത മനുഷ്യത്വരഹിതമായ സംഭവങ്ങള്‍ അറിഞ്ഞിട്ടും അവിടം സന്ദര്‍ശിക്കാനോ കലാപം അടിച്ചമര്‍ത്താനോ പ്രധാനമന്ത്രി ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയ് ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയശേഷമുള്ള സംസ്ഥാന ബജറ്റവതരണ വേളയില്‍ സഭയില്‍ ഹാജരാകേണ്ട പ്രധാനമന്ത്രി വിട്ടുനിന്നു. 60,000 പേരാണ് കലാപത്തിന്റെ ഫലമായി പലായനം ചെയ്യേണ്ടി വന്നത്. ഇവരെ പുനരധിവസിപ്പിക്കാനോ നഷ്ടപരിഹാരം നല്‍കാനോ ഇതുവരെ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ലെന്നും ഗോഗോയ് പറഞ്ഞു.
കലാപം കത്തിനില്‍ക്കുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് വിസയുടെ ആവശ്യമില്ലെന്ന് ഇന്നര്‍ മണിപ്പൂര്‍ എംപി അന്‍ഗോച്ച ബിമോല്‍ അകോജിം പറഞ്ഞു. ഉക്രെയ‌്നില്‍ പോയി സമാധന ചര്‍ച്ച നടത്തുന്ന മോഡി രാജ്യത്തെ ഒരു സംസ്ഥാനത്ത് 2023 മുതല്‍ നടന്നുവരുന്ന കലാപവും കൊള്ളയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതെല്ലന്നും അകോജിം പ്രതികരിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബജറ്റ് വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടി അനീതിയാണെന്ന് ഔട്ടര്‍ മണിപ്പൂര്‍ എംപി ആല്‍ഫ്രഡ് കംഗം ആര്‍തര്‍ ചൂണ്ടിക്കാട്ടി. 2023 മുതല്‍ തൊഴിലുറപ്പുമായി ബന്ധപ്പെട്ട വേതന വിതരണം സംസ്ഥാനത്ത് നിലച്ചിരിക്കുകയാണ്. കലാപത്തില്‍ തകര്‍ക്കപ്പെട്ട വീടുകള്‍ പുനര്‍നിര്‍മ്മിക്കാനോ നഷ്ടപരിഹാരം വിതരണം ചെയ്യാനോ ഇതുവരെ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്കായിട്ടില്ല. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശങ്ങളാണ് ബജറ്റില്‍ അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച മണിപ്പൂര്‍ ബജറ്റ് ജനവിരുദ്ധമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ വികല നയങ്ങളാണ് മണിപ്പൂരിലെ പ്രശ്നങ്ങള്‍ വഷളാക്കിയതെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.