മണിപ്പൂരിലെ വംശീയ കലാപത്തിൽ പരിക്കേറ്റ എംഎൽഎ വുങ്‌സാഗിൻ വാൽട്ടെ അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമത്തിലുള്ള ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് വാൽട്ടെയ്ക്കെതിരെ ആക്രമണം നടന്നത്.
സോമി ഗോത്രത്തിൽ നിന്നുള്ള വാൽട്ടെ ചികിത്സക്കായി ഡൽഹിയിൽ ഏകദേശം രണ്ട് വർഷത്തോളമാണ് ചെലവഴിച്ചത്. മണിപ്പൂരിലേക്ക് മടങ്ങിയതിനുശേഷവും ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിലെ പരിക്കുകൾ മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം വീൽചെയറിലായിരുന്നു . തലക്ക് സാരമായ പരിക്കേറ്റിരുന്നതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. പരസഹായമില്ലാതെ സാധാരണ ശാരീരിക ചലനങ്ങൾ നടത്താനും കഴിയുമായിരുന്നില്ല. മൂന്ന് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുൻപ് മണിപ്പൂരിലെ ഗോത്രവർഗ്ഗ ക്ഷേമ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

