October 1, 2023 Sunday

Related news

September 26, 2023
September 20, 2023
September 4, 2023
August 10, 2023
August 7, 2023
July 31, 2023
July 28, 2023
July 28, 2023
July 27, 2023
July 27, 2023

മണിപ്പൂര്‍ സംഘർഷം വളര്‍ത്തിയത് ബിജെപിയുടെ വർഗീയ രാഷ്ട്രീയം

രഞ്ജൻ സോളമൻ
June 9, 2023 4:45 am

മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു മാസത്തിലേറെയായി. സംസ്ഥാനത്തെ മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേർ മരിക്കുകയും വസ്തുവകകൾ നശിപ്പിക്കപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 272 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,450 പേരാണ് കഴിയുന്നത്. ഗോത്രവർഗക്കാരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളായതുകൊണ്ട് 40ലേറെ പള്ളികൾ തകര്‍ക്കുകകയോ കത്തിക്കുകയോ ചെയ്തു. കുടിയിറക്കപ്പെട്ട മനുഷ്യര്‍ക്കും ആരാധനാലയങ്ങൾക്കും സംരക്ഷണം നല്കണമെന്ന് സുപ്രീം കോടതിയുടെ ഇടപെടലുമുണ്ടായി. ‘ജനങ്ങളുടെയും സ്വത്തിന്റെയും സംരക്ഷണവും പുനരധിവാസവും സംബന്ധിച്ച ഞങ്ങളുടെ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു മാനുഷിക പ്രശ്നമാണ്. ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടതിൽ അഗാധമായ ഉത്കണ്ഠയുണ്ട്,’ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സംസ്ഥാനത്തിനും കേന്ദ്രത്തിനും മുന്നറിയിപ്പ് നല്കി. പുറമേ ശാന്തമാണെങ്കിലും മണിപ്പൂർ എല്ലായ്പോഴും മറഞ്ഞിരിക്കുന്ന സാമൂഹിക‑രാഷ്ട്രീയ വ്യതിയാനങ്ങൾക്ക് വിധേയമാണ്. മലകളും താഴ്‌വരയും തമ്മിലുള്ള വികസനഅസമത്വത്തിലും അടിസ്ഥാന സൗകര്യങ്ങളിലെ വിവേചനത്തിലുമാണ് ഗോത്രവർഗക്കാരില്‍ വിരോധം വളര്‍ന്നത്. മെയ്തി വിഭാഗത്തില ഭൂരിഭാഗവും സമതലങ്ങളിലാണ് താമസിക്കുന്നത്. അവര്‍ക്കിടയിൽ മുസ്ലിം സമുദായത്തിന്റെയും ഒരുവിഭാഗം നാഗന്മാരുടെയും സാന്നിധ്യം ഉള്ളതു കൊണ്ട് മത‑സാംസ്കാരിക ബഹുസ്വരത ഒരുപരിധിവരെ നിലനില്‍ക്കുന്നു. എങ്കിലും അവരിൽ ഭൂരിപക്ഷവും ഹിന്ദുമതത്തിലേക്കോ ക്രിസ്തുമതത്തിലേക്കോ പരിവർത്തനം ചെയ്യപ്പെട്ടവരല്ല.

1980കളിൽ, മണിപ്പൂരിനെ ‘പ്രക്ഷുബ്ധ’ മേഖലയെന്ന് വേര്‍തിരിക്കുകയും 1958ലെ സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമത്തിന് (അഫ്പ്‍സ) കീഴിൽ കൊണ്ടുവരികയും ചെയ്തു. ആന്തരിക വിഭജനങ്ങളെ അവഗണിച്ച്, തങ്ങളുടെ ബഹുസ്വരസ്വത്വം ഏകീകരിക്കുന്നതിനുപകരം ബാഹ്യ ഭീഷണിയിലാണ് മണിപ്പൂരികൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. കോൺഗ്രസ് എംഎൽഎയായിരുന്ന ആൽഫ്രഡ് കന്നം ആർതർ ആണ് മലയോരത്തിനും താഴ്‌വരയ്ക്കുമുള്ള ബജറ്റ് വിഹിതത്തിലെ അനുപാതക്കുറവിനെക്കുറിച്ചുള്ള വസ്തുതകൾ തുറന്നുകാട്ടിയത്. 2016മുതല്‍ 21 വരെ അനുവദിച്ച 22,000 കോടിയുടെ പ്ലാൻ ഫണ്ടിൽ നിന്ന് ആദിവാസിമേഖലയ്ക്ക് ലഭിച്ചത് 500 കോടിയിൽ താഴെ മാത്രമാണ്. താഴ്‌വരയിൽ നിന്ന് 40 എംഎൽഎമാരും മലയോര മേഖലയെ പ്രതിനിധീകരിക്കുന്ന 20 എംഎൽഎമാരുമാണ് നിയമസഭയിലുള്ളത്. രാഷ്ട്രീയവും സാമ്പത്തികവുമായ ഈ അസമത്വത്തോടൊപ്പം വൻതോതിലുള്ള അഴിമതിയും ആദിവാസി ക്ഷേമത്തിനായി നിയോഗിക്കപ്പെട്ട ഫണ്ട് വകമാറ്റവും സംബന്ധിച്ച ആരോപണങ്ങൾ ഭരണകൂടം നിരാകരിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന്റെയും അഭാവം മൂലം മലമുകളിലെ കുക്കി ജനത വലിയ അസൗകര്യങ്ങൾ നേരിടുകയാണ്. വർധിച്ചുവരുന്ന ദാരിദ്ര്യം അവശ്യവസ്തുക്കൾ വാങ്ങുന്നത് പോലും താങ്ങാനാവാത്ത നിലയിലാക്കുന്നു. മെയ്തികള്‍ക്കാകട്ടെ എന്നും മണിപ്പൂരില്‍ മുൻതൂക്കമുണ്ടായിരുന്നു. എന്നിട്ടും പട്ടികവർഗമായി അംഗീകരിക്കണമെന്ന ഇവരുടെ ആവശ്യം സംശയാസ്പദമാണ്. മലയോര മേഖലകളിൽ ആധിപത്യം നേടാനുള്ള ശ്രമമായാണ് ആദിവാസി സമൂഹം ഈ തന്ത്രത്തെ കാണുന്നത്. പട്ടികവര്‍ഗ പദവിയുള്ളതിനാൽ കുന്നുകളില്‍ സ്വയംഭരണാവകാശമുണ്ട്. ഭരണഘടനയും മറ്റു നിയമങ്ങളും കൊണ്ട് മണിപ്പൂരിലെ മലയോര പ്രദേശങ്ങളില്‍ ആദിവാസി അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. ആദിവാസി ഭൂമികൾ മറ്റുള്ളവർക്ക് കൈമാറുന്നതും നിയമം വിലക്കുന്നു.


ഇതുകൂടി വായിക്കൂ: മണിപ്പൂരില്‍ ഭരണകൂടത്തിന്റെ വംശഹത്യ


ഭൂരിപക്ഷം ക്രിസ്ത്യാനികളായ ഗോത്രവർഗക്കാർക്കെതിരെ, ‘ഹിന്ദുക്കൾ’എന്ന നിലയിൽ മെയ്തികളെ പിന്തുണച്ച് സംസ്ഥാനത്തെ ബിജെപി സർക്കാർ അപകടകരമായ വർഗീയ രാഷ്ട്രീയം കളിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത മതവിഭാഗങ്ങളെയാകെ ബിജെപി തങ്ങളുടെ കൊടിക്കീഴിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണ്. മണിപ്പൂര്‍ താഴ്‌വരയിൽ മതമൗലികവാദം വളരുന്നതിന് കാരണം തന്നെ ഹിന്ദുത്വദേശീയതയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ മതതീവ്രവാദം ന്യൂനപക്ഷ മതവികാരത്തെയും ശക്തിപ്പെടുത്തുന്നു. അറംബൈ തെങ്കോൾ എന്ന സംഘടനയുടെ പേരിലാണ് മെയ്തി യുവാക്കൾ ഇപ്പോൾ സംഘടിച്ചിരിക്കുന്നത്. പള്ളികൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ പ്രാദേശിക സഭാനേതാക്കൾ രംഗത്തെത്തി. ഇംഫാലിലെ വികാരി ജനറല്‍ ഫാദർ വേലിക്കകം പറഞ്ഞത്: “ഞങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നു, പള്ളികൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തി. പലതവണ വിളിച്ചിട്ടും പൊലീസിന്റെ സഹായം കിട്ടിയില്ല. അക്രമികൾ സ്വതന്ത്രരായി വിഹരിച്ചു. അവർ പാസ്റ്ററൽ ട്രെയിനിങ് സെന്റർ തകര്‍ത്തു. പള്ളിക്കുള്ളിൽ തീയിട്ടു” എന്നാണ്. കത്തോലിക്ക പള്ളികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും 20 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. എന്നാല്‍ നഷ്ടപരിഹാരം സംബന്ധിച്ച് സർക്കാർ ഒരു ഉറപ്പും നല്കിയിട്ടില്ല. സംസ്കാരസംരക്ഷണത്തിന്റെ മറവിൽ ക്രിസ്തുമതവിശ്വാസികളെ വംശനാശം വരുത്താനാണ് ആക്രമണങ്ങളെന്ന് വ്യക്തം.
ഫോറം ഓഫ് റിലീജിയസ് ഫോർ ജസ്റ്റിസ് ആന്റ് പീസ്, മണിപ്പൂരിലെ അക്രമങ്ങളിൽ ഞെട്ടലും ഖേദവും പ്രകടിപ്പിച്ചു. ഭരണഘടനാ പദവിയെച്ചൊല്ലി രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം-ജോലി, വിദ്യാഭ്യാസം എന്നിവയില്‍ സംവരണമുള്ള ഗോത്രങ്ങൾ‑ക്രിസ്ത്യൻ വിരുദ്ധമായി മാറുന്നത് എങ്ങനെയെന്ന് അവർ ആശ്ചര്യപ്പെട്ടു. ഈ മേഖലയിലെ എല്ലാ സമുദായങ്ങളിലെയും കത്തോലിക്കർ ഉൾപ്പെടെയുള്ള ക്രിസ്ത്യാനികൾ‑മെയ്തി, കുക്കി, ഹ്‍മാർസ്, മിസോസ്, ചിൻസ്- മുഴുവന്‍ ഇരകളായിട്ടുണ്ട്. ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായി, ഒളിഞ്ഞിരിക്കുന്ന അജണ്ടകളും പ്രത്യയശാസ്ത്രങ്ങളും മേഖലയിലേക്ക് നുഴഞ്ഞുകയറുന്നത് പലപ്പോഴും സംസ്ഥാനത്തിന്റെയും പ്രദേശത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തെയും മതസൗഹാർദത്തെയും അപകടത്തിലാക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് ലുമോൺ പറഞ്ഞു.

മെയ്തി സമുദായത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ട മണിപ്പൂർ ഹൈക്കോടതിയുടെ തീരുമാനമാണ് അക്രമത്തിന്റെയും ക്രിസ്ത്യൻ പ്രതിരോധത്തിന്റെയും കാതൽ. പട്ടികവർഗക്കാർക്ക് രാഷ്ട്രീയ പ്രാതിനിധ്യത്തോടൊപ്പം വിദ്യാഭ്യാസം, തൊഴിൽ ആനുകൂല്യങ്ങളും ലഭിക്കും. ഇത്തരമൊരു വിധി വംശീയ ഗോത്രവർഗ മേഖലകളിൽ ഭൂമി സ്വന്തമാക്കാനുള്ള അവകാശം അവർക്ക് നല്കുമെന്ന ഭയത്തിൽ നിന്നാണ് തങ്ങളുടെ എതിർപ്പെന്ന് ആർച്ച് ബിഷപ്പ് ലുമോൻ വിശദീകരിച്ചു. ഭൂമി വിതരണവും മെയ്തി സമുദായത്തിന് അനുകൂലമായ രാഷ്ട്രീയ ഇടപെടലുമാണ് മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നത്. മണിപ്പൂർ ഹൈക്കോടതി ഉത്തരവ് വസ്തുതാപരമായി തെറ്റാണെന്നും എസ്‌സി/എസ്‌ടി പട്ടികയിലെ സമുദായങ്ങളെ തരംതിരിക്കുന്നത് സംബന്ധിച്ച് ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2017ൽ ബിജെപി സംസ്ഥാനത്ത് അധികാരമേറ്റതോടെയാണ് മെയ്തി ദേശീയത തലപൊക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാമനവമി ഘോഷയാത്രയിൽ നടന്ന അക്രമങ്ങൾക്ക് കാരണമായ ഹിന്ദുത്വ സംഘടനകളുടെ തന്ത്രങ്ങളും മണിപ്പൂരിലെ സ്വകാര്യസേനകളുടെ ആക്രമണങ്ങളും തമ്മിൽ സാമ്യമുണ്ട്. കുക്കി സമുദായത്തിനും പള്ളികൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇന്ത്യയിൽ മറ്റിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തിന്റെ മാതൃകതന്നെയാണ് പിന്തുടരുന്നത്. മെയ്തി ഗ്രൂപ്പുകള്‍ കുക്കികളുടെ വീടുകളും കടകളും തീയിട്ടാണ് പ്രകോപനം സൃഷ്ടിച്ചത്. ഈ ആക്രമണങ്ങൾക്ക് നേതൃത്വംകൊടുത്ത സംഘടനകൾക്ക് സർക്കാരിന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. കുക്കി കുടുംബങ്ങളുടെ കൃത്യമായ വിലാസം അവർക്ക് എങ്ങനെ ലഭിച്ചുവെന്നത് വലിയ ചോദ്യമായി നില്‍ക്കുന്നു. ആക്രമണത്തിന് മുമ്പ് വിജിലൻസ് ഈ വീടുകൾ ചുവന്ന പെയിന്റ് കൊണ്ട് അടയാളപ്പെടുത്തിയെന്ന റിപ്പോർട്ടുകള്‍ തള്ളിക്കളയാനാകില്ല.


ഇതുകൂടി വായിക്കൂ: മണിപ്പൂർ നല്‍കുന്ന വലിയ പാഠം


ബിജെപി സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയമാണ് വർഗീയ കലാപത്തിന് കാരണമെന്ന് കുക്കികൾ കുറ്റപ്പെടുത്തുന്നു. പൊലീസ് സ്റ്റേഷനുകളിലും ക്യാമ്പുകളിലും കയറി പൊലീസുകാർ നോക്കിനിൽക്കെ ആയുധങ്ങള്‍ പിടിച്ചെടുക്കുന്ന മെയ്തിസേനയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ആക്രമണങ്ങൾക്ക് മാസങ്ങൾക്ക് മുമ്പ് കുക്കികൾ ആസൂത്രിതമായി നിരായുധരാക്കപ്പെട്ടിരുന്നുവെന്നതും ശ്രദ്ധേയമാണ്. കുക്കികൾ പ്രാഥമികമായി ഒരു വേട്ടയാടി ജീവിക്കുന്ന സമൂഹമാണ്, പലരും ലൈസൻസുള്ള ആയുധങ്ങൾ കെെവശം വയ്ക്കുന്നുമുണ്ട്. ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്നാരോപിച്ച് ഭരണകൂടം കുക്കികളുടെ ആയുധങ്ങള്‍ കണ്ടുകെട്ടി അവരെ നിരായുധരാക്കി. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തില്‍ത്തന്നെ കുക്കികളെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ചരിത്രരേഖകൾക്ക് വിരുദ്ധമായി മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് ആദിവാസി സമൂഹങ്ങള്‍, പ്രത്യേകിച്ച് കുക്കികള്‍ എന്ന് മുദ്രകുത്തപ്പെട്ടു. കുക്കി സമൂഹത്തെ ‘മയക്കുമരുന്ന് രാജാക്കന്മാര്‍’ എന്നും മലമുകളില്‍ കഞ്ചാവ് കൃഷിയാണെന്നും ആരോപിക്കുന്നത് സർക്കാർവൃത്തങ്ങള്‍ തന്നെയാണ്. ഗോത്രവർഗ സ്വത്വം, ചരിത്രം, പാരമ്പര്യം, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനായി ഗോത്രവർഗ പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കാൻ മണിപ്പൂർ ട്രൈബൽ ഫോറം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരില്‍ നിന്ന് മോചനത്തിനായി മണിപ്പൂരില്‍ രാഷ്ട്രപതി ഭരണവും അവര്‍ ആവശ്യപ്പെടുന്നു.
(അവലംബം: ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.