19 April 2024, Friday

സമാന്തര അന്വേഷണ സംഘം രൂപീകരിച്ചു മനീഷ് സിസോദിയക്കെതിരെ കേസെടുക്കാന്‍ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2023 11:28 pm

സമാന്തര അന്വേഷണ സംഘം രൂപീകരിച്ചതിനെതിരെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ കേസെടുക്കാന്‍ ലെഫറ്റനന്റ് ഗവര്‍ണര്‍ വിനയ് സക്സേന സിബിഐക്ക് അനുമതി നല്‍കി. സിസോദിയയെ കൂടാതെ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള ആറുപേര്‍ക്കെതിരെ കേസെടുക്കാനും അനുമതിയുണ്ട്. 2015ല്‍ അധികാത്തിലെത്തിയതിനു ശേഷം ആംആദ്മി പാര്‍ട്ടി രാഷ്ട്രീയ കാര്യങ്ങളില്‍ അന്വേഷണം നടത്തുന്നതിനു വേണ്ടി വിജിലന്‍സ് വകുപ്പിനു കീഴില്‍ ഫീഡ്ബാക്ക് യൂണിറ്റ് രൂപീകരിച്ചതിനെതിരെയാണ് അന്വേഷണം. മനീഷ് സിസോദിയ വിജിലന്‍സ് മേധാവിയായിരിക്കെയാണ് എഎപി സര്‍ക്കാ‌ര്‍ രഹസ്യ ഫീഡ്ബാക്ക് യൂണിറ്റ് സ്ഥാപിക്കുന്നത്. സെപ്റ്റംബറില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. 2016 ഫെബ്രുവരി ഒന്നു മുതല്‍ സംഘം പ്രവര്‍ത്തനം തുടങ്ങി.

വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അന്വേഷിച്ച സംഘം മുഖ്യമന്ത്രിക്ക് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒരു കോടി രൂപ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചു. രഹസ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ കൈമാറി. ഇതുവഴി 36 ലക്ഷത്തോളം രൂപ ഖജനാവില്‍നിന്ന് നഷ്ടമായി. മറ്റ് ഏജന്‍സികളുടെ അധികാരങ്ങളെ മറികടന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ നിയമം ലംഘിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് സിബിഐ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

എട്ട് മാസത്തിനിടെ 700 കേസുകളില്‍ അന്വേഷണം നടത്തിയതില്‍ 60 ശതമാനവും രാഷ്ട്രീയ താല്പര്യത്തോടെയുള്ള കേസുകളായിരുന്നുവെന്നും കണ്ടെത്തി. സിആര്‍പിഎഫ് മുന്‍ ഡിഐജി, ഐബി മു‍ന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, വിരമിച്ച ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അടക്കം 17 പേര്‍ സംഘത്തിലുണ്ടായിരുന്നു. ഡല്‍ഹി പൊലീസ് വിജിലന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി രണ്ട് കേസുകളെടുക്കാന്‍ കഴിഞ്ഞ മാസം 12നാണ് സിബിഐ ലെഫ്റ്റനന്റ് ഗവര്‍ണറോട് അനുമതി തേടിയത്. തുടര്‍ന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശം തേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.