14 October 2024, Monday
KSFE Galaxy Chits Banner 2

മണിയൂർ ഇ ബാലൻ മാസ്റ്ററുടേത് ഗ്രാമീണ സ്നേഹവും ലാളിത്യമാർന്ന സംസ്ക്കാരവും നിറഞ്ഞു നിൽക്കുന്ന രചനകൾ: പി കെ ഗോപി

കോഴിക്കോട് ബ്യൂറോ
പയ്യോളി
May 10, 2022 5:18 pm

ഗ്രാമീണ സ്നേഹവും നാടൻ ജീവിതവും ലാളിത്യമാർന്ന സംസ്ക്കാരവും നിറഞ്ഞു നിൽക്കുന്നതാണ് മണിയൂർ ഇ ബാലൻ മാസ്റ്ററുടെ കൃതികളെന്ന് പ്രശസ്ത കവിയും യുവകലാസാഹിതി മുൻ സംസ്ഥാനാധ്യക്ഷനുമായ പി കെ ഗോപി പറഞ്ഞു. അക്ഷരവും കർമ്മവും പിഴച്ചാൽ തന്റെ അധ്യാപനത്തിന്റെ സമുന്നത സംസ്കൃതിക്ക് കോട്ടം തട്ടുമെന്ന് അദ്ദേഹം വിശ്വസിച്ചു. ലാളിത്യമാർന്ന ഭാഷയിലൂടെ സ്വാതന്ത്ര്യ ദാഹത്തിലേക്ക് മനുഷ്യനെ നയിക്കാൻ ബാലൻ മാസ്റ്ററുടെ രചനകൾക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത എഴുത്തുകാരനും അധ്യാപകനും ദീർഘകാലം യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന മണിയൂർ ഇ ബാലന്റെ സ്മരണയ്ക്കായി യുവകലാസാഹിതി — മണിയൂർ ഇ ബാലൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം നവാഗത നോവലിസ്റ്റ് ജയപ്രകാശ് പാനൂരിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസ്റ്റർ മുറുകെ പിടിച്ച ധർമ്മത്ത സാക്ഷാത്ക്കരിക്കുന്നതാണ് അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്ക്കാരമെന്നും പി കെ ഗോപി പറഞ്ഞു. മഹാഭാരതം ഇതിഹാസത്തിന്റെ പശ്ചാത്തലത്തിലെഴുതിയ യുയുത്സു എന്ന നോവലാണ് മണിയൂർ ഇ ബാലൻ ഫൗണ്ടേഷന്റെ പ്രഥമപുരസ്കാരത്തിന് അർഹമായത്. 11111 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം.

ചടങ്ങ് ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റും യുവകലാസാഹിതി രക്ഷാധികാരിയുമായ ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. തന്റെ അഭിപ്രായവും കാഴ്ചപ്പാടും നട്ടെല്ല് വളയാതെ ആരുടെ മുന്നിലും അവതരിപ്പിക്കാൻ ചങ്കൂറ്റം കാണിച്ച എഴുത്തുകാരനായിരുന്നു മണിയൂർ ഇ ബാലൻ മാസ്റ്ററെന്ന് ടി വി ബാലൻ പറഞ്ഞു. അധ്യാപകർക്കായി നടത്തിയ കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ നിഷാ ആന്റണിക്ക് നോവലിസ്റ്റ് യു കെ കുമാരന‍് പുരസ്ക്കാരം സമ്മാനിച്ചു. കഥാ രംഗത്ത് തന്റെ പ്രചോദനവും വഴികാട്ടിയുമായിരുന്നു ബാലൻ മാസ്റ്റരെന്ന് യു കെ കുമാരൻ പറഞ്ഞു. അനുസ്മരണ സമിതി ചെയർമാനും പയ്യോളി നഗരസഭാധ്യക്ഷനുമായ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്റെ ലോഗോ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് കുരുവട്ടൂർ പ്രകാശനം ചെയ്തു. ഫൗണ്ടേഷൻ ചെയർപേഴ്സൺ ജാനകി ടീച്ചർ ഏറ്റുവാങ്ങി. കവി സോമൻ കടലൂർ അനുസ്മരണ പ്രഭാഷണം നടത്തി.

മഹാഭാരതത്തിലെ അവഗണിക്കപ്പെട്ട കഥാപാത്രമായ യുയുത്സുവിനെ സമകാലീന സാഹചര്യത്തിൽ നോക്കിക്കണ്ട രചനയാണ് ജയപ്രകാശ് പാനൂരിന്റെ യുയുത്സുവെന്ന് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തിക്കൊണ്ട് ജൂറി ചെയർമാൻ എ പി കുഞ്ഞാമു അഭിപ്രായപ്പെട്ടു. ജയപ്രകാശ് പാനൂർ, നിഷ ആന്റണി സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ശശികുമാർ പുറമേരി സ്വാഗതവും അനുസ്മരണ സമിതി കൺവീനർ കെ ശശിധരൻ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.