മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Web Desk
Posted on November 07, 2019, 8:58 am

പാലക്കാട്: മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ അന്വേഷിക്കുന്ന മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ് പി ഫിറോസിനെയാണ് മാറ്റിയത്. പകരം ഡിവൈഎസ് പി പി.ഉല്ലാസിനെ നിയമിച്ചു. രണ്ടാം ദിവസം നടന്ന ഏറ്റുമുട്ടലിന്റെ അന്വേഷണ ചുമതലയാണ് ഫിറോസിനുണ്ടായിരുന്നത്.

ഏറ്റുമുട്ടലിന്റെ രണ്ടാം ദിവസം ഫിറോസിന്റെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നതിനാലാണ് മാറ്റിയത്. ഏറ്റുമുട്ടലിന് സാക്ഷിയായ ഉദ്യോഗസ്ഥൻ തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ല. അന്വേഷണം സുതാര്യമാക്കാനാണ് നടപടിയെന്ന് ക്രൈംബ്രാഞ്ച് അധികൃതർ അറിയിച്ചു.

അതേസമയം യുഎപിഎ ചുമത്തപെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാനായി അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും. ഇവരുടെ ജാമ്യ ഹർജി ഇന്നലെ കോടതി തള്ളിയിരുന്നു. യുഎപിഎ കേസായതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നും പ്രതികള്‍ പുറത്തു പോകുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു.