: കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം മഞ്ഞംപൊതിക്കുന്നില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിച്ചു. ആരുടെയും ശ്രദ്ധയില്‍ പെടാതെ കിടക്കുന്ന, ദൃശ്യ മനോഹരമായ നിരവധി കേന്ദ്രങ്ങള്‍ വടക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച് കാസര്‍കോട് ജില്ലയില്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ടൂറിസം പദ്ധതി വികസിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയും. ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളുടെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. മഞ്ഞുംപൊതിക്കുന്നില്‍ 4.97 കോടി രൂപയുടെ ടൂറിസം പദ്ധതിക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.
മഞ്ഞുംപൊതിക്കുന്നിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിയാണ് വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുന്നത്. സംഗീത ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, അറബിക്കടല്‍ എന്നിവയുടെ ദൂരക്കാഴ്ച കുന്നിന്മുകളില് നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനുള്ള ടെലിസ്കോപ്പ് എന്നിവ മഞ്ഞുംപൊതിക്കുന്നില്‍ സ്ഥാപിക്കും. ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും. രാത്രികാലങ്ങളില്‍ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനാവും വിധം വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതി എന്ന ആശയം സംസ്ഥാനത്ത് ആദ്യമായാണ് നടപ്പിലാക്കുന്നത്. ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്പേഴ്സന് കെ.വി. സുജാത അധ്യക്ഷയായി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഓണ്‍ലൈനിലൂടെ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ ബി. സൗദാമിനി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ആര് ശ്രീദേവി, കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ ഇ.പി. രാജ്മോഹന്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.