മഞ്ചേരി മെഡിക്കല്‍ കോളജിലെ ആളുമാറി ശസ്ത്രക്രിയ; അന്വേഷണത്തിന് ഉത്തരവ്

Web Desk

മലപ്പുറം

Posted on May 22, 2019, 10:16 am

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ആരോപണവിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ സുരേഷ് കുമാറിനെതിരെയാണ് നടപടി.മൂക്കിലെ ദശയുമായി ചികിത്സ തേടി എത്തിയ ഏഴുവയസ്സുകാരന് ഹെര്‍ണിയക്കാണ് ശസ്ത്രക്രിയ നടത്തിയത്.

കരുവാരക്കുണ്ട് സ്വദേശി ഡാനിഷാണ് ഡോക്ടര്‍മാരുടെ അനാസ്ഥക്ക് ഇരയായത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ധനുഷ് എന്ന കുട്ടിയാണെന്ന് കരുതിയാണ് ഡാനിഷിനെ ഡോക്ടര്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഹെര്‍ണിയ ചികിത്സയ്ക്ക് ധനുഷിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. എന്നാല്‍ പിഴവിന് കാരണം ചികിത്സക്കെത്തിയ കുട്ടികളുടെ പേര് ഒന്നായതിലാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.സംഭവത്തിന് കാരണക്കാരനായ ഡോക്ടറില്‍ നിന്ന് വിശദീകരണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരണം തേടിയിരുന്നു.ഗുരുതരമായ ചികിത്സാ പിഴവിനെതിരെ പ്രതിഷേധം ശക്തമാണ്.