Web Desk

കാസര്‍കോട്

July 27, 2021, 7:52 pm

കവര്‍ച്ചക്കായി വാടകയ്ക്ക് എടുത്ത കാര്‍ പണികൊടുത്തു: ഹൊസങ്കടി രാജധാനി ജ്വല്ലറി കവര്‍ച്ച സംഘത്തെ തിരിച്ചറിഞ്ഞു

Janayugom Online

കവര്‍ച്ചാ പ്ലാനും ഓപ്പറേഷനവും വിജയം. പക്ഷേ വാടകയ്‌ക്കെടുത്ത കാര്‍ പണി തരുമെന്ന് മോഷ്ടാക്കള്‍ അറിഞ്ഞില്ല. മഞ്ചേശ്വരം ഹൊസങ്കടിയില്‍ കഴിഞ്ഞ ദിവസം നടന്ന രാജധാനി ജ്വല്ലറി കേസിലെ പ്രതികളെയാണ് പൊലീസിന് വാടകയ്‌ക്കെടുത്ത കാറിന്റെ സഹായത്തോടെ തിരിച്ചറിയാനായത്. വാടകയ്‌ക്കെടുത്ത കാറിലെ നൂതന സാങ്കേതികോപകരണങ്ങളാണ് കവര്‍ച്ചാസംഘത്തെ ഏളുപ്പത്തില്‍ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍ നിന്നും വാച്ച്മാനെ കെട്ടിയിട്ട് 15 കിലോഗ്രാം വെള്ളി ആഭരണങ്ങളും 4.5 ലക്ഷം രൂപയുമടക്കം 16 ലക്ഷം രൂപയുടെ മോഷണം നടത്തിയ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഗൗസും സംഘവുമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാര്‍ ഉള്ളാള്‍ പൊലീസ് തൊക്കോട് വെച്ച് തടഞ്ഞു നിര്‍ത്തിയെങ്കിലും ഏഴംഗ കവര്‍ച്ചസംഘം പെട്രോളിംഗിലുണ്ടായിരുന്ന നാലു പൊലീസുകാരെയും ആക്രമിച്ച് കാറുപേക്ഷിച്ച് കൈയില്‍ കിട്ടിയ ബാഗുമെടുത്ത് കടന്നുകളയുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും ഒന്നരലക്ഷം രൂപയും ഏഴരകിലോഗ്രാം വെള്ളിയാഭരണങ്ങളും കണ്ടെടുത്തു.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും സുഹൃത്ത് ഇബ്രാഹിമും കര്‍ണാടക സൂറത്കല്ലിലെ റൂബി കാര്‍ റെന്റല്‍ എന്ന സ്ഥാപനത്തിലേയ്ക്ക് കാര്‍ വാടകയ്ക്ക് എടുക്കാനെത്തുന്നത്. ചിക്കമംഗളുരുവിന് സമീപത്തെ മുസ്ലിം തീര്‍ഥാടന കേന്ദ്രമായ ബാബ ബുഡഗിരിയില്‍ പോകാനാണ് വണ്ടിയെന്നാണ് ഇവര്‍ പറഞ്ഞത്. ചെറിയ കാറുകള്‍ മാത്രമാണ് ഇവിടെയുണ്ടായത്. എന്നാല്‍ കുടുംബാംഗങ്ങളും ഒപ്പമുണ്ടെന്നും വലിയ വണ്ടി തന്നെ വേണമെന്നും ഗൗസ് പറഞ്ഞു. ഇതോടെ സ്ഥാപന ഉടമയും വ്യവസായിയുമായ മുഷ്താഖ് തന്റെ സ്വന്തം ഇന്നോവ കാര്‍ ഇവര്‍ക്കായി വിട്ടു നല്‍കി. ഗൗസിനെ മുഷ്താഖിന് മുന്‍പരിചയമുണ്ടായിരുന്നില്ല. മുഷ്താഖിന്റെ സുഹൃത്ത് സുലൈമാനുമായുള്ള പരിചയം മൂലമാണ് കാര്‍ വിട്ടുകൊടുത്തത്. 9.30 ഓടെ ഇവര്‍ കാറുമായി പുറപ്പെട്ടു. എന്നാല്‍ മുഷ്താഖ് കാറില്‍ ഘടിപ്പിച്ചിരുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് കവര്‍ച്ചസംഘത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല. ജിപിഎസ് ട്രാക്കര്‍, കാറിലുള്ളവര്‍ സംസാരിക്കുന്നത് കേള്‍ക്കാനുള്ള സ്പീക്കര്‍, വേഗത നൂറു കിലോമീറ്ററില്‍ കൂടിയാല്‍ അറിയിക്കുന്ന അലാറം എന്നിവയെല്ലാം ഇതിലുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചോടെ ബാബ ബുഡഗിരിയിലേയ്ക്ക് പോകുമെന്നാണ് ഗൗസ് മുസ്താഖിനോട് പറഞ്ഞത്. എന്നാല്‍ രാത്രി 10.30 ആയിട്ടും തന്റെ കാര്‍ കങ്കനാടിയിലെ ഒരു ഹോട്ടലിന് മുന്നില്‍ കിടക്കുന്നത് മുഷ്താഖില്‍ സംശയം ജനിപ്പിച്ചു. കിടക്കാനൊരുങ്ങവെ കാറിന്റെ വേഗത നൂറു കിലോമീറ്ററില്‍ കൂടി എന്ന അലാറം മൊബൈല്‍ ഫോണില്‍ വന്നു. തുടര്‍ന്ന് മുഷ്താഖ് തന്റെ ലാപ്‌ടോപ്പ് തുറന്ന് ജിപിഎസ് ട്രാക്കര്‍ ഓണ്‍ ചെയ്തപ്പോള്‍ വണ്ടി കേരളത്തിലേയ്ക്ക് പോകുന്നതായി മനസിലായി. കാറിനുള്ളിലെ സ്പീക്കര്‍ ഓണ്‍ ചെയ്തപ്പോള്‍ പൂട്ട് തകര്‍ക്കുന്നതിനെക്കുറിച്ചും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുന്നതിനെക്കുറിച്ചുമൊക്കെ കന്നടയും തുളുവും കലര്‍ന്ന ഭാഷയില്‍ സംസാരം. ഇതിനിടെ കനത്ത മഴ കാരണം ജിപിഎസ് ബന്ധം വിച്ഛേദിക്കപ്പെട്ടു. അപകടം മണത്ത മുഷ്താഖ് വിവരം പൊലീസിനെ അറിയിച്ചു. 1.30 മുതല്‍ മൂന്നു വരെ കവര്‍ച്ച സംഘം രാജധാനി ജ്വല്ലറിയിലുണ്ടായിരുന്നു. നാലോടെ ഉള്ളാള്‍ പൊലീസ് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയെങ്കിലും പൊലീസിനെ അക്രമിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. ഗൗസിനും സംഘത്തിനുമെതിരെ പൊലീസ് 353, 380, 457 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

രാജധാനി ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതികള്‍ ഉപേക്ഷിച്ച് പോയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍