28 March 2024, Thursday

Related news

March 4, 2024
November 15, 2023
November 14, 2023
November 10, 2023
October 25, 2023
October 25, 2023
September 21, 2023
September 21, 2023
September 12, 2023
August 5, 2023

മഞ്ചേശ്വരം കോഴക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ സുന്ദര: 47.5 ലക്ഷം ബിജെപി പ്രാദേശിക നേതൃത്വം തട്ടി

Janayugom Webdesk
കാസര്‍കോട്
September 27, 2021 10:31 pm

മഞ്ചേശ്വരം കോഴക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ സുന്ദര. തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചെലവിട്ടുവെന്ന് സുന്ദര വ്യക്തമാക്കുന്നു. അതില്‍ 47.5 ലക്ഷം രൂപ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ പങ്കിട്ടെടുത്തുവെന്നും സുന്ദര പറയുന്നു.

തന്നെ അറിയില്ലെന്ന കെ സുരേന്ദ്രന്റെ വാദം ശരിയല്ല. സ്വര്‍ഗ വാണിനഗറിലെ തന്റെ വീട്ടിലെത്തിയ ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് കെ മണികണ്ഠറൈയുടെ ഫോണില്‍ കെ സുരേന്ദ്രന്‍ തന്നോട് സംസാരിച്ചിരുന്നു. കര്‍ണാടകയില്‍ മദ്യഷോപ്പും നാട്ടില്‍ പുതിയ വീടും നല്‍കാമെന്ന് ഉറപ്പ് നല്‍കി. 2016 ലെ തെരഞ്ഞെടുപ്പില്‍ സുന്ദര മത്സരിച്ചതിനാല്‍ 89 വോട്ടിന് തോറ്റതെന്നാണ് സുരേന്ദ്രന്‍ അപ്പോള്‍ പറഞ്ഞത്. ഇതൊക്കെയായിട്ടും തന്നെ അറിയില്ലെന്ന് പറയുന്നതില്‍ വാസ്തവമില്ല.

മൂന്ന് കാറുകളിലെത്തിയ ബിജെപി നേതാക്കളാണ് പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ജോഡ്ക്കലിലെ പാര്‍ട്ടി ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോയത്. മാര്‍ച്ച് 20ന് തന്നെ രാത്രി താമസിപ്പിച്ചത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ അന്നുരാത്രി മദ്യവും ഭക്ഷണവും പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയെന്നും സുന്ദര പറയുന്നു. മാര്‍ച്ച് 21ന് യുവമോര്‍ച്ചാ മുന്‍ ട്രഷറര്‍ സുനില്‍ നായിക് സുന്ദരക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. സുന്ദരയുടെ വീട്ടില്‍ നിന്നെടുത്ത ഫോട്ടോയായിരുന്നു സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. മാര്‍ച്ച് 22നാണ് സുന്ദര പത്രിക പിന്‍വലിച്ചത്.

 


ഇതുകൂടി വായിക്കൂ: ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിന് ഭഗവാൻ നൽകിയ ശിക്ഷ; വിശ്വഹിന്ദു പരിഷത്ത് യോഗത്തിൽ സുരേന്ദ്രനെ കടന്നാക്രമിച്ച് നടൻ സന്തോഷ്


മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ രണ്ടരലക്ഷം രൂപയും ഒരു സ്മാര്‍ട്ട്‌ഫോണും നല്‍കിയെന്നായിരുന്നു സുന്ദര ആദ്യഘട്ടത്തില്‍ വെളിപ്പെടുത്തിയത്. സുരേന്ദ്രന്‍ പണം തന്നിട്ടില്ലെന്ന് പറയാന്‍ തന്റെ അമ്മയോട് ബിജെപിക്കാര്‍ ആവശ്യപ്പെട്ടെന്നും തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്നും സുന്ദര ആരോപിച്ചിരുന്നു. താന്‍ പണം വാങ്ങി പത്രിക പിന്‍വലിച്ചത് തെറ്റായിപ്പോയെന്നും സുന്ദര പറഞ്ഞിരുന്നു. ഭീഷണിയെത്തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു സുന്ദരയുടെ പ്രതികരണം.

സുന്ദരയുടെ പുതിയ വെളിപ്പെടുത്തല്‍ ബിജെപിക്ക് കേസില്‍ കൂടുതല്‍ കുരുക്കാകും. തെരഞ്ഞെടുപ്പ് സമയത്ത് സുരേന്ദ്രന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കിയിട്ടും ഇതുവരെ നല്‍കിയിട്ടില്ല. സുരേന്ദ്രനെയും മറ്റ് ആറ് ബിജെപി നേതാക്കളെയും പ്രതികളാക്കിയുള്ള കുറ്റപത്രം ഈയാഴ്ച കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കുമെന്നാണ് സൂചന.

 

Eng­lish Sum­ma­ry: Man­jeswaram bribery case: K Sun­dara reveals more

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.