Saturday
16 Feb 2019

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: അബ്ദുര്‍റസാഖിന്റെ മകന്‍ ശഫീഖിനെ കോടതി കക്ഷിചേര്‍ത്തു

By: Web Desk | Monday 10 December 2018 5:35 PM IST

കാസര്‍കോട്: മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തില്‍ നിന്ന് മുസ്‌ലിം ലീഗിലെ പി ബി അബ്ദുര്‍ റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനേ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ റസാഖിന്റെ മരണത്തേ തുടര്‍ന്ന് മകന്‍ ശഫീഖ് റസാഖിനെ കോടതി കക്ഷിചേര്‍ത്തു.

അബ്ദുര്‍റസാഖിന്റെ അഭിഭാഷകന്‍ ശ്രീകുമാര്‍ കഴിഞ്ഞ മൂന്നിന് മകന്‍ ശഫീഖിനെ കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഈ ഹരജിയിലാണ് കോടതി കക്ഷിചേരാന്‍ അനുമതി നല്‍കിയത്. കേസിന്റെ വിചാരണ തിയ്യതി 19ന് കോടതി തീരുമാനിക്കും. എംഎല്‍എ മരിച്ച വിവരം സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ഒക്ടോബര്‍ 26ന് നിര്‍ദ്ദേശിച്ചിരുന്നു. അടുത്തമാസത്തോടെ കേസ് വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് സൂചന. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നത് മണ്ഡലത്തിന്റെ വികസനത്തേ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത പാര്‍ലമെന്റ തിരഞ്ഞെടുപ്പിനൊപ്പം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കം തുടങ്ങിയിട്ടുണ്ട്.
കേസില്‍ 67 പേര്‍ക്ക് സ്പീഡ് പോസ്റ്റിലൂടെ സമന്‍സ് അയക്കാന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് നാലുതവണ സമന്‍സ് അയച്ചിട്ടും സാക്ഷികളാരും ഹാജരായിട്ടില്ല. സാക്ഷികളില്‍ ഭൂരിഭാഗവും വിദേശത്താണ്. ഇവര്‍ക്ക് തിരിച്ചുവരാനുള്ള വിമാനടിക്കറ്റിന്റെ ചാര്‍ജ് ഹർജിക്കാരനായ കെ സുരേന്ദ്രന്‍ കോടതിയില്‍ കെട്ടിവച്ചിട്ടില്ല. ഒക്ടോബര്‍ 26ന് പരിഗണിച്ച കേസില്‍ രണ്ടുദിവസം കൂടി അവസരം വേണമെന്ന വാദിഭാഗത്തിന്റെ അപേക്ഷയെ തുടര്‍ന്ന് ഒക്ടോബര്‍ 31ലേക്ക് മാറ്റിയിരുന്നു. പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ മരിച്ചതിനെ തുടര്‍ന്ന് കേസുമായി മുന്നോട്ട് പോകണമോ എന്ന് കോടതി ആരാഞ്ഞിരുന്നത്. കേസുമായി മുന്നോട്ട് പോകുന്നുവെന്ന് വാദിഭാഗത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ രേഖാമൂലം മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് കേസ് കഴിഞ്ഞ മൂന്നിലേക്ക് മാറ്റിയിരുന്നു. വേഗം വിചാരണ പൂര്‍ത്തിയാക്കി കേസില്‍ ജനുവരിയോടെ വിധിപറയുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തി പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രവാസികളുടെയും പരേതാത്മാക്കളുടെയും കള്ളവോട്ട് ചെയ്താണ് വിജയിച്ചതെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ അഡ്വ.രാംകുമാര്‍ മുഖേനയാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. മണ്ഡലത്തിലെ 291 വോട്ടര്‍മാരേ വിസ്തരിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഇതില്‍ 91 പേരെ നേരത്തേ കോടതി വിസ്തരിച്ചു. ആറ് പരേതാന്മാക്കളുടെ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ചിരുന്നു. ഇതില്‍ ഷിറിയയിലെ മൊയ്തീന്‍ കുഞ്ഞി, ഉപ്പളയിലെ ഹസയ്‌നാര്‍ എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി. ഉപ്പള മുളിഞ്ചയിലെ എ അഹമദ്, പൈവളിഗെയിലെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. ഇതിന്റെ രേഖകള്‍ ബന്ധുക്കള്‍ കോടതിക്ക് കൈമാറിയിരുന്നു. എന്നാല്‍ പ്രവാസികളുടെ കള്ളവോട്ടുകള്‍ ചെയ്തുവെന്ന ഹരജിക്കാരന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇതുവരേ കഴിഞ്ഞിട്ടില്ല. ഏതാനും മാസം മുമ്പ് നടന്ന സിറ്റിങില്‍ മഞ്ചേശ്വരം മണ്ഡലത്തിന്റെ ഒമ്പത് വോട്ടര്‍മാര്‍ക്ക് പോലിസ് സംരക്ഷണത്തോടുകൂടി ആമീന്‍ സമന്‍സ് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസിന്റെ സഹായത്തോടെ കോടതിയിലെ ആമീന്‍ സമന്‍സുമായി മഞ്ചേശ്വരം കാടിയാറിലെ സിദ്ദീഖ്, ബങ്കര മഞ്ചേശ്വരത്തെ മുസ്തഫ, സുലൈമാന്‍, ഇബ്രാഹിം ഖലീല്‍, അബ്ദുല്‍ നിസാം, രാമത്ത് മജലിലെ മുഹമ്മദ് നിയാസ്, സിദ്ദീഖ്, മുസ്തഫ എന്നിവര്‍ക്ക് സമന്‍സ് നല്‍കാന്‍ എത്തിയിരുന്നുവെങ്കിലും ഇവര്‍ സ്ഥലത്തില്ലാത്തതിനാല്‍ സമന്‍സ് കൈപ്പറ്റിയിട്ടില്ല. ഇവര്‍ മഞ്ചേശ്വരം പഞ്ചായത്തിലെ 19, 20 ബൂത്തുകളിലെ വോട്ടര്‍മാരായിരുന്നു.

Related News