പത്മേഷ്‌ കെ വി

മണ്ഡല കാലം മഞ്ചേശ്വരം

March 10, 2021, 10:37 am

വലതിന്റെ തട്ടിപ്പ് രാഷ്ട്രീയം വിട്ട് മഞ്ചേശ്വരം ഇടതിനോടൊപ്പം

Janayugom Online

കേരളത്തിന്റെ വടക്കേ അറ്റത്തെ മണ്ഡലമായ മഞ്ചേശ്വരത്ത്‌ ഇത്തവണ ഇടതു മുന്നണിയുടെ പോരാട്ടം വര്‍ഗീയതയ്ക്കും ജനവഞ്ചനയ്‌ക്കുമെതിരായാണ്‌. ഒരു ഭാഗത്ത്‌ തനി വര്‍ഗീയതയും മറുഭാഗത്ത്‌ പണക്കൊഴുപ്പും തട്ടിപ്പുമാണ്‌. സിറ്റിങ്‌ എംഎല്‍എ എം സി കമറുദീന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌ കേസില്‍ പ്രതിയായി ജയിലിലായതോടെ നാണക്കേടിലായ യുഡിഎഫിന്‌ അദ്ദേഹം ജയില്‍മുക്തനായിട്ടും തലയുയര്‍ത്താനായിട്ടില്ല. ജ്വല്ലറി നിക്ഷേപതട്ടിപ്പ്‌ വീരനായ ഒരു എംഎല്‍എയെ നിയമസഭയില്‍ അയച്ചതിന്റെ ക്ഷീണവും ഇവിടുത്തുകാര്‍ക്ക്‌ ഇത്തവണ മാറ്റണം. അതാണ്‌ മുസ്‌ലിം ലീഗ്‌ അണികള്‍ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം.

മഞ്ചേശ്വരം മണ്ഡലം ഇത്തവണ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന വ്യക്തമായ സൂചന കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രകടമായിരിക്കുകയാണ്‌. വര്‍ഷങ്ങളായി ബിജെപിക്കും മുസ്‌ലിം ലീഗിനും സ്വാധീനമുള്ള അതിര്‍ത്തി മേഖകളില്‍ പോലും തദ്ദേശസ്വംയഭരണ തെരഞ്ഞെടുപ്പില്‍ എൽഡിഎഫിന്‌ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. എംഎല്‍എയുടെ മരണവും തുടര്‍ന്നെത്തിയ എംഎല്‍എയുടെ ജയില്‍വാസവും കാരണം അനാഥമായ മണ്ഡലത്തെ കരുതലോടെ കാത്തത്‌ എല്‍ഡിഎഫ്‌ സര്‍ക്കാരാണ്‌. മലയോര ഹൈവേയില്‍ സംസ്ഥാനത്തെ ആദ്യറീച്ചായ നന്ദാരപദവ്‌ ചേവാര്‍ റോഡും മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം തുറന്നതും ആറുവരി ദേശീയപാത വികസനത്തില്‍ തലപ്പാടി ചെങ്കള റോഡിന്റെ പ്രവൃത്തിക്കായി കരാറായതും വലിയ പദ്ധതികളാണ്‌. ഇതെല്ലാം ഇവിടുത്തെ വോട്ടര്‍മാര്‍ അനുഭവിച്ച്‌ അറിഞ്ഞ കാര്യങ്ങളാണ്‌. അതുകൊണ്ടുതന്നെ ഇത്തവണ ഇടതുമുന്നണിക്കൊപ്പം നില്‍ക്കാനാണ്‌ ഇവിടുത്തുകാരുടെ തീരുമാനം. 2,17,110 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ പകുതിയിലധികവും മുസ്‌ലിം ജനവിഭാഗമെന്നാണ്‌ മുസ്‌ലിംലീഗുകാരുടെ പ്രചരണത്തിലെ തന്ത്രമെങ്കില്‍ പകുതിയുടെ അടുത്ത്‌ വരുന്ന ഹിന്ദുക്കളെ വര്‍ഗീയതയുടെ പേരു പറഞ്ഞ്‌ ബിജെപി യുടെ കൂടെ നിര്‍ത്താനാണ്‌ ശ്രമം. നാടുനീളെ ഇരു മുന്നണികളും വര്‍ഗീയത പ്രചരിപ്പിച്ച്‌ വോട്ട്‌ തേടുമ്പോള്‍ ഇതിനെല്ലാമെതിരെ മണ്ഡലത്തിൽ ഇടത് സർക്കാർ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചാണ്‌ ഇത്തവണ എല്‍ഡിഎഫ്‌ വോട്ടുചോദിക്കുന്നത്‌.

മുസ്‌ലിം ലീഗിലെ ചെര്‍ക്കളം അബ്‌ദുല്ല രണ്ടുപതിറ്റാണ്ടുകാലം എംഎല്‍എയും അതില്‍ അഞ്ചുവര്‍ഷം മന്ത്രിയുമായിരുന്നെങ്കിലും മണ്ഡലം വികസനമെന്തെന്നു അറിയില്ലായിരുന്നു. സംസ്ഥാന പുനര്‍നിര്‍ണയത്തിനുശേഷം ഈ അതിര്‍ത്തി മേഖല പലതരത്തിലുള്ള പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടേയിരുന്നു. എന്നാല്‍ സിപിഐ നേതാക്കളായ രാമപ്പ മാസ്റ്റര്‍ക്കും ഡോ. സുബ്ബറാവുവിനും ശേഷം ഇവിടത്തെ പ്രശ്‌നങ്ങള്‍ സംസ്ഥാനതലത്തില്‍ ഉയര്‍ത്തികൊണ്ടുവരാന്‍ പ്രാപ്‌തിയുള്ള നേതാക്കളില്ലാതായി എന്നതും പ്രധാനവിഷയമായി. എന്നാല്‍ 2006 തൊട്ട്‌ ഈ സ്ഥിതിക്ക്‌ മാറ്റം വന്നിരുന്നു. ഇക്കാലയളവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ സാമുഹിക സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസരംഗത്തും ഈ ഭാഷാസംഗമഭൂമിയായ മഞ്ചേശ്വരത്തുണ്ടായ നേട്ടം അഭിമാനകരമായിരുന്നു. തുളു അക്കാദമി, മാപ്പിള കലാഅക്കാദമി, യക്ഷഗാന കലാഅക്കാദമി, മറൈന്‍ ഇൻസ്റ്റിറ്റ്യൂട്ട്‌, സയന്‍സ്‌ അപ്ലൈഡ്‌ കോളജ്‌, ഗോവിന്ദപൈ സ്‌മാരക ലൈബ്രറി തുടങ്ങിയവ അവയില്‍ ചിലതുമാത്രമാണ്‌. 250 കോടിയോളം രൂപയാണ്‌ മഞ്ചേശ്വരം മണ്ഡലത്തിന്റെ വികസനത്തിനായി എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അന്ന്‌ ചെലവഴിച്ചത്‌. എന്നാല്‍ എൽഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ആരംഭിച്ച മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്‌ ജില്ലയില്‍ നിന്ന്‌ കടത്തികൊണ്ടുപോകുന്നതും എൽഡിഎഫ്‌ തുടങ്ങിവച്ച പദ്ധതികള്‍ അവഗണിക്കുകയും ചെയ്‌ത എംഎൽഎ ആയിരുന്നു പിന്നീട്‌ വന്നത്‌. 1970കളിലും 77ലും സിപിഐയുടെ രാമപ്പ മാസ്റ്ററും 80ലും 82ലും സിപിഐയുടെ ഡോ. സുബ്ബറാവും 2006 ല്‍ സിപിഎമ്മിലെ സി എച്ച്‌ കുഞ്ഞവുമാണ്‌ മഞ്ചേശ്വരം മണ്‌ഡലത്തില്‍നിന്നും നിയമസഭയിലെത്ത്‌.‌ ഈ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ സേവനങ്ങളാണ്‌ ഇതുവരെയും മഞ്ചേശ്വരം മണ്‌ഡലത്തിന്റെ ഉള്ള മേന്മ. ചെറിയ കാലമാണെങ്കിലും ഡോ. സുബ്ബറാവു മന്ത്രിയായിരിക്കുമ്പോള്‍ ചെയ്‌ത വികസനപ്രവര്‍ത്തനങ്ങള്‍ മഞ്ചേശ്വരത്തെ ജനങ്ങള്‍ എക്കാലവും മറക്കില്ല. 1957ല്‍ കര്‍ണാടകസമിതി നേതാവായി എം ഉമേശ്‌ റാവുവിനെ എതിരില്ലാതെ തെരഞ്ഞെടുത്ത്‌. 1960ലും 1960ലും 67ലും കോണ്‍ഗ്രസ്‌ സ്വതന്ത്രനായ കാളിഗെ മഹാബല ഭണ്ഡാരിയാണ്‌ മണ്‌ഡലത്തെ പ്രതിനിധാനം ചെയ്‌തത്‌. തുടര്‍ന്നു 1987 മുതല്‍ 2006 വരെയും മുസ്‌ലിം ലീഗിലെ ചെര്‍ക്കളം അബ്‌ദുള്ളയായിരുന്നു ഈ മണ്‌ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്‌.

2006 ലെ തെരഞ്ഞെടുപ്പില്‍ ലീഗിനെയും യുഡിഎഫിനെയും മനംമടുത്ത ജനങ്ങള്‍ തിരുത്തിയെഴുതി. 2011ലും 2016 ലും ലീഗിലെ പി ബി അബ്‌ദുള്‍ റസാഖ്‌ വിജയിച്ചു. പി ബി അബ്‌ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ എം സി കമറുദീന്‍ ജയിച്ചു. സംസ്ഥാനത്തുതന്നെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇവിടെ ബിജെപിയുടെ ഒരു താമര വിരിയിക്കാമെന്ന സ്വപ്‌നവും എന്നേ അസ്‌തമിച്ചു കഴിഞ്ഞു. ബിജെപിക്ക്‌ എന്നും ഈ മണ്‌ഡലം മരീചികയാണ്‌. എല്‍ഡിഎഫ്‌ ഭരിക്കുന്ന പുത്തിഗെ, പൈവളിഗെ, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളും യുഡിഎഫ്‌ ഭരിക്കുന്ന എൻമകജെ, കുമ്പള, മംഗല്‍പാടി പഞ്ചായത്തുകളും സ്വതന്ത്രർ ഭരിക്കുന്ന മഞ്ചേശ്വരം പഞ്ചായത്തും ഉള്‍പ്പെടുന്നതാണ്‌ മഞ്ചേശ്വരം മണ്‌ഡലം. 2,17,110 വോട്ടര്‍മാരാണു മണ്‌ഡലത്തിലുളളത്‌. ഇതില്‍ 1,08,789 പുരുഷന്മാരും 108321 സ്‌ത്രീകളുമാണ്‌.

ENGLISH SUMMARY: Man­jeswaram leaves pol­i­tics and joins Left

YOU MAY ALSO LIKE THIS VIDEO