Saturday
19 Oct 2019

മണലാരണ്യത്തിലെ കാരുണ്യസ്പര്‍ശം

By: Web Desk | Sunday 17 March 2019 1:58 AM IST


ബെന്‍സി മോഹന്‍

ചില സൗഹൃദങ്ങള്‍ അങ്ങനെയാണ്. ജീവിതം തന്നെ മാറ്റിമറിച്ചെന്നിരിക്കും. ഒരു കാഴ്ച കൊണ്ട്, അല്ലെങ്കില്‍ അല്‍പനേരത്തെ സൗഹൃദഭാഷണം കൊണ്ട് നമ്മുടെ ജീവിതം തന്നെ മാറിമറിയും. ഒരേയൊരു സൗഹൃദത്തില്‍ നിന്ന് അങ്ങനെ മാറിമറിഞ്ഞൊരു ജീവിതഗാഥയാണ് മഞ്ജു മണിക്കുട്ടന്‍ എന്ന പെരുമ്പാവൂരുകാരിയുടേത്.
ഇന്ത്യയില്‍ വനിതകള്‍ക്ക് നല്‍കുന്ന പരമോന്നതബഹുമതിയായ ‘നാരി ശക്തി പുരസ്‌കാര’ത്തിന് ഇത്തവണ അര്‍ഹയായത് ദമാമിലെ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടനാണ്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യക്കാരായ വനിതകള്‍ക്കും വീട്ടുജോലിക്കാരികള്‍ക്കും വേണ്ടി, മരുഭൂമിയില്‍ മാലാഖയെ പോലെ നടത്തിയ ജീവകാരുണ്യ- സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം മഞ്ജുവിനെ തേടിയെത്തിയത്.
എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയായ മഞ്ജു മണിക്കുട്ടന്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനുമായ പദ്മനാഭന്‍ മണിക്കുട്ടന്റെ കൂടെ കഴിയാനായാണ്, അഭിജിത്ത്, അഭിരാമി എന്നീ രണ്ടു മക്കളുമൊത്ത് സൗദി അറേബ്യയില്‍ എത്തുന്നത്. ദമാമിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷ്യനായി ജോലിക്ക് കയറിയ മഞ്ജു, ഒരു സാധാരണ വീട്ടമ്മയായി കഴിയുകയുമായിരുന്നു.

മഞ്ജു രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

അതിനിടയിലാണ് ജീവിതം മാറ്റിമറിച്ച ആ കൂടിക്കാഴ്ചയുണ്ടാകുന്നത്. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയും കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ആയിരുന്ന സഫിയ അജിത്തുമായുള്ള കൂടിക്കാഴ്ചയും സൗഹൃദവും. സഫിയക്കൊപ്പം ദമാം വനിതാ അഭയകേന്ദ്രത്തിലേക്കുള്ള യാത്രകളിലൂടെ, അശരണരായ വനിതകളുടെ ആവലാതികള്‍ കേട്ട് അവരുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ടു കൊണ്ടിരുന്ന സഫിയ അജിത്തിന്റെ വലംകൈയായി മഞ്ജു മാറി. അവിടത്തെ കാഴ്ചകളും അനുഭവസാക്ഷ്യങ്ങളും മഞ്ജുവിലെ വീട്ടമ്മയെ സാമൂഹ്യപ്രവര്‍ത്തകയാക്കി രൂപപ്പെടുത്തുകയായിരുന്നു. ക്യാന്‍സര്‍ രോഗബാധിതയായിരുന്ന സഫിയ അജിത് അപ്രതീക്ഷിതമായി 2016ല്‍ മരണമടഞ്ഞതോടെ, സഫിയക്ക് പൂര്‍ത്തിയാക്കാനാകാതെ പോയ കേസുകളുടെ ചുമതല മഞ്ജു സ്വയം ഏറ്റെടുത്തു.
സ്‌പോണ്‍സര്‍മാരുടെ ചതിക്കുഴികള്‍, നിയമത്തിന്റെ കുരുക്കുകള്‍ ഇവയില്‍പെട്ട് അഭയം നഷ്ടപ്പെട്ട വനിതകള്‍, അവര്‍ക്ക് താങ്ങായി നിന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതലകള്‍ മഞ്ജു നിര്‍വഹിച്ചു. ബ്യൂട്ടിപാര്‍ലറിലെ ജോലിയും വീട്ടുജോലികളും കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമയം മാറ്റി വച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ രക്ഷപ്പെടുത്തി തിരിച്ച് നാട്ടിലേക്കയക്കുന്നതിന്റെ മുന്നോടിയായി രേഖകള്‍ കൈമാറുന്നു

തൊഴിലിടങ്ങളില്‍ പീഡനത്തിനിരയായ, നിയമക്കുരുക്കില്‍ ജീവിതം പാതിവഴിയിലായ ആയിരത്തിലധികം സ്ത്രീകളെ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ അഭയകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലേയ്ക്ക് അയയ്ക്കാന്‍ മഞ്ജുവിന് കഴിഞ്ഞു. നിരന്തരമായ പരിശ്രമത്താലും ആത്മാര്‍ത്ഥമായ സേവനമനോഭാവത്താലും സൗദി അറേബ്യയുടെ പുരുഷകേന്ദ്രീകൃതസമൂഹത്തില്‍ ഒരു സ്ത്രീക്ക് സാമൂഹ്യസേവനരംഗത്ത് നിറഞ്ഞു നില്‍ക്കാന്‍ കഴിയുമെന്ന് മഞ്ജു തെളിയിച്ചു. പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മഞ്ജുവിന്റെ മുന്‍കയ്യില്‍ ദുരിതജീവിതത്തില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് പറന്നിട്ടുണ്ട്.
സ്‌പോണ്‍സര്‍ അഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച ആന്ധ്രാക്കാരി നാഗലക്ഷ്മി, ഉത്തര്‍പ്രദേശ് മഹാരാജ്ഗഞ്ച് സ്വദേശിനി സന്‍സില, മുബൈക്കാരിയായ സയീദ ഷാന്‍, ഹൈദരാബാദ് സ്വദേശിനി സഖ്യ മാരി, ബാംഗ്ലൂര്‍ സ്വദേശിനികളായ ശബാന, സമീന, തെലുങ്കാന ഹൈദരാബാദ് സ്വദേശിനികളായ അഹ്മദി ബീഗം, അസ്മ ബീഗം, വിശാഖപട്ടണത്തെ മങ്കമ്മ, തെലുങ്കാന ചൗനിയിലെ ഹനീഫി, ആന്ധ്ര നെല്ലൂര്‍ സ്വദേശിനി ജെറീന, തിരുവനന്തപുരം സ്വദേശിനികളായ ഹലീമ, ഷഹബാനത്ത്, മഞ്ജു, ഉത്തര്‍പ്രദേശ് സ്വദേശിനി സുമരത്‌നം, ഹൈദരാബാദ് സ്വദേശിനി സോജ, വിജയവാഡ സ്വദേശിനിയായ ജ്യോതി, മുംബൈ സ്വദേശിനി റൈഹാന…. ഇങ്ങനെ മഞ്ജുവിന്റെ കാരുണ്യസ്പര്‍ശത്താല്‍ നാടണഞ്ഞവര്‍ അനവധി.
രക്ഷപ്പെട്ട് പോയവരില്‍ പലരും മണലാരണ്യത്തിന്റെ മോഹവലയത്തിലേക്ക് എത്തി ചതിക്കുഴികളില്‍ പെട്ടവരാണ്. നല്ല ജോലിയും വേതനവും വാഗ്ദാനം ലഭിച്ച് ഇവിടെയെത്തിയവര്‍. ചിലരെങ്കിലും അടുത്ത ബന്ധുക്കളാല്‍ വഞ്ചിതരായവരുമാണ്. മനസില്‍ ഒട്ടേറെ പ്രതീക്ഷകളുമായി മണലാരണ്യത്തിലെത്തി ദുരിത ജീവിതം നയിക്കേണ്ടി വന്നവര്‍. ഓഫീസ് ജോലിക്ക് പകരം വീട്ടുജോലി. അവിടെയാണെങ്കില്‍ വീട്ടുടമകളുടെ ക്രൂരമായ പെരുമാറ്റങ്ങള്‍. ചിലപ്പോഴൊക്കെ പീഡനങ്ങളും. ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെട്ട് അലയുന്ന വേളയില്‍ ആരെങ്കിലും ഇക്കാര്യം മഞ്ജുവിന്റെ ശ്രദ്ധയിലെത്തിക്കുന്നു. പിന്നെ അവരെ രക്ഷപ്പെടുത്തുകയെന്ന ഒറ്റ ദൗത്യമേ മഞ്ജുവിന്റെ മുന്നിലുള്ളൂ. അവിടെ അവര്‍ കുടുംബകാര്യങ്ങള്‍ മാറ്റിവയ്ക്കുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ആവശ്യമായ പണം കണ്ടെത്തി നാട്ടിലേക്കയക്കുന്നതുവരെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം. നടപടികള്‍ വൈകുമ്പോള്‍ ഇരകളെ അഭയകേന്ദ്രത്തിലോ തന്റെ കൂടെത്തന്നെയോ പാര്‍പ്പിക്കും. ഇതിനെല്ലാം ഭര്‍ത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബവും നവയുഗമെന്ന പ്രസ്ഥാനവും മഞ്ജുവിനോടൊപ്പുണ്ട്. ഇവര്‍ക്കുള്ള ടിക്കറ്റുള്‍പ്പെടെ ആവശ്യമായി വരുന്ന പണവും മറ്റും മഞ്ജുവും നവയുഗവും ചേര്‍ന്ന് കണ്ടെത്തുന്നു. മരുഭൂമിയിലെ മഹാമനസ്‌കരായ പലരും അതിന് മഞ്ജുവിനും നവയുഗത്തിനും കൂട്ടായി നില്‍ക്കുന്നു.

മഞ്ജുവിന്റെ കുടുംബം

ഭര്‍ത്താവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പത്മനാഭന്‍ മണിക്കുട്ടന്റെ പ്രോത്സാഹനവും നവയുഗം സാംസ്‌ക്കാരികവേദിയുടെ പൂര്‍ണപിന്തുണയും മഞ്ജുവിന് ജീവകാരുണ്യ രംഗത്ത് മുന്നോട്ടു പോകാന്‍ കരുത്തായി. എംബസി വോളന്റീയര്‍ എന്ന നിലയില്‍ ഇന്ത്യന്‍ എംബസിയുടെ അംഗീകാരവും സൗദി അധികാരികളുടെ പിന്തുണയും നേടിയെടുക്കാന്‍ കഴിഞ്ഞത് മഞ്ജുവിന്റെ ഉത്തവാദിത്തം എളുപ്പമാക്കി.
ഇതൊക്കെയാണെങ്കിലും അവരുടെ വഴികളില്‍ വെല്ലുവിളികളും ഏറെയായിരുന്നു. ഭീഷണികളും നിയമനടപടികളും ഒക്കെ നേരിടേണ്ടി വന്നു. വീട്ടുജോലിക്കാരികളെ രക്ഷിച്ചതിന് സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പോലീസ് കേസുകളും മഞ്ജുവിനെതിരെ ഉണ്ടായി. അപ്പോഴൊക്കെ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെയും ഇന്ത്യന്‍ സമൂഹത്തിന്റെയും എംബസിയുടെയും ഉറച്ച പിന്തുണയോടെ അവയെ മറികടന്ന് മഞ്ജു പുറത്തുവന്ന് ജീവകാരുണ്യപ്രവര്‍ത്തനം തുടര്‍ന്നു.

മഞ്ജു

മഞ്ജുവിന്റെ ഓരോ ദിവസവും ഏറെ തിരക്കുള്ളവയാണ്. ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ വീട്ടുജോലികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി കുട്ടികളെ സ്‌കൂളില്‍ അയച്ചശേഷം ഭര്‍ത്താവുമൊത്ത് ദമ്മാം വനിതാ അഭയകേന്ദ്രത്തിലും ജയിലുകളിലും ലേബര്‍ കോടതികളിലും പോലീസ് സ്‌റ്റേഷനുകളിലുമായി നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കാനായുള്ള നെട്ടോട്ടം. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെ ബ്യൂട്ടിപാര്‍ലറിലെ ജോലി. രാവിലെ മുതല്‍ പുതിയ ദിവസത്തിന്റെ തിരക്കിലേയ്ക്ക്. ആഴ്ചയില്‍ ആകെ അവധി കിട്ടുന്ന ശനിയാഴ്ച പകല്‍ മുഴുവന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം മാറ്റി വെച്ചിരിക്കുന്നു. പലപ്പോഴും വനിതകളെ ജാമ്യത്തില്‍ എടുത്ത് വീട്ടില്‍ കൂടെ താമസിപ്പിച്ചു. ഇതിന്റെ പേരിലും കോടതിയില്‍ കേസ് നടത്തേണ്ടി വരാറുണ്ട്. അപ്പോള്‍ അവരുടെ ചികിത്സ അടക്കമുള്ള കാര്യങ്ങളും നോക്കേണ്ടി വരും. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന നിലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മഞ്ജു മണിക്കുട്ടന്‍, നവയുഗം നടത്തിയ സാമൂഹിക സാംസ്‌കാരികപരിപാടികളില്‍ സംഘാടകയായും കഴിവ് തെളിയിച്ചിട്ടുണ്ട്.
ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ വിവിധ പ്രവാസി സംഘടനകള്‍ നല്‍കിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ മഞ്ജുവിനെ തേടിയെത്തി. ഒടുവില്‍ ഇന്ത്യ ഗവണ്മെന്റിന്റെ ഏറ്റവും വലിയ വനിതാ പുരസ്‌കാരവും തേടിയെത്തുമ്പോള്‍, മഞ്ജുവിന് അത് അര്‍ഹതയ്ക്ക് കിട്ടിയ അംഗീകാരമാകുന്നു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു എല്ലാ വര്‍ഷവും മാര്‍ച്ച് 8ന് കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രാലയമാണ് ‘നാരി ശക്തി പുരസ്‌കാരം’ നല്‍കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ഇന്ത്യന്‍ വനിതകള്‍ക്കാണ് പുരസ്‌കാരം. സര്‍ട്ടിഫിക്കറ്റും ഒരു ലക്ഷം രൂപ ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഡല്‍ഹിയില്‍ മാര്‍ച്ച് 8 ന് രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും മഞ്ജു മണിക്കുട്ടന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിന് മുമ്പ് പല പ്രവാസി സംഘടനകളില്‍ നിന്നും മഞ്ജുവിനെ തേടി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്.
നിസ്വാര്‍ത്ഥമായ ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ പരമോന്നത വനിത ബഹുമതി നേടിയ മഞ്ജു മണിക്കുട്ടനെ നവയുഗം കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. സഫിയ അജിത്തിന് കിട്ടാതെ പോയ പുരസ്‌കാരമാണ് മഞ്ജു മണിക്കുട്ടനിലൂടെ നവയുഗത്തിന് ലഭിക്കുന്നത്. നവയുഗം ജീവകാരുണ്യവിഭാഗം പന്ത്രണ്ടു വര്‍ഷത്തിലേറെയായി ഒറ്റക്കെട്ടായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മഞ്ജുവിന്റെ ഈ നേട്ടത്തെ കാണുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പറഞ്ഞു.

1. മഞ്ജു രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു
2. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ രക്ഷപ്പെടുത്തി തിരിച്ച് നാട്ടിലേക്കയക്കുന്നതിന്റെ മുന്നോടിയായി രേഖകള്‍ കൈമാറുന്നു
3. മഞ്ജു
4. മഞ്ജുവിന്റെ കുടുംബം