Monday
22 Apr 2019

നേര്‍രേഖയുടെ രണ്ടറ്റങ്ങള്‍

By: Web Desk | Sunday 4 November 2018 9:23 AM IST


nerrekhayil paranjal

ജയറാം സ്വാമി

കവിത എന്ന് കള്ളപ്പേരിട്ട് മറ്റുചിലതൊക്കെ എഴുതുന്നവരുണ്ട്. ഇത് എന്റെ ജീവിതമല്ല എന്ന കള്ളം, സത്യത്തോടടുത്ത ആ കള്ളമാണ് അവര്‍ക്ക് എഴുത്തുജീവിതം. മഞ്ജു ഉണ്ണികൃഷ്ണന്റെ ‘നേര്‍രേഖയില്‍ പറഞ്ഞാല്‍’ എന്ന പുസ്തകത്തിലെ കവിതകള്‍ അത്തരത്തില്‍ വളരെ നേര്‍ത്ത ഒരു രേഖ കൊണ്ട് ജീവിതത്തെയും സത്യത്തെയും കള്ളത്തെയും വേര്‍തിരിക്കുന്നു; വായനക്കാരന് തിരിച്ചറിയാനാകാത്ത വിധം. അതാണ് ഈ കവിയുടെ ക്രാഫ്റ്റും കവിതയുടെ ആസ്വാദ്യതയും.
മുറിവേറ്റ പ്രാണനും കൊണ്ട് പറന്നുയരവേ പൊഴിച്ചിടുന്ന തൂവലാണ് മഞ്ജുവിന് കവിത. അതില്‍ പറ്റിയിരിക്കുന്ന ചോരയാണ് അതിന്റെ ആത്മാവ്. നോക്കൂ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എന്ന കവിത.

വെള്ളക്കെട്ടില്‍ നിന്നും
കണ്ടെടുക്കുമ്പോള്‍
അടികൊണ്ട് പതം
വന്നപോലെയായിരുന്നു.
പോസ്റ്റ് മോര്‍ട്ടം ടേബിളില്‍
ചിരിച്ചുകൊണ്ടാണ് കിടന്നത്.
മുഖം ഞെരിഞ്ഞിരുന്നു
സ്‌നേഹത്തിന്റെ തലോടല്‍,
കാരണമായി കാണുന്നുണ്ട്.
അവസാനം പറഞ്ഞ വാക്ക്
തൊണ്ടയില്‍ നിന്ന് കണ്ടെടുത്തു.
കേട്ട പാട്ട് വക്കു പൊട്ടി ചെവിയില്‍,
കുടിച്ച കാപ്പിമധുരം ശിരസ്സിലെത്തി.
(കഴിക്കുമ്പോള്‍
അട്ടഹാസച്ചിരിക്കിതു പതിവാണ്)
പഴയ മണ്ണിന്റെ തരികള്‍
നഖങ്ങള്‍ക്കിടയില്‍.
കവിതയുടെ കുതിരകള്‍
ചവിട്ടിക്കുഴച്ച ഹൃദയം.
കാടുപിടിച്ച ഓര്‍മ്മയില്‍
രോമങ്ങള്‍ കൊഴിഞ്ഞിരുന്നു.
പറന്നുപോവുകയല്ലാതെ
വഴിയില്ലെന്ന ആത്മഹത്യാക്കുറിപ്പ്
മുടിയിലൊളിപ്പിച്ചിരുന്നു.
വിവാദമില്ലാതിരിക്കാന്‍
ഇങ്ങനെ കടലാസിലെഴുതി
”സ്‌നേഹത്തിന്റെ കുഴല്‍ക്കിണറില്‍
വീണതാണ്
ഓര്‍മ്മയുടെ വെള്ളം കുടിച്ചാണ് ചത്തത്.”

കവിതയുടെ കുതിരകള്‍ ചവിട്ടിക്കുഴച്ച ഒരു ഹൃദയത്തില്‍ നിന്നല്ലാതെ ഇത്തരം രചനകള്‍ ഉണ്ടാകില്ല. മരണത്തിന്റെ കുന്നിറങ്ങിപ്പോയ നേരനുഭവത്തിന്റെ ഈയല്‍ അനക്കങ്ങളെ വാക്കിന്റെ ഗരുഡന്‍ പറക്കലുകളാക്കി പരിവര്‍ത്തനം ചെയ്യാനാകും. അങ്ങനെയുള്ളവര്‍ക്കാണ് അവനവന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇങ്ങനെ എഴുതാന്‍ കഴിയുന്നത്. ചിലരങ്ങനെയാണ്, പൊതുവെ പുതു തലമുറയില്‍പ്പെട്ട എഴുത്തുകാരികള്‍, അവര്‍ ജീവിതത്തെ നേരിടുന്നത് വിരുദ്ധോക്തികളിലൂടെയാണ്. നിറംകെട്ടു പോയതിനെ വര്‍ണ്ണ ശബളമായി അവതരിപ്പിക്കുന്നു. കൈവിട്ടു പോയതിനെ ധാരാളമായുണ്ടെന്ന് പ്രകടിപ്പിക്കുന്നു. അതൊരു പുതിയ കാര്യമല്ല എങ്കിലും അതിന് സ്വീകരിക്കുന്ന ഭാഷയും കാവ്യഘടനയുമാണ് ഇവരുടെ മികവ്. കാവ്യപീഠികയില്‍ മുണ്ടശ്ശേരി വിശദമാക്കുന്ന കാവ്യരൂപത്തിന്റെ രണ്ടു വിഭാഗങ്ങളായ ബാഹ്യരൂപത്തിലല്ല, ആന്തരിക രൂപത്തിലാണ് മഞ്ജു ഉണ്ണികൃഷ്ണനെ പോലെയുള്ളവരുടെ ശ്രദ്ധ. അവര്‍ വൃത്തത്തിലല്ല, നേര്‍രേഖയിലാണ് എഴുതുന്നത്.
ജീവിതത്തിന് അകത്തേക്കും പുറത്തേക്കും വേറെവേറെ വഴിയുള്ളവരാണ് ഇത്തരം എഴുത്തുകാര്‍. അനുഭവങ്ങളിലേക്ക് പ്രവേശിക്കുകയും അതിലൂടെ കടന്നുപോവുകയും ചെയ്യുന്ന വഴിയിലൂടെ ആയിരിക്കില്ല അവര്‍ അതിനെ പുനഃസൃഷ്ടിക്കുന്നത്. അത്മാംശത്തെ അതിഭാവുകത്വമാക്കുന്ന പ്രക്രിയയാണത്. ഭാഷയുടെ ലളിത പ്രയോഗങ്ങളിലൂടെ നല്ല എഴുത്തുകാര്‍ അതിഭാവുകത്വത്തെ അതിലളിതമായ മട്ടില്‍ അവതരിപ്പിക്കും. ആ മികവാണ് മഞ്ജു ഓരോ കവിതയിലും പ്രകടിപ്പിക്കുന്നത്.
അപരജീവിതത്തിന്റെ കാന്തി ആസ്വദിക്കുന്നവര്‍ അനവധിയുണ്ട്. ‘വീടാകുന്നത്’ എന്ന കവിതയില്‍ അമ്മവീട്ടിലേക്ക് പോയി ഒരുദിവസം സന്ധ്യയ്ക്ക് തിരക്കെത്തുന്നവളോട് വീട് പരാതികള്‍ പറയുകയാണ്. ”നീ ചൂരലെടുത്ത് ഒരടികൊടുക്കണം.” ആര്‍ക്കാണന്നറിയാമോ. അച്ഛനും മക്കള്‍ക്കും. അവള്‍ വീട്ടിലില്ലായിരുന്ന സമയത്ത്, വഴിയേ പോയ പെണ്ണിനെ എത്തിനോക്കി, എപ്പോവരുമെന്നാര്‍ക്കറിയാം എന്ന് ആരോടോ ഫോണില്‍ പറഞ്ഞു. വീടിന്റെ പരാതികളില്‍ പ്രധാനം ‘എന്നെ നോക്കാത്തതാണ്.’ എന്നെ നോക്കാത്തതിനോ എന്ന അവളുടെ മറുചോദ്യത്തില്‍ ഞാനും വീടും ഒന്നാകുന്നു എന്നാണ് മഞ്ജു എഴുതുന്നത്. തീച്ചൂടുള്ള ഒറ്റത്തുരുത്തില്‍ നിന്നും മനസിനെ ഒരു കുപ്പിയിലടച്ച് എറിഞ്ഞിട്ടുണ്ട്. പ്രണയത്തിന്റെ രാജ്യത്ത് തന്നെ അടുക്കണേ എന്നാണ് പ്രാര്‍ത്ഥിക്കുന്നതും എത്രദൂരം നടന്നിട്ടും താണ്ടാനാകുന്നില്ല നിന്നിലേക്കുള്ള ദൂരങ്ങള്‍. പ്രണയത്തിനും മരണത്തിനുമിടയിലെ വിരസയാത്രകള്‍ ഏതെങ്കിലും ഒരറ്റത്ത് ചെന്നാല്‍ മടക്കമില്ലാത്തതാണെന്ന് ആശങ്കപ്പെടുന്നതും കാവ്യഭാനയിലെ ആ തിരിച്ചറിവില്‍ നിന്നാണ്.
ഇപ്പോഴും കഥകളില്‍ രാജകുമാരനും രാജകുമാരിയും സുഖമായി ജീവിക്കുന്നവരാണല്ലോ. ആ കഥകള്‍ കേട്ട് ഉറങ്ങിയവര്‍ ബാക്കി കഥയിലെ സ്വപ്‌നങ്ങളില്‍ ജീവിക്കും. സ്വര്‍ണ്ണരഥത്തില്‍ എത്തുന്ന രാജകുമാരിയും വെള്ളക്കുതിരയില്‍ എത്തുന്ന രാജകുമാരനും കല്‍പ്പടവില്‍ വെച്ച് ചെറുവിരല്‍ സ്പര്‍ശത്താല്‍ പ്രണയഗോപുരം തീര്‍ക്കും. പക്ഷേ, രാജകുമാരി മുറ്റമടിച്ചും ചായ വെച്ചും വാരസോപ്പുകൊണ്ട് തുണിയലക്കിയും കഴിയുകയാണ്. രാജകുമാരന്‍ എട്ടിന്റെ ബസിന് പണിക്ക് പോയിട്ടുണ്ടാകും. എന്നാലും നമ്മുടെ സ്വപ്‌നത്തില്‍ അവര്‍ ഉലാത്തുകയായിരിക്കും. ഇങ്ങനെയാണ് കവിത കൊണ്ട് മഞ്ജു സ്വന്തമായി തന്നെയും സറ്റയറാല്‍ സ്‌നാനപ്പെടുത്തുന്നത്.

നീ തന്ന സൂര്യകാന്തിപ്പൂവിലെ
എണ്ണ കൊണ്ടാണ്
കടുക് പൊട്ടിക്കുന്നത്.
എന്റെ അടുക്കള രാജ്യത്തെ
പ്രണയാര്‍ദ്രമാക്കാന്‍
ഇതല്ലാതെന്തു വഴി? എന്ന് എഴുതുന്നത് ഇതേ കാരണത്താലാണ്.
ഇതിലൊരു മാജിക്കുണ്ട്. വാക്കുകള്‍ കൊണ്ടുള്ള ആഭിചാരക്രിയയാണത്. നിലവിലുള്ള നിയതമായതിനെ ഒക്കെ മറികടക്കാം എന്ന മനസിന്റെ വിശ്വാസമാണ് മന്ത്രവാദം നല്‍കുന്നത്. അമ്മ, അനുജന്‍, കുടുംബം എന്നിവ കവിതയില്‍ പ്രകടമായിവരുന്ന ഘടകങ്ങളാണ്. അവര്‍ക്കുള്ളതാണ് ഈ കവിത എന്ന മട്ടില്‍ അജ്ഞാതരായവര്‍ക്കു വേണ്ടി എഴുതുന്നു എന്നതാണ് മഞ്ജുവിന്റെ മാന്ത്രികത. കവി മന്ത്രവാദിയാണെന്ന് മാര്‍ക്‌സിസ്റ്റ് സാഹിത്യ ചിന്തകനായ ഏണസ്റ്റ് ഫിഷര്‍ പറഞ്ഞിട്ടുള്ളത് ഈ അര്‍ഥത്തിലാണ്.

പ്രണയം
നിങ്ങളെ സുന്ദരിയാക്കുന്നു
കണ്ണുകള്‍ മിന്നുന്നു
ചുണ്ടുകള്‍ ചുവന്നങ്ങനെ
കൃഷ്ണമണികള്‍
ലോകം ചുറ്റുന്നു
നീ കാണുതെല്ലാം
നദി, നിലാവ്..
‘വേഷപ്പകര്‍ച്ചകള്‍’ എന്ന ഈ കവിത വായിച്ചപ്പോള്‍ ഓര്‍ത്തതാണ്, കവിത കൊണ്ട് എന്ത് പ്രയോജനം ? തോമസ് ലവ് പീകോക്ക് എന്ന സാഹിത്യ വിമര്‍ശകന്‍ തന്റെ ഫോര്‍ ഏജസ് ഓഫ് പൊയെട്രി എന്ന പുസ്തകത്തിലാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ശാസ്ത്രം അത്രമേല്‍ പുരോഗമിച്ചില്ലേ. നിലാവും മഴവില്ലും എന്താണെന്നു ശാസ്ത്രജ്ഞന്മാര്‍ വിശദമാക്കിത്തന്നില്ലേ. പിന്നെ ഇനി എന്തിന് കവിത എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇപ്പോഴെങ്ങുമല്ല, അങ്ങ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ വലിയ ചോദ്യം ഉയര്‍ന്നുവന്നത്. മഞ്ജുവിന്റെ കവിത തന്നെയല്ലേ അതിനുള്ള മറുപടി.