മന്‍മോഹന്‍ സിങിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കുന്നു

Web Desk
Posted on August 26, 2019, 11:52 am

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കുന്നു. അതേ സമയം ഇസഡ് പ്ലസ് സുരക്ഷ തുടരും. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ മൂന്ന് മാസം കൂടി സുരക്ഷ നീട്ടിനല്‍്കാന്‍ തീരുമാനമാനിച്ചിരുന്നു. എന്നാല്‍ ഈ കാലവധി ഇന്നലെ അവസാനിച്ചു. ഇതോടെയാണ് മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കുന്നത്. അതേ സമയം ഇസഡ് പ്ലസ് സുരക്ഷ തുടരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ക്ക് നിലവില്‍ എസ്.പി.ജി.സുരക്ഷ നല്‍കുന്നുണ്ട്. മുന്‍പ്രധാനമന്ത്രിയുടെ സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാങ്കേതികമായി അധികാരമുണ്ടെങ്കിലും മുന്‍ സര്‍ക്കാരുകള്‍ സുരക്ഷ തുടര്‍ന്നിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിക്ക് മരണം വരെ എസ് പി ജി സുരക്ഷ നല്‍കിയിരുന്നു. അതേസമയം എച്ച് ദേവഗൗഡയുടെ സുരക്ഷ പിന്‍വലിച്ചിരുന്നു.
ഭീഷണികളുടെ അടിസ്ഥാനത്തിലാണ് മുന്‍പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എസ്പിജി സുരക്ഷ നല്‍കുന്നത്. മന്‍മോഹന്‍സിങിന്റെ മക്കളും വാജ്‌പേയിയുടെ വളര്‍ത്തുമകളും എസ്പിജി സുരക്ഷ നേരത്തെ വേണ്ടെന്ന് വെച്ചിരുന്നു.