മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്തും, പൂജയും നാളെ നടക്കും. പതിനായിരങ്ങൾ ദർശനത്തിന്എത്തും . മണ്ണാറശ്ശാല അമ്മയായി സാവിത്രി അന്തർജനം അവരോധിതയായ ശേഷം ആദ്യമായി നടക്കുന്ന തുലാമാസത്തിലെ ആയില്യം എഴുന്നള്ളത്തെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 4ന് നട തുറക്കും, അഭിഷേകങ്ങൾ പൂർത്തിയായാൽ പുലർച്ചെ 6 മണിയോടെ കുടുംബകാരണവർ ആയില്യം നാളിലെ പൂജകൾ ആരംഭിക്കും. വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്.
9 മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം അമ്മ ഭക്തജനങ്ങൾക്ക് ദർശനം നൽകും. രാവിലെ 10 മുതൽ മണ്ണാറശാല യു.പി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട്. ഉച്ചപൂജയ്ക്കശേഷം കുടുംബകാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂർത്തിയാകുന്നതോടെ അമ്മ തീർത്ഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്ക് ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ അമ്മയുടെ കാർമ്മികത്വത്തിൽ ആയില്യം പൂജ ആരംഭിക്കും. നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പടെയുള്ള ആയില്യം പൂജകൾ പൂർത്തിയാകുമ്പോൾ അർദ്ധരാത്രിയാകും. ആയില്യം പൂജകൾക്ക് ശേഷം അമ്മയുടെ അനുമതിവാങ്ങി കുടുംബകാരണവർ നടത്തുന്ന തട്ടിന്മേൽ നൂറുംപാലും പ്രധാനമാണ്. ഇതിന് ശേഷം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങൾ പൂർത്തിയാകും.
മണ്ണാറശ്ശാലയിൽ ഇന്ന് പതിനായിരങ്ങൾ പൂയം തൊഴുതു. നാഗരാജാവിന്റെയും സർപ്പയക്ഷിയമ്മയുടെയും നടകളിൽ ചതുശ്ശത നിവേദ്യത്തോടെ ഇളയകാർണവർ എം.കെ കേശവൻ നമ്പൂതിരി നടത്തിയ ഉച്ചപ്പൂജ ദർശിക്കാൻ രാവിലെ മുതൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായിരുന്നു. സർപ്പയക്ഷിയമ്മയ്ക്കും നാഗരാജാവിനും തിരുവാഭരണം ചാർത്തിയാണ് പൂയംനാളിൽ ഉച്ചപൂജ നടന്നത്. വൈകിട്ട് അമ്മ ഭക്തജനങ്ങൾക്ക് ദർശനം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.