വയോധികയുടെ മരണം അന്വേഷിച്ചെത്തിയ പൊലീസ് ഫ്രീസറിൽ നിന്നും കണ്ടെത്തിയത് 11 വർഷം പഴക്കമുള്ള മൃതദേഹം

Web Desk
Posted on November 27, 2019, 12:18 pm

വാഷിങ്ടണ്‍: വയോധികയുടെ മരണം അന്വേഷിച്ച് അപ്പാർട്ട്മെന്റിലെത്തിയ പൊലീസ് ഫ്രീസറിൽ നിന്നും 11 വർഷം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അമേരിക്കയിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന എഴുപത്തഞ്ചുകാരി ജീനി സോറൂണ്‍ മാത്തേഴ്‌സ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് മരിച്ചിരുന്നു. ഇവരുടെ മരണത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസാണ് ഫ്രീസറിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇത് ജീനി സോറൂണിന്റെ ഭർത്താവ് പോള്‍ എഡ്വേര്‍ഡ് മാത്തേഴ്‌സിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

പോളിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ 11 വർഷമായി കാണാനില്ലെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതിനെ തുടർന്നാണ് മൃതദേഹത്തിന് 11 വർഷം പഴക്കുമുണ്ടെന്ന് നിഗമനത്തിൽ പൊലീസ് എത്തിയത്. അതേസമയം പോളിന്റെ മരണത്തിൽ ഭാര്യക്ക് പങ്കുണ്ടോയെന്ന് വ്യക്തമല്ലെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീനിയെ കിടപ്പുമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ചയായി ഇവർ അപ്പാർട്ട്മെന്റിന് പുറത്ത് വരുന്നുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടത്. 2007 ലാണ് പോള്‍-ജീനി ദമ്പതിമാര്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാരംഭിച്ചത്. ജീനിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം പോളിന്റേത് സാധാരണ മരണമാണോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നാണ് സൂചന. എന്നാൽ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നതിനാല്‍ മൃതദേഹത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കുക പ്രയാസകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.