“അച്ഛനും അമ്മയുമില്ല, കേറിക്കിടക്കാന്‍ കൂരയുമില്ല”; മാനുഷയെ വാടക വീട്ടിലേക്കു ക്ഷണിച്ച് ജതീഷും ഭാര്യയും

Web Desk
Posted on August 14, 2019, 7:19 pm

കേരളം ഇപ്പോള്‍ നെഞ്ചേറ്റിയിരിക്കുകയാണ് മാനുഷയെന്ന നാലാം ക്ലാസുകാരിയെ. പതിനൊന്നു വര്‍ഷമായി കുട്ടികളില്ലാതെ വിഷമിച്ചിരിക്കുന്ന ജതീഷും ഭാര്യയും തങ്ങളുടെ വാടകവീട്ടിലേക്കു സ്വാഗതം ചെയ്തിരിക്കുകയാണ് മാനുഷക്കുട്ടിയെ. അമ്മ നേരത്തെ ഉപേക്ഷിച്ചു പോയി, ഇപ്പോള്‍ അച്ഛന്‍ ദുരിതാശ്വാസ ക്യാമ്പില്‍ കുഴഞ്ഞുവീണു മരിച്ചു. ക്യാമ്പ് കഴിഞ്ഞ് എല്ലാവരും സ്വഭവനം തേടി പോയപ്പോള്‍ മാനുഷയും സഹോദരന്മാരും ഒറ്റയ്ക്കായി.

സ്വന്തമായി വീടില്ലാത്തതിനാല്‍ ജതീഷിനും ഭാര്യയ്ക്കും കുട്ടിയെ ദത്തെടുക്കാന്‍ ബുദ്ധിമുട്ടാകും. അതിനാല്‍, ഇവരുടെ നല്ല മനസ്സ് കണ്ട് ജിജു ജേക്കബ് എന്നൊരു വ്യക്തി ഇവര്‍ക്ക് എറണാകുളത്ത് സ്വന്തമായി ഒരു കൊച്ചുവീട് നല്‍കാമെന്ന വാഗ്ദാനം നല്‍കി. ദത്തെടുക്കല്‍ നിയമപ്രകാരം സ്വന്തമായി സ്വത്തുള്ളവര്‍ക്കു മാത്രമേ ദത്തെടുക്കാന്‍ അവകാശമുള്ളു. മാനുഷയെ ജതീഷും ഭാര്യയും കൈവിടില്ലെങ്കില്‍ എറണാകുളം എളങ്കുന്നപ്പുഴയില്‍ അവര്‍ക്ക് സ്വന്തമായി ഒരു ചെറിയ വീട് നല്‍കാമെന്നാണ് ജിജുവിന്റെ വാഗ്ദാനം.

കനത്ത മഴയിലും കാറ്റിലുംപെട്ട് ഇവരുടെ പുറമ്പോക്കിലെ കൂര പറന്ന് പോയതോടെയാണ് രാജുവും മാനുഷയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ദുരിതാശ്വാസ ക്യാംപിലെത്തിയത്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് രാജു ക്യാംപില്‍ കുഴഞ്ഞു വീണ് മരിച്ചു. മണക്കാട് സ്‌കൂളില്‍ നാലാംക്ലാസിലാണ് മാനുഷ പഠിച്ചിരുന്നത്. 22 വര്‍ഷമായി രാജു താമസിച്ചിരുന്ന ഷെഡാണ് മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. മണക്കാട് യു.പി സ്‌കൂളിലെ ക്യാംപ് തിങ്കളാഴ്ച ഉച്ചയോടെ പിരിച്ചുവിട്ടു. രാജുവിന്റെ സംസ്‌കാരത്തിനു ശേഷം എങ്ങോട്ടു പോകണമെന്നറിയാത്ത നിന്നിരുന്ന കുഞ്ഞുങ്ങളെ ജനപ്രതിനിധികളും നാട്ടുകാരും കൂടിയാലോചിച്ച ശേഷം താത്കാലികമായി അടുത്തുള്ള വൃദ്ധസദനത്തില്‍ പാര്‍പ്പിക്കാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.