മനുഷ്യന് ദുഃഖം വന്നുചേര്‍ന്ന കഥ

Web Desk
Posted on June 23, 2019, 7:35 am

സന്തോഷ് പ്രിയന്‍

പണ്ട് ഭൂമിയിലെ മനുഷ്യര്‍ ഓരോ പ്രയാസങ്ങള്‍ അനുഭവിക്കുന്നത് കണ്ട് സ്രഷ്ടാവായ ബ്രഹ്മാവിന് സങ്കടം വന്നു. ‑പാവം ഇവര്‍ എന്തെല്ലാം പ്രയാസങ്ങളും ദുഃഖങ്ങളും അനുഭവിക്കുന്നു. മനുഷ്യര്‍ക്കെല്ലാം സുഖം മാത്രം നല്‍കിയാല്‍ നല്ലതായിരിക്കുമല്ലോ. ബ്രഹ്മാവ് ഇക്കാര്യം മഹാവിഷ്ണുവിനെ കണ്ട് പറഞ്ഞു. ബ്രഹ്മാവ് സൃഷ്ടിയാണെങ്കില്‍ മഹാവിഷ്ണു സ്ഥിതിയുമാണല്ലോ. അദ്ദേഹം അതിനോട് യോജിച്ചു.
ഇനി സംഹാരമൂര്‍ത്തിയായ പരമശിവനോടുകൂടി ആലോചിക്കണം. ബ്രഹ്മാവും വിഷ്ണുവും നേരേ കൈലാസത്തിലെത്തി ശിവനെ കണ്ടു കാര്യം പറഞ്ഞു.
‘നമുക്ക് മനുഷ്യരെയെല്ലാം ദുഖഃമില്ലാത്തവരായി മാറ്റിയാലോ’ ബ്രഹ്മാവ് ചോദിച്ചു.
‘ബ്രഹ്മദേവാ അതു ശരിയാകുമോ. ’
ശിവന് സംശയമായി.
‘നമുക്ക് ഒന്നു നോക്കാം.’ ബ്രഹ്മാവും വിഷ്ണുവും ഒരുമിച്ച് പറഞ്ഞു.
‘ശരി നോക്കാം.’ ശിവന്‍ സമ്മതിച്ചു.
അങ്ങനെ ത്രിമൂര്‍ത്തികളായ ബ്രഹ്മാവും വിഷ്ണവും ശിവനും മനുഷ്യര്‍ക്കെല്ലാം ഇനി മുതല്‍ ദുഃഖം ഇല്ലാതാവട്ടെ എന്ന് അനുഗ്രഹിച്ചു. അന്നു മുതല്‍ ഭൂമിയിലെ ആളുകള്‍ ദുഃഖം എന്തെന്നറിയാതെ സുഖിച്ചുജീവിക്കാന്‍ തുടങ്ങി. എങ്ങും സന്തോഷം മാത്രം. അതു കണ്ട് ത്രിമൂര്‍ത്തികളും സന്തോഷിച്ചു. അപ്പോഴല്ലെ കുഴപ്പം- മനുഷ്യര്‍ അതുവരെ ദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്നതൊക്കെ അവസാനിപ്പിച്ചു. ആര്‍ക്കും ഭക്തിയില്ലാതായി. പൂജാമുറിയില്‍ കയറാതായി. പതുക്കെ അവര്‍ ദൈവത്തെ മറക്കാന്‍ തുടങ്ങി.
ഇതു കണ്ട് ദേവന്മാര്‍ക്ക് ആശങ്കയായി. മനുഷ്യരാരും തങ്ങളെ വിളിച്ച് പ്രാര്‍ഥിക്കുന്നില്ലല്ലോ. ദേവന്മാര്‍ ത്രിമൂര്‍ത്തികളെ കണ്ട് സങ്കടം പറഞ്ഞു. അവര്‍ മൂന്ന് സന്യാസിമാരുടെ വേഷത്തില്‍ ഭൂമിയിലെത്തി മനുഷ്യരോട് ചോദിച്ചു.
‘നിങ്ങളെന്താ ഇപ്പോ ദൈവത്തെ പ്രാര്‍ഥിക്കാത്തത്.?’
അപ്പോള്‍ മനുഷ്യര്‍ പറഞ്ഞു:
‘ഞങ്ങളെന്തിന് പ്രാര്‍ഥിക്കണം. ദുഃഖം വരുമ്പോഴല്ലേ ദൈവത്തെ വിളിക്കേണ്ടൂ. ഞങ്ങള്‍ക്കിപ്പോ പരമ സുഖമല്ലേ.’ ത്രിമൂര്‍ത്തികള്‍ അതു കേട്ട് അവിടെ നിന്നും മടങ്ങിപോയി.
ദേവലോകത്ത് എത്തിയപ്പോള്‍ ശിവന്‍ പറഞ്ഞു.
‘ഞാന്‍ പറഞ്ഞില്ലേ ഇത് ശരിയാവില്ലെന്ന്. ദുഃഖമുണ്ടെങ്കിലേ മനുഷ്യന്‍ ദൈവത്തെ വിളിക്കൂ. അവന്റെ കഷ്ടതകളും മറ്റും അകറ്റാന്‍ അവന്‍ എത്രവേണമെങ്കിലും ഈശ്വരനെ പൂജിക്കും, പ്രാര്‍ഥിക്കും. ഇങ്ങനെ പോയാല്‍ ദേവന്മാരായ നമുക്ക് മനുഷ്യര്‍ക്കിടയില്‍ ഒരു വിലയും ഉണ്ടാവില്ല. അതുകൊണ്ട് ഇപ്പോള്‍ തന്നെ പഴയതുപോലെ മനുഷ്യര്‍ക്ക് ദുഃഖം കൊടുക്കണം.’ ശിവന്‍ പറഞ്ഞതാണ് ശരിയെന്ന് ബ്രഹ്മാവിനും വിഷ്ണുവിനും തോന്നി. അപ്പോള്‍തന്നെ മൂന്നുപേരും മനുഷ്യര്‍ക്ക് സുഖത്തോടൊപ്പം പലതരത്തിലുള്ള ദുഃഖവും ഉണ്ടാവട്ടെയെന്ന് പറഞ്ഞു. അങ്ങനെ മനുഷ്യര്‍ വീണ്ടും ദൈവത്തെ പ്രാര്‍ഥിക്കാനും പൂജിക്കാനും തുടങ്ങി.