29 March 2024, Friday

Related news

March 29, 2024
March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 27, 2024
March 27, 2024
March 27, 2024

ജനപ്രതിനിധികളുടെ കൂറുമാറ്റത്തിന് പേരുകേട്ട് ഗോവ; ഇത്തവണ ആരാധാനായങ്ങളില്‍ പ്രതിജ്‍ഞയെടുപ്പിച്ചും കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
January 23, 2022 3:47 pm

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ ‘അപൂര്‍വമായ ഏട്’ കൂട്ടിച്ചേര്‍ത്ത് ഗോവ. കഴിഞ്ഞ നിയമസഭയിലെ 60 ശതമാനം എം എല്‍ എമാരും കൂറുമാറിയെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് 24 എം എല്‍ എമാരാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൂറുമാറിയത്. ഇങ്ങനെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 13 സീറ്റായിരുന്നു ബി ജെ പിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ബി ജെ പി ഇവിടെ അധികാരത്തിലേറി. ഈ അഞ്ച് വര്‍ഷത്തിനിടെ ആകെയുള്ള 17 കോണ്‍ഗ്രസ് എം എല്‍ എമാരില്‍ 15 പേരും പാര്‍ട്ടി വിട്ടു. ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസിന് നിലവില്‍ ഗോവയില്‍ രണ്ട് എം എല്‍ എമാര്‍ മാത്രമാണുള്ളത്.

കോണ്‍ഗ്രസിന്റെ പത്ത് എം എല്‍ എരാണ് 2019 ല്‍ ബി ജെ പിയില്‍ ചേര്‍ന്നത്. ഇതില്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കറുമുണ്ടായിരുന്നു. ഇതേ വര്‍ഷം തന്നെ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയില്‍ നിന്നുള്ള രണ്ട് എം എല്‍ എമാരും ബി ജെ പിയില്‍ ചേര്‍ന്നു. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ ഒരു എം എല്‍ എയും പിന്നാലെ ബി ജെ പിയില്‍ ചേര്‍ന്നു. അടുത്തിടെയാണ് മറ്റൊരു കോണ്‍ഗ്രസ് എം എല്‍ എയും പാര്‍ട്ടി വിട്ടത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേരിയോ തൃണമൂലില്‍ ചേര്‍ന്നതും അടുത്തിടെയാണ്.

2017 ല്‍ എന്‍ സി പി ടിക്കറ്റില്‍ മത്സരിച്ച ജയിച്ച ഏക എം എല്‍ എയും കഴിഞ്ഞ വര്‍ഷം തൃണമൂലില്‍ ചേര്‍ന്നിരുന്നു. അലക്‌സിയോ രെജിനാള്‍ഡോ ലൗറന്‍സോ എന്ന എം എല്‍ എയും കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തൃണമൂല്‍ വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് സ്വീകരിച്ചില്ല.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. 2019 ല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ ഒരു എം എല്‍ എയും ഇപ്പോള്‍ ബി ജെ പി വിട്ട് സ്വതന്ത്രനായി മത്സരിക്കുകയാണ്. ഇതിനിടെ രണ്ട് സ്വതന്ത്ര എം എല്‍ എമാര്‍ ബി ജെ പിയിലും ഒരു സ്വതന്ത്ര എം എല്‍ എ കോണ്‍ഗ്രസിലും ചേര്‍ന്നു. ബി ജെ പി വിട്ട ഒരു എം എല്‍ എ മഹരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലും മറ്റൊരാള്‍ ആം ആദ്മി പാര്‍ട്ടിയിലും ചേര്‍ന്നു.

വേറെ രണ്ട് പേര്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസിലെത്തിയിരിക്കുകയാണ്. കൂറുമാറ്റങ്ങള്‍ക്കും ചാക്കിട്ട് പിടുത്തങ്ങള്‍ക്ക് ശേഷം നിലവില്‍ ബി ജെ പിയ്ക്ക് സംസ്ഥാനത്ത് 27 എം എല്‍ എമാരാണുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ല എന്നത് തന്നെയാണു കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. സ്വതന്ത്ര എം എല്‍ എ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിനു വേണ്ടിയിരുന്നത് രണ്ട് എം എല്‍ എമാരുടെ പിന്തുണ മാത്രമായിരുന്നു.

പക്ഷേ, രണ്ടുപേരെക്കൂടി ചേര്‍ത്തുനിര്‍ത്താനോ ഭരണം ഉറപ്പിക്കാനോ നേതൃത്വത്തിനു സാധിച്ചില്ല. അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളെക്കൊണ്ട് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 14 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയോടും ജനങ്ങളോടും വിധേയപ്പെടും എന്ന പ്രതിജ്ഞയാണ് സ്ഥാനാര്‍ത്ഥികള്‍ എടുത്തത്.

വോട്ടെണ്ണലിന് ശേഷമുള്ള കൂറുമാറ്റം തടയാനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചത്. ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലീം പള്ളികളിലുമായി 36 സ്ഥാനാര്‍ത്ഥികളാണ് ഇത്തരത്തില്‍ പ്രതിജ്ഞ ചൊല്ലിയത്. പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെയും കൊങ്കണിയിലെ ബാംബോലിം ക്രോസിലുമെത്തി കൈകൂപ്പി വണങ്ങിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തുടരുമെന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞത്.

പാര്‍ട്ടിയ്‌ക്കൊപ്പം ഏത് സാഹചര്യത്തിലും അടിയുറച്ച് നില്‍ക്കുമെന്നും പ്രതിജ്ഞയില്‍ പറയുന്നു. ഗോവക്കാര്‍ സാമുദായിക സൗഹാര്‍ദ്ദത്തിന് പേരുകേട്ടവരാണെന്നും മഹാലക്ഷ്മിയുടെ മുന്നില്‍ വെച്ച് അഞ്ച് വര്‍ഷം ഒരുമിച്ച് നില്‍ക്കുമെന്ന് തങ്ങള്‍ പ്രതിജ്ഞയെടുത്തുവെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ ദിഗംബര്‍ കാമത്ത് പറഞ്ഞു. 36 പേര്‍ വന്നിട്ടുണ്ട്. കത്തോലിക്കാ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ ശക്തമായ ആരാധനാലയമായി കണക്കാക്കപ്പെടുന്ന മഹാലക്ഷ്മിയുടെയും ബാംബോലിം കുരിശിന്റെയും മുമ്പാകെ അവര്‍ സത്യപ്രതിജ്ഞ ചെയ്തു, കാമത്ത് പറഞ്ഞു.

തങ്ങള്‍ ഇക്കാര്യത്തില്‍ വളരെ ഗൗരവമുള്ളവരാണ്. തങ്ങളുടെ എം എല്‍ എമാരെ വേട്ടയാടാന്‍ ഒരു പാര്‍ട്ടിയെയും അനുവദിക്കില്ല. നമ്മള്‍ ദൈവത്തെ ഭയപ്പെടുന്ന ആളുകളാണ്. സര്‍വ്വശക്തനില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. അതിനാലാണ് കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാവ് പി ചിദംബരം, എ ഐ സി സി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു, ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോദങ്കര്‍ എന്നിവരും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആരാധനാലയങ്ങളിലെത്തി. പാര്‍ട്ടി വിട്ടവരെ ഇനി തിരിച്ചെടുക്കില്ലെന്ന് നേരത്തെ ഗോവന്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം മുന്‍കാലങ്ങളിലെ കൂറുമാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് മാത്രമല്ല ഉത്തരവാദിയെന്ന് കാമത്ത് പറഞ്ഞു. പാര്‍ട്ടിയുടെ എം എല്‍ എമാരെ വേട്ടയാടിയതില്‍ ബി ജെ പിക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ബിജെപി അവര്‍ക്ക് ഓഫറുകള്‍ നല്‍കി, അതിനാല്‍ അവര്‍ പാര്‍ട്ടി മാറി. ഇനി അങ്ങനെ സംഭവിക്കില്ലെന്ന് ഗോവയിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’

‘മര്‍ഗോവിലെ സ്ഥാനാര്‍ത്ഥി കൂടിയായ കാമത്ത് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടിരുന്നു. അക്കാരണത്താല്‍ പ്രതിജ്ഞ പ്രധാനമാണ്. കോണ്‍ഗ്രസ് വോട്ടര്‍മാരാണെന്ന് പറയുന്നവരുണ്ട്, എന്നാല്‍ വിജയിച്ചതിന് ശേഷം സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ എന്ന ചോദ്യവും മനസ്സിലുണ്ട്. അതുകൊണ്ടാണ് ഈ പ്രതിജ്ഞയെടുക്കാന്‍ തീരുമാനിച്ചത്.

അതു പ്രധാനമാണ്, ജനുവരിയില്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ മന്ത്രി മൈക്കിള്‍ ലോബോ പറഞ്ഞു. ഇതോടൊപ്പം എല്ലാ സ്ഥാനാര്‍ത്ഥികളേയും വിളിച്ചിരുത്തി കോണ്‍ഗ്രസ് ശനിയാഴ്ച ഒരു യോഗവും നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രതാപ് സിംഗ് റാണെയും യോഗത്തിലുണ്ടായിരുന്നു. 40 അംഗ നിയമസഭയാണ് ഗോവയിലേത്.

2017 ല്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ബി ജെ പിയ്ക്ക് 13 സീറ്റായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും ബി ജെ പി സംസ്ഥാനം ഭരിച്ചു. പിന്നീട് കോണ്‍ഗ്രസിലെ 15 എം എല്‍ എമാരും പാര്‍ട്ടി വിട്ടു. കേവലം രണ്ട് എം എല്‍ എമാര്‍ മാത്രം കോണ്‍ഗ്രസിന് ബാക്കിയാവുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചത്. ഗോവയില്‍ ശിവസേന‑തൃണമൂല്‍-എന്‍ സി പി സഖ്യവും മത്സരിക്കുന്നുണ്ട്. ഈ സഖ്യത്തില്‍ ചേരാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തീരെ താല്‍പര്യമില്ലാത്ത കോണ്‍ഗ്രസ് അതിനെ വിശ്വാസയോഗ്യമല്ലാത്ത സഖ്യകക്ഷിയെന്നാണ് വിളിച്ചത്.

Eng­lish Sum­ma­ry: Many in Goa have joined oth­er par­ties ; Many from the Con­gress joined the oth­er party
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.