Web Desk

വാഷിങ്ടണ്‍

June 09, 2021, 9:11 pm

കാലാവധി തീരാറായ പത്തുലക്ഷത്തോളം കോവിഡ് വാക്‌സിന്‍ കെട്ടിക്കിടക്കുന്നു

Janayugom Online

ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും ഭൂരിഭാഗം ജനങ്ങള്‍ക്കും ഒരു ഡോസ് കോവിഡ് വാക്സിന്‍ പോലും ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യുഎസില്‍ കാലാവധി തീരാറായ പത്തു ലക്ഷം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.

ഈ മാസമാണ് വാക്സിന്റെ കാലാവധി അവസാനിക്കുക. വരുന്ന ആഴ്ചകളില്‍ ഉപയോഗിക്കുകയോ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയോ ചെയ്തില്ലെങ്കില്‍ വാക്സിന്‍ പാഴാകുമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 23 ന് ഒഹിയോയില്‍ എത്തിച്ച രണ്ടു ലക്ഷം ഡോസ് വാക്സിന്റെ കാലാവധി തീരുമെന്ന് ഗവര്‍ണര്‍ മൈക്ക് ഡിവൈന്‍ വ്യക്തമാക്കി. അര്‍കന്‍സാസില്‍ 60,000 ഡോസും വെസ്റ്റ് വിര്‍ജീനിയയില്‍ 20,000 മുതല്‍ 25,000 വരെ ഡോസ് വാക്സിനും കാലാവധി തീര്‍ന്ന് പാഴായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെ ആന്റ് ജെ കോവിഡ് വാക്സിന്‍ കുത്തിവച്ചവരില്‍ ഉണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് ഇത് കെട്ടിക്കിടക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish sum­ma­ry: Many John­son & John­son Covid vac­cine dos­es may be close to expiring
You may also like this video: