നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ല: രാഹുല്‍ ഗാന്ധി

Web Desk
Posted on September 16, 2019, 10:28 pm

ന്യൂഡല്‍ഹി: ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്നും അത് ഇന്ത്യയെ ഒരുമിപ്പിക്കുമെന്നുമുള്ള കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി വിവാദത്തില്‍ ഇടപെട്ട് അഭിപ്രായപ്രകടനം നടത്തിയത്.
രാജ്യത്തുള്ള നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രാദേശിക ഭാഷകള്‍ക്കുമേല്‍ ഒരു ഭാഷ അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നുള്ള ആരോപണം ശക്തമാകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഒറിയ, മറാത്തി, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ഗുജറാത്തി, ബംഗാളി, ഉറുദു, പഞ്ചാബി എന്നിങ്ങനെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന 23 ഭാഷകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യയുടെ പതാകയും ഓരോ ഭാഷയ്ക്കുമിടയിലുണ്ടായിരുന്നു.
ഹിന്ദിയെ രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന അമിത് ഷായുടെ പ്രസ്താവന വിവിധ കോണുകളില്‍നിന്ന് രൂക്ഷമായ എതിര്‍പ്പുകളാണ് ഉയര്‍ത്തുന്നത്. അമിത് ഷായുടെ നിലപാടിനെ തള്ളി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യദ്യൂരപ്പയും രംഗത്തെത്തി. കര്‍ണാടകത്തെ സംബന്ധിച്ച് കന്നഡയാണ് മുഖ്യഭാഷയെന്നും ഇക്കാര്യത്തില്‍ ഒരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തിന്റെ ഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, കമല്‍ ഹാസന്‍, ഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തുടങ്ങിയവരും അമിത് ഷായുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.