ജെഎൻയുവിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിന് നേരെ ലാത്തിച്ചാർജ്ജ്; നിരവധി പേർക്ക് പരിക്കേറ്റു

Web Desk
Posted on November 18, 2019, 1:38 pm

ന്യൂഡൽഹി: പൊതുവിദ്യഭ്യാസം സംരക്ഷിക്കുക, ഫീസ് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റ് മാർച്ച് നടത്തിയ ജവഹർലാൽ നെഹ്‌റു സർവ്വകലാശാല വിദ്യാർഥികൾക്ക് നേരെ ലാത്തിച്ചാർജ്ജ്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് അയിഷേ ഘോഷ് ഉൾപ്പെടെയുള്ള 15 വിദ്യാർഥി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ ക്യാമ്പസിൽ നിന്ന് ആരംഭിച്ച മാർച്ച് ബാബ ഗംഗ നാഥ് മാർഗിൽ വച്ച് പൊലീസ് തടയുകയായിരുന്നു. ഡൽഹി പൊലീസ് പുറമേ സിആർപിഎഫ് ഉൾപ്പെടെയുള്ള സൈനികരും പ്രകടനം തടയാനെത്തിയിരുന്നു.

ജലപീരങ്കിയും ലാത്തിച്ചാർജ്ജും പ്രയോഗിച്ചാണ് പൊലീസ് സംഘം വിദ്യാർഥികളെ നേരിട്ടത്.പ്രകടനം തടയുന്നതിന്റെ മുന്നോടിയായി ജെഎൻയുവിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ ആയിരക്കണക്കിന് വിദ്യാർഥികൾ മാർച്ചിൽ അണിനിരന്നു. രണ്ടിടങ്ങളിൽ ബാരിക്കേഡുയർത്തി പൊലീസ് ‌തടഞ്ഞുവെങ്കിലും അതിനെ മറികടന്ന് വിദ്യാർഥികൾ മുന്നോട്ടുപോകുയായിരുന്നു. തുടർന്നാണ് പൊലീസും സിആർപിഎഫും വിദ്യാർഥികളെ നേരിട്ടത്.