Friday
22 Feb 2019

ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്

By: Web Desk | Saturday 1 September 2018 1:20 PM IST

തിരുവനന്തപുരം: മലയിന്‍കീഴ് അന്തിയൂര്‍ കോണത്ത് ബസുകള്‍ കൂട്ടി ഇടിച്ചു. പരിക്കേറ്റ 21 സ്ത്രീകളെയും പതിനാലുപുരുഷന്മാരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നു കുട്ടികളെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം നടന്നത്. കാട്ടാക്കട നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാട്ടാക്കട ഭാഗത്തേയ്ക്ക് വരുകയായിരുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അന്തിയൂര്‍ക്കോണം പാലത്തിനു സമീപം വച്ച് സ്വകാര്യ ബസ്‌കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്വകാര്യ ബസില്‍ ഡ്രൈവറും ക്‌ളീനറും മാത്രമാണ് ഉണ്ടായിരുന്നത് .
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കൊമ്പാടിക്കള്‍ സ്വദേശി പ്രശാന്ത് (38) , അല്‍ അമീന്‍ ബസിലെ ഡ്രൈവര്‍ പേയാട് സ്വദേശി ശ്രീകാന്ത് (30 ) എന്നിവര്‍ക്കാണ് ഗുരുതര പരിക്കുള്ളത്. ഇടിയുടെ ആഘാതത്തില്‍ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന ബസുകളില്‍ കാലുകള്‍ കുടിങ്ങിപ്പോയ ഡ്രൈവര്‍മാരെ വളരെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. ശ്രീകാന്തിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ബോധം നഷ്ട്ടപ്പെട്ടിരുന്നു. ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു സ്‌കാനിങ്ങിനു വിധേയനാക്കി.

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പത്മകുമാര്‍ (54), യാത്രക്കാരായ ചെമ്പൂര്‍ സ്വദേശികളായ പഞ്ചമി (22), അജിത (30), മൂങ്ങോട് സ്വദേശി മോനിഷ (26), സൗമ്യ (30) പെരുമ്പഴുതൂര്‍, ലിനി (25)മീനച്ചല്‍, ഷീബ (30) കാട്ടാക്കട, റീന (38)കാട്ടാക്കട, നദിയ (13) കാട്ടാക്കട, ജൂന (32) ഊരൂട്ടമ്പലം, ജസ്റ്റിന്‍ രാജ് ( 52 ) വിളപ്പില്‍ശാല, അന്‍ഷു (22) കാട്ടാക്കട, ക്രിസ്തുരാജ് ( 55) കാട്ടാക്കട, വസന്ത (57) ഒറ്റശേഖരമംഗലം, ഷിബിന്‍ (19) കാട്ടാക്കട, കോമളം (62) കുരുതന്‍കോട്, വിലാസിനി (65) വാഴച്ചല്‍, മാധവന്‍ നായര്‍ (75) പൂവ്വച്ചല്‍, തങ്കി(60) കോട്ടൂര്‍ പേയാട്, ദിവ്യ കുഷ്ണന്‍ (23) പാറശാല , സുധാകരന്‍ (37) പെരുമ്പഴുതൂര്‍, സുകന്യ (30) വാഴച്ചല്‍, തങ്കപ്പന്‍ (65) കോട്ടൂര്‍, ഉഷ ( 47 ) മംഗലക്കല്‍, രമണി (55) കോട്ടൂര്‍, പ്രതിഭ (30) ഒറ്റശേഖരമംഗലം, ജനാര്‍ദ്ദനന്‍ (58) കുളത്തൂര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ സീറ്റുകള്‍ക്ക് മുന്‍വശത്തെ കമ്പിയിലും മറ്റും ഇടിച്ചാണ് കൂടുതല്‍പേര്‍ക്കും പരിക്കേറ്റത്.

സ്വകാര്യ ബസിന്റെ അശ്രദ്ധയാണ് അപകടകാരണമെന്നും പറയുന്നുണ്ട്.സ്വകാര്യ ബസ് രാവിലത്തെ ട്രിപ്പ് കളക്ഷന്‍ പരമാവധി സ്വരൂപിച്ച ശേഷം വിവാഹ ഓട്ടതിനായി പോകുകയായിരുന്നു എന്ന് ചിലര്‍ പറയുന്നു. എന്നാല്‍ പനച്ചമൂട് വര്‍ക്ക് ഷോപ്പിലേക്ക് പോകുകയായിരുന്നു എന്നും വിവരമുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബസുകള്‍ ഇരുവശത്തേക്കും തെന്നി മാറി കെഎസ്ആര്‍ടിസി ബസ് സമീപത്തെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു. സ്വകാര്യ ബസ് കെ എസ്ആര്‍ടിസിബസില്‍ ഇടിച്ചു പുറകു വശം തെന്നി മാറി സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്.

പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കാട്ടാക്കട സി ഐ വിജയ രാഘവന്‍, കാട്ടാക്കട എസ് ഐ സജന്‍, മലയിന്‍കീഴ് എസ് ഐ സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും കാട്ടാക്കട അഗ്‌നിശമനസേനയും നാട്ടുകാരുടെ സഹകരണത്തോടെ രക്ഷ പ്രവര്‍ത്തനം നടത്തിയത്. വാഹനത്തില്‍ കുടുങ്ങിയവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചപ്പോള്‍ കമ്പി പൊട്ടി ബസിനു മുകളില്‍ പതിക്കാത്തതും ഈ സമയം വഴി യാത്രക്കാരോ മറ്റു വാഹനങ്ങളോ ഇല്ലാതിരുന്നതും വലിയൊരു അപകടെ ഒഴിവാകുന്നതിന് കാരണമായി. ചെങ്കല്‍ചൂള അഗ്‌നിശമനസേനയില്‍ നിന്നും ക്രെയിന്‍ എത്തിച്ചാണ് ബസുകള്‍ മാറ്റിയാണ് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥപിച്ചത് . കാട്ടാക്കട തഹസില്‍ദാര്‍ കെ പി ജയകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
അന്തിയൂര്‍ക്കോണം പാലത്തിനു സമീപം അപകടം തുടര്‍ക്കഥയാകുന്നു എന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ദിവസവും ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ വെള്ളറട കെ എസ് ആര്‍ ടി സി ബസും ഇവിടെ അപകടത്തില്‍ പെട്ടിരുന്നു . ഇടുങ്ങിയ പാലം ആയതിനാല്‍ ഇതിനു പരിഹാരമായി വീതികൂട്ടി പാലം പണി പൂര്‍ത്തീകരിച്ചെങ്കിലും പാലത്തിനു അടുത്തെത്തിയാല്‍ ഏതു വഴി കടന്നു പോകുമെന്ന ആശയകുഴപ്പം അപരിചിതര്‍ക്ക് ഉണ്ടാകുന്നുണ്ട്. യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല.സമയബന്ധിതമായി പ്രശ്‌നപരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

Related News