വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലിന്റെ തോക്കില്‍ നിന്ന് വെടി ഉതിര്ന്നിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലം. കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നില്ലെന്ന് വ്യക്തമായത്. ജലീലിന്റെ വലത് കയ്യില്‍ വെടിമരുന്നിന്റെ സാന്നിധ്യവും ഉണ്ടായിരുന്നില്ല. ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നെന്ന കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ജലീല്‍ ആദ്യം വെടിവച്ചിട്ടാണ് തങ്ങള്‍ തിരിച്ച് വെടിവച്ചതെന്നാണ് പൊലീസ് വാദം.
പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. കോടതിയില്‍ നല്കിയ തോക്കുകള്‍ തിരിച്ച് ലഭിക്കണമെന്ന് കാണിച്ച് പൊലീസ് നല്കിയ അപേക്ഷയ്ക്കെതിരെ ജലീലിന്റെ കുടുംബം നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചത്. വെടിവച്ച തോക്കുകളാണെന്ന് കാണിച്ച് പൊലീസ് പരിശോധനക്കച്ച തോക്കില്‍ നിന്നല്ല വെടി ഉതിര്‍ത്തതെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2019 മാര്‍ച്ച് ഏഴിനാണ് സി പി ജലീല്‍(26) വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ പൊലീസ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെടുന്നത്. പിന്നില്‍ നിന്നായിരുന്നു ജലീലിന് വെടിയേറ്റിരുന്നത്.
ഇക്കാരണത്താല്‍ തന്നെ ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. സംഭവം പൊലീസ് ആസുത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നും സംഭവത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട സി പി ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി പി റഷീദ് ആവശ്യപ്പെട്ടിരുന്നു. മനഷ്യവകാശ സംഘടനകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അഡ്വ. പി എ പൗരന്റെ നേതൃത്വത്തില്‍ വസ്തുതാ അന്വേഷണം നടത്താനെത്തിയവരെ പൊലീസ് ഇടപെട്ട് റിസോര്‍ട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കാത്തതും അന്നുതന്നെ വിവാദമായിരുന്നു.
English summary; Maoist encounter
You may also like this video;