വയനാട് റിസോർട്ടിലെ മവോയിസ്റ്റ് ആക്രമണം: ആദിവാസി സ്ത്രീകൾ കാഴ്ചകാരല്ലെന്ന് പോസ്റ്റർ

Web Desk

വയനാട്

Posted on January 15, 2020, 3:27 pm

മേപ്പാടി അട്ടമലയിൽ കല്ലേറുണ്ടായ റിസോർട്ട് പരിസരങ്ങളിൽ മാവോയിസ്റ് അനുകൂല പോസ്റ്ററുകൾ.  ഇന്ന് പുലർച്ചെയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. റിസോർട്ടിലെ കസേരകൾ ഉൾപ്പെടെ നശിപ്പിച്ചിരുന്നു. മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മിറ്റിയുടെ പോസ്റ്ററുകളാണ് പരിസരത്ത് പഠിപ്പിച്ചിട്ടുള്ളത്.

സമീപ പ്രദേശത്തുള്ള ആദിവാസി സ്ത്രീകളെ അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും നൽകാമെന്ന് പറഞ്ഞ് റിസോർട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയും തുടർന്ന് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. ആദിവാസി സ്ത്രീകൾ കാഴ്ചകാരല്ലെന്ന താക്കീതും പോസ്റ്ററിലുണ്ട്.

അട്ടമലയിലെ റിസോർട്ട് ആക്രമണം എന്തിന് എന്ന് തുടങ്ങുന്ന പോസ്റ്ററിൽ പറയുന്നത് ഇങ്ങനെ…

കഴിഞ്ഞ സീസണിൽ ആദിവാസി സ്ത്രീകളെ വഴിയിൽ തടഞ്ഞുനിർത്തി അരിയും മറ്റും നൽകാമെന്നു പറ‍ഞ്ഞ് റിസോർട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യാനുള്ള നടത്തിപ്പുകാരുടെ ഗൂഢപദ്ധതിക്കെതിരെയാണ് ഈ ആക്രമണം. ആദിവാസികളുടെ നിത്യജീവിതത്തെ താറുമാറാക്കുകയും ആദിവാസി സ്ത്രീകളെ ലൈംഗികചൂഷണത്തിനായി കെണിയിൽപ്പെടുത്തുകയും ചെയ്യുന്ന റിസോർട്ട് മാഫിയയ്ക്കെതിരായ താക്കീതാണിത്. ആദിവാസികൾ ആരുടെയും കച്ചവട വസ്തുക്കളല്ല. ആദിവാസി സ്ത്രീകൾ കാഴ്ചവസ്തുക്കളല്ല.