കാത്തുകാത്തുണ്ടായ മകളുടെ മരണം തകർത്തത് സ്മിജയുടെയും സനലിന്റെയും സ്വപ്‌നങ്ങൾ

Web Desk
Posted on June 12, 2018, 12:20 pm

സ്കൂളില്‍ നിന്നും മകൾ വരുന്നതും കാത്തിരുന്ന ആ അമ്മ. ഒടുക്കം അറിഞ്ഞത് മകളുടെ ജീവൻ നഷ്‌ടമായ വിവരമാണ്. വിദ്യാലക്ഷ്മി എന്ന നാലുവയസുകാരിയെ മരണം കവർന്നെടുത്തത് കാക്കനാട് വാഴക്കാല സ്വദേശികളായ സനൽകുമാറിനും സ്മിജയ്ക്കും താങ്ങാവുന്നതിനും അപ്പുറമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വിദ്യാലക്ഷ്മിയെന്ന ആ സുന്ദരിക്കുട്ടി അവരുടെ ജീവിതത്തിലെത്തിയത്. എന്നാൽ വീട്ടിൽ നിന്നും നൂറുമീറ്ററുകൾക്കപ്പുറം തങ്ങളുടെ മകൾ മരണത്തിലേക്ക് കടന്നുപോയപ്പോൾ ജീവിതത്തിലെ പ്രതീക്ഷകളാണ് ആ കുടുംബത്തിന് നഷ്ടമായത്.

കണ്ടുനിന്നവര്‍ക്ക് പോലും ഈ കുടുംബത്തിന്റെ ദുരന്തം താങ്ങാനാവുന്നില്ല. അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് നാട്ടുകാരും മുക്തരായിട്ടില്ല. വാഹനം കുളത്തിലേയ്ക്ക് മറിയുമ്പോള്‍ ജീവനുവേണ്ടി കു‍ഞ്ഞുങ്ങള്‍ നിലവിളിക്കുന്നുണ്ടായിരുന്നു. നാട്ടുകാരുടെ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനം അഞ്ചു കുരുന്നുകളുടെ ജീവന്‍ രക്ഷിച്ചെങ്കിലും വിദ്യാലക്ഷ്മിയെയും ആദിത്യനെയും മരണം കൂട്ടിക്കൊണ്ടുപോകയായിരുന്നു.

എട്ട് കുട്ടികളുമായി ഡേ കെയറില്‍ നിന്ന് പുറപ്പെട്ട ബസാണ് വഴിയരികിലെ ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞത്. എട്ടു കുട്ടികളില്‍ അഞ്ച് പേരെ സുരക്ഷിതരായി വീടുകളില്‍ ഇറക്കിയ ശേഷം മുന്‍പോട്ടെടുത്ത ബസാണ് അപകടത്തിലകപ്പെട്ടത്. മൂന്ന് കുട്ടികളെ കൂടി വീടുകളിലെത്തിക്കുകയായിരുന്നു ഡ്രൈവര്‍ ബാബുവിന്റെ ലക്ഷ്യം. എന്നാല്‍, അതിനിടയില്‍ വന്‍ ദുരന്തത്തിനായിരുന്നു അവര്‍ സാക്ഷ്യം വഹിച്ചത്. ബസില്‍ ശേഷിച്ചിരുന്ന മൂന്ന് കുട്ടികളില്‍ രണ്ട് പേരും സ്‌കൂളിലെ ആയയും മരിച്ചു. ആദിത്യന്‍ (4), വിദ്യാലക്ഷമി (4) എന്നിവരാണ് അപകടത്തില്‍ മരിച്ച കുട്ടികള്‍.

മരിച്ച മൂന്നുപേരുടെയും സംസ്കാരം ഇന്ന് നടക്കും.