മരട് ഫ്ലാറ്റ്: നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച ആദ്യയോഗം ഇന്ന്

Web Desk
Posted on October 10, 2019, 8:55 am

കൊച്ചി: മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് സംബന്ധിച്ച ആദ്യയോഗം ഇന്ന്. ‍ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ യോഗം കൊച്ചിയില്‍ ചേരും. ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ യോഗ്യത ഉള്ളവരുടെ പട്ടിക സമിതി പരിശോധിക്കും. മരട് നഗരസഭയാണ് പട്ടിക നല്‍കുക. എന്നാല്‍ രേഖകള്‍ സമര്‍പ്പിച്ച 130 ഓളം പേര്‍ക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. ഉടമസ്ഥാവകാശം രേഖയായി ഇല്ലാത്തവര്‍ക്ക് ഏതുതരത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നത് അടക്കമുള്ള തീരുമാനം ഈ സമിതിയാണ് എടുക്കുക.

സമിതിയിലെ രണ്ട് അംഗങ്ങളെ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ ഇറക്കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആര്‍എയിലെ എന്‍ജിനിയര്‍ ആര്‍ മുരുകേശന്‍ എന്നിവരാണ് സമിതിലെ മറ്റംഗങ്ങള്‍. ഫ്‌ലാറ്റുകള്‍ പൊളിപ്പിക്കുന്നത്തിനുള്ള കമ്പനികളെ തെരഞ്ഞെടുക്കാനും തുടര്‍ നിര്‍ദ്ദേശം നല്‍കുന്നതിനുമായി ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്‌ഫോടന വിദഗ്ധന്‍ ഇന്ന് കൊച്ചിയില്‍ എത്തിച്ചേരും.