മരട് ഫ്ലാറ്റ്: 15 എണ്ണത്തിന് നഷ്ടപരിഹാരം

Web Desk
Posted on November 18, 2019, 9:19 pm

കൊച്ചി: മരടിലെ ഫ്ളാറ്റിലെ 15 എണ്ണത്തിനു കൂടി പ്രാഥമിക നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നൽകാൻ ജസ്റ്റീസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ നഷ്ടപരിഹാര സമിതി തീരുമാനിച്ചു. ഇന്നലെ കൊച്ചിയിൽ ചേർന്ന സിറ്റിങ്ങിലാണ് തീരുമാനം.

ആൽഫാ സെറീനിലെ 12 ഫ്ളാറ്റുകൾക്കും ജെയ്ൻ കോറലിലെ ഒരു ഫ്ളാറ്റിനും ഹോളിഫെയ്ത്ത് എച്ച്ടുഒയിലെ രണ്ടെണ്ണത്തിനുമാണ് 25 ലക്ഷം രൂപ വീതം നൽകുക. തിങ്കളാഴ്ച ചേർന്ന സമിതി യോഗത്തിൽ 17 അപേക്ഷകൾ പരിഗണിച്ചു. മാറ്റിവെച്ച അപേക്ഷകളിൽ ഒന്ന് ഉടമ മരിച്ചു പോയതും മറ്റൊന്ന് 10 ലക്ഷം മാത്രം അഡ്വാൻസ് തുക നൽകിയതുമാണ്. ഇതൊടെ 25 ലക്ഷം രൂപ വീതം 246 പേർക്ക് 61,50, 00, 000 രൂപയാണ് നൽകുക. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും മാറിത്താമസിക്കേണ്ടി വരുന്നവർക്ക് വാടക ഉൾപ്പെടെയുള്ള കാര്യങ്ങൾ നൽകുന്നതിനും തിരുവനന്തപുരത്തു ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായതായി എം സ്വരാജ് എംഎൽഎ അറിയിച്ചു. മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്ലാണ് യോഗം ചേർന്നത്. പരിസരവാസികൾക്ക് യാതൊരു വിധ അസൗകര്യവും വരുത്താതെ സുരക്ഷാ നടപടികൾ കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥരോട് മന്ത്രി പറഞ്ഞു.