മരട് ഫ്‌ളാറ്റ്; ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; വൈദ്യുതിയും കുടിവെള്ളവിതരണവും നിര്‍ത്തലാക്കും

Web Desk
Posted on October 03, 2019, 8:54 am

കൊച്ചി: മരട് ഫ്‌ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ടോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നാണ് നഗരസഭയുടെ അറിയിപ്പ്. ഒഴിയാന്‍ സാവകാശം നല്‍കണമെന്ന നിലപാടിലാണ് താമസക്കാര്‍. എന്നാല്‍ സമയപരിധി നീട്ടാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഫ്‌ലാറ്റ് ഒഴിപ്പിക്കുന്നവര്‍ക്ക് പകരം താമസസൗകര്യം ഒരുക്കി നല്‍കണമെന്ന ആവശ്യമാണ് താമസക്കാര്‍ ഉന്നയിക്കുന്നത്. എന്നാല്‍ വാടകയ്ക്ക് ലഭ്യമാകുന്ന താമസസൗകര്യങ്ങള്‍ സംബന്ധിച്ച പട്ടിക ഫഌറ്റുടമകള്‍ക്ക് നല്‍കുക മാത്രമാണ് ചെയ്യാനാവുകയെന്നും പുനരധിവാസം പ്രായോഗികമായി സാധ്യമല്ലെന്നുമുള്ള നിലപാടാണ് ജില്ലാ ഭരണകൂടത്തിന്റേത്. താമസസൗകര്യം ഫ്ളാറ്റുടമകള്‍ത്തന്നെ കണ്ടെത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. അതേസമയം ബദല്‍ താമസ സൗകര്യം ലഭിക്കുമെന്നറിയിച്ച ഫ്‌ലാറ്റുകളില്‍ ബന്ധപ്പെടുമ്പോള്‍ അവിടെ ഒഴിവില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും താമസക്കാര്‍ വ്യക്തമാക്കുന്നു.