മരട് ഫ്‌ളാറ്റ്: 25 ലക്ഷം രൂപ നഷ്ടപരിഹാരം എല്ലാവര്‍ക്കും ലഭിക്കില്ല

Web Desk
Posted on October 14, 2019, 8:08 pm

കൊച്ചി: മരട് ഫ്‌ളാറ്റില്‍ നിന്ന് ഒഴിഞ്ഞ എല്ലാ താമസക്കാര്‍ക്കും നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ലഭിക്കില്ലെന്ന് സൂചന. നഷ്ടപരിഹാര നിര്‍ണയത്തിനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 14 ഫ്‌ളാറ്റ് ഉടമകള്‍ക്ക് ആദ്യഘടു കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് കാണിച്ച് മരട് നഗരസഭ 241 പേരുടെ പട്ടികയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതില്‍ ആദ്യഘട്ടമായി 14 പേര്‍ക്ക് ആദ്യഘടു വിതരണം ചെയ്യണമെന്നാണ് സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സമുചയത്തില്‍ നിന്ന് നാല് പേര്‍, ആല്‍ഫ സെറിനില്‍ നിന്ന് നാല് പേര്‍, ആറ് പേര്‍ ജെയിന്‍ കോറല്‍ കോയില്‍ നിന്നുമാണ്. ഇവര്‍ക്കെല്ലാമായി 2566096 രൂപ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു. 13 ലക്ഷം മുതല്‍ 25 ലക്ഷംവരെയാണ് 14 പേരില്‍ ഓരോരുത്തര്‍ക്കും ലഭിക്കുക. ഫ്‌ളാറ്റ് സ്വന്തമാക്കിയ രേഖകളില്‍ കാണിച്ചിരിക്കുന്ന തുകയ്ക്ക് ആനുപാതികമായാണ് ആദ്യഘട്ട നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. ഇതില്‍ പലരും രണ്ട് കോടി രൂപവരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരാണ്. മറ്റുള്ളവരുടെ നഷ്ടപരിഹാര തുകയുടെ വിതരണനടപടികള്‍ വരും ദിവസങ്ങളില്‍ തുടരും. അതേ സമയം നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കുന്നതോടൊപ്പം സത്യവാങ്മൂലം നല്‍കണമെന്ന നിബന്ധന സമതി തല്‍ക്കാലം ഒഴിവാക്കി. ഫ്‌ളാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ യോഗത്തിലായിരുന്നു തീരുമാനം.

യഥാര്‍ത്ഥ വില വ്യക്തമാക്കി ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച 19 പ്രമാണങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി സമിതിയ്ക്ക് മുന്‍പാകെ ഹാജരാക്കി. നാല് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കും സമിതി നോട്ടീസ് നല്‍കി. ഈ മാസം 17 നകം ഫ്‌ളാറ്റുകള്‍ എത്ര രൂപയ്ക്കാണ് വില്‍പ്പന നടത്തിയതെന്നതിന്റെ രേഖകള്‍ നഗരസഭ സെക്രട്ടറിയ്ക്ക് മുന്‍പില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആധാരവും പണം കൊടുത്തതിന്റെരേഖകളും ഫ്‌ളാറ്റുടമകളും മരട് നഗരസഭയില്‍ സമര്‍പ്പിക്കണം. അതേസമയം, ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. ആല്‍ഫാ വെഞ്ച്വേഴ്‌സിന്റെ നിര്‍മ്മാതാവ് പോള്‍ രാജിനോടാണ് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹോളി ഫെയ്ത്, ജെയിന്‍ കോറല്‍ കേവ് കെട്ടിട നിര്‍മ്മാതാക്കള്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. ജെയിന്‍ കോറല്‍ കോവ് ഉടമ സന്ദീപ് മേത്തയോട് വ്യാഴാഴ്ചയും ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസിനോട് 21 നും ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരാതി ഇല്ലാത്തതിനാല്‍ ഗോള്‍ഡന്‍ കായലോരം ഉടമയ്‌ക്കെതിരെ നിലവില്‍ കേസ് എടുത്തിട്ടില്ല. എന്നാല്‍ ഇവരും അന്വേഷണ പരിധിയില്‍ വരും. വഞ്ചന, നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മ്മിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നിയമം ലംഘിച്ചു ഫ്‌ലാറ്റ് നിര്‍മാണം നടത്താന്‍ അനുമതി നല്‍കിയ മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ നേരെത്തെ ചോദ്യം ചെയ്തിരുന്നു. അഷ്‌റഫ് നല്‍കിയ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഫ്‌ലാറ്റ് നിര്‍മ്മാതാക്കളെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതിന് പിന്നാലെ ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍ രാജ് കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെയാണ് പോള്‍ രാജ് സമീപിച്ചത്. ഇതിനിടെ, പൊളിക്കാനുള്ള ഫ്‌ലാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും അറിയിച്ചു.