മരട് ഫ്ലാറ്റ് : ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വതേ ഫ്ലാറ്റുകള്‍ പരിശോധിച്ചു

Web Desk
Posted on October 11, 2019, 2:37 pm

കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് ഉപദേശം നല്‍കാന്‍ ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വതേ ഫ്‌ളാറ്റുകള്‍ പരിശോധിച്ചു. പൊളിക്കാന്‍ നഗരസഭയുടെ പരിഗണനയിലുള്ള കമ്പനികളുടെ പ്രതിനിധികളും ഫ്‌ളാറ്റില്‍ പരിശോധന നടത്തി. സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടറുമായും രാവിലെ മരട് നഗരസഭയിലെത്തിയ ശരത് ബി സര്‍വാതെ ചര്‍ച്ച നടത്തിയ ശേഷമാണ് ഫ്‌ലാറ്റുകളില്‍ പരിശോധന നടത്തിയത്.

ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് ആണ് ആദ്യം പരിശോധിച്ചത്. സാങ്കേതിക സമിതി അംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു. നാല് ഫ്‌ളാറ്റുകളും സംഘം പരിശോധിച്ചു. നിലവിലെ അവസ്ഥയില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള അപകട സാധ്യതകള്‍ അദ്ദേഹം മനസിലാക്കി. പൊളിക്കാന്‍ അന്തിമ പട്ടികയില്‍ ഉള്ള കമ്പനികളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും കരാര്‍ ആര്‍ക്ക് നല്‍കണമെന്നും എങ്ങനെ പൊളിക്കണം എന്നും തീരുമാനം ഉണ്ടാകുക.

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെ ഫ്‌ളാറ്റുകള്‍ പൊളിക്കും എന്ന് പൊളിക്കല്‍ കമ്പനി പ്രധിനികള്‍ പറഞ്ഞു. സ്‌ഫോടനം നടത്തുമ്പോള്‍ സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കിമോ എന്ന കാര്യവും പരിശോധിച്ചു. ഇതു സര്‍ക്കാരിനെ ബോധിപ്പിക്കും. ഫ്‌ലാറ്റുകളും പരിസരവും വിശദമായി പഠിച്ചായിരിക്കും പദ്ധതി തയാറാക്കുക.