മരട് ഫ്ളാറ്റ്: നാലു പ്രതികളുടെ റിമാൻഡ് 19 വരെ നീട്ടി

Web Desk
Posted on November 05, 2019, 9:11 pm

മൂവാറ്റുപുഴ: തീരദേശ നിയമം ലംഘിച്ച് മരട് ഫ്ളാറ്റ് നിര്‍മ്മിച്ച കേസില്‍ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് വന്നിരുന്ന പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്നലെ അവസാനിച്ചതോടെ നാല് പ്രതികളെയും നവംമ്പര്‍ 19 വരെ വീണ്ടും മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തതു. ഇവരുടെ ജാമ്യാപേക്ഷയില്‍ ഈമാസം എട്ടിന് വാദം കേള്‍ക്കും.

ആല്‍ഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറും മരടിലെ ആല്‍ഫ സെറിന്‍ ഫ്ളാറ്റ് നിര്‍മ്മാതാവുമായ പോള്‍ രാജ്, മരട് ഗ്രാമപഞ്ചായത്ത് മുന്‍സെക്രട്ടറി ആലപ്പുഴ ആലിമുഹമ്മദ് റോഡില്‍ പുളിമൂട്ടില്‍ മുഹമ്മദ് അഷറഫ്(59)ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ഡയറക്ടര്‍ എറണാകുളം എളമക്കര കാട്ടുകുടിയില്‍ സാനി ഫ്രാന്‍സിസ്(55) മരട് പഞ്ചായത്ത് മുന്‍ജൂനിയര്‍ സൂപ്രണ്ട് ആലപ്പുഴ എഴുപുന്ന പുതുപറമ്പത്ത് പി ഇ ജോസഫ്(65) എന്നിവരെയാണ് നവംമ്പര്‍ 19 വരെ റിമാന്‍ഡ് ചെയ്തത്. ഫ്ളാറ്റുകളുടെ നിർമ്മാണം അനധികൃതമാണെന്ന് ബോധ്യമുണ്ടായിട്ടും അക്കാര്യം മറച്ചു വച്ച് ഫ്ളാറ്റുകൾ വിൽപ്പന നടത്തി വഞ്ചന നടത്തിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.