25 ലക്ഷം ലഭിച്ച ഫ്ളാറ്റ് ഉടമകൾക്ക് കൂടുതൽ തുക ആവശ്യപ്പെടാൻ അവസരം

Web Desk
Posted on November 11, 2019, 9:02 pm

കൊച്ചി: പ്രാഥമിക നഷ്ട പരിഹാരമായി 25 ലക്ഷം ലഭിച്ച മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് ഫ്ളാറ്റിന്റെ യഥാർഥ വിലയുടെ ബാക്കി തുകയ്ക്കായി അപേക്ഷ നൽകാമെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതി. അപേക്ഷകൾ സത്യവാങ്മൂലം ഉൾപ്പെടെ മരട് നഗരസഭയിൽ നൽകാനും സമിതി നിർദേശിച്ചു. സമിതിയുടെ തീരുമാനം ഫ്ലാറ്റ് ഉടമകളെ അറിയിക്കാൻ നഗരസഭ നടപടിയെടുക്കണം.

അതേസമയം ഫ്ലാറ്റ് നിർമാതാക്കളായ ജെയിൻ ഹൗസിങ് ആന്റ് കൺസ്ട്രക്ഷൻസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കണമെന്ന് അപേക്ഷ സമിതി അംഗീകരിച്ചു. സമിതിയുടെ പേരിൽ എസ്ബിഐയിലുള്ള അക്കൗണ്ടിലേക്ക് 5.28 കോടി കൈമാറാനാണ് അപേക്ഷ നൽകിയത്. ഈ തുക നിക്ഷേപിക്കുന്നതിന് മാത്രമായി അക്കൗണ്ട് വീണ്ടും തുറക്കാനാണ് സമിതി അനുമതി നൽകിയത്. ഇക്കാര്യം കമ്പനിയുടെ അക്കൗണ്ടുള്ള കാരൂർ വൈശ്യ ബാങ്കിനെയും പനങ്ങാട് പൊലീസിനെയും അറിയിക്കും. സുപ്രീംകോടതി ഉത്തരവ് പ്രകാരം ആദ്യം രണ്ട് കോടിയും പിന്നീട് 3.28 കോടിയും സമിതിക്ക് കൈമാറാമെന്ന് ജെയിൻ കമ്പനി സമ്മതിച്ചിരുന്നു.

ഒരേ ഫ്ളാറ്റിന് നഷ്ടപരിഹാരം തേടി രണ്ട് അവകാശികളെത്തിയതും സമിതി പരിശോധിച്ചു. ഗോൾഡൻ കായലോരം ഫ്ലാറ്റ് നമ്പർ ജി–-10എ ഉടമ ഇ എം ബാബവും ഫ്ലാറ്റ് മേൽനോട്ടക്കാരനായ ബിസ്സിനെ ടി കുമാറുമാണ് അപേക്ഷകളുമായി എത്തിയത്. ബാബു നഷ്ടപരിഹാരം വാങ്ങുന്നതിനെതിരെ റസിഡന്റ്സ് അസോസിയേഷനും ബിസ്സിനും പരാതിയുമായി സമിതിയെ സമീപിക്കുകായിരുന്നു. ഫ്ലാറ്റ് വാങ്ങിയ ബാബു വർഷങ്ങളായി ഗൾഫിലാണ്. ബിസ്സിനെ ഫ്ലാറ്റ് നോക്കാനാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ഫ്ളാറ്റിന്റെ പവർ അറ്റോർണി തനിക്കാണെന്ന് ബിസ്സിൻ അവകാശപ്പെട്ടു. ബാബുവാണ് ഫ്ലാറ്റ് വാങ്ങിയതെന്ന് നിർമാതാക്കൾ സമിതിയെ അറിയിച്ചു. റസിഡന്റ്സ് അസോസിയേഷന് കാലകാലങ്ങളായി ബാബു നൽകാനുള്ള തുക മുടങ്ങിയതാണ് അസോസിയേഷന്റെ പരാതിക്കിടയാക്കിയതെന്ന് സമിതി കണ്ടെത്തി. രേഖകൾ പരിശോധിച്ച സമിതി ബാബുവിനും 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ നിർദേശിച്ചു.

ജെയിൻ കോറൽ കോവിലെ നാല് ഫ്ളാറ്റുകൾക്കായി രണ്ട് ഉടമകൾ നഷ്ടപരിഹാര അപേക്ഷ നൽകി. ഇരുവരും ചേർന്നാണ് ഫ്ളാറ്റുകൾ വാങ്ങിയത്. എന്നാൽ വിൽപ്പന കരാറോ സത്യവാങ്മൂലമോ ഹാജരാക്കാനായില്ല. യഥാർഥ ഒപ്പും അപേക്ഷയിലുണ്ടായിരുന്നില്ല. ആവശ്യമായ രേഖകൾ സഹിതം വീണ്ടും അപേക്ഷ നൽകാൻ സമിതി നിർദേശിച്ചു. രേഖകളില്ലാത്ത മറ്റൊരു അപേക്ഷ 19ന് പരിഗണിക്കാൻ മാറ്റി.