മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കാനുള്ള തീയതി ഇന്ന് തീരുമാനിക്കും

Web Desk
Posted on November 11, 2019, 8:19 am

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കാനുള്ള തീയതി ഇന്ന് തീരുമാനിക്കും. ഇതിനായി ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും.

രാവിലെ റവന്യു ടവറിൽ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ, കമ്മീഷണർ, പൊളിക്കൽ ചുമതലയേറ്റെടുത്ത കമ്ബനി പ്രതിനിധികൾ, സാങ്കേതിക സമിതി അംഗങ്ങൾ അടക്കമുള്ളവരും പങ്കെടുക്കും. ഇൻഡോറിൽ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധൻ എസ്ബി സർവാതെയും യോഗത്തിൽ പങ്കെടുക്കും

ഫ്ലാറ്റ് പൊളിച്ച് നീക്കാൻ ചുമതലയേറ്റെടുത്ത കമ്ബനികൾ പൊളിക്കൽ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് സാങ്കേതിക സമിതിയ്ക്ക് കൈമാറിയിരുന്നു. ഇത് അനുസരിച്ചുള്ള തുടർനടപടികൾ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചത്.

കെട്ടിടങ്ങളെല്ലാം ഒരുമിച്ച് പൊളിക്കാൻ തയ്യാറാണെന്ന് കമ്ബനികൾ അറയിച്ചിട്ടുണ്ട്. എന്നാൽ, ആദ്യം ഒരു പാർപ്പിട സമുച്ഛയം പൊളിച്ചതിന് ശേഷം മതി മറ്റ് കെട്ടിടങ്ങൾ പൊളിക്കുന്നതെന്നാണ് സാങ്കേതിക സമിതിയിലെ ചില അംഗങ്ങളുടെ അഭിപ്രായം. ഡിസംബർ അവസാന വാരം പൊളിക്കൽ തുടങ്ങുന്നതിനാണ് ഏകദേശ ധാരണ.