മരട് ഫ്‌ലാറ്റ് വിഷയം; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

Web Desk
Posted on September 15, 2019, 4:16 pm

മരട് ഫ്‌ലാറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3.30ന് തിരുവനന്തപുരത്താണു യോഗം. ഫ്‌ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. എന്നാല്‍ ഒഴിപ്പിക്കല്‍ നോട്ടിസ് നിയമാനുസൃതമല്ലെന്നു വാദിച്ച് ഫ്‌ലാറ്റ് ഉടമകള്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

മരട് നഗരസഭയ്ക്ക് കീഴില്‍ വരുന്ന അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സിപിഐ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടിരുന്നു.

തീരദേശ പരിപാലന നിയമം സംരക്ഷിക്കപ്പടേണ്ടത് കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും അത്യന്താപേക്ഷിതമായ കാര്യമാണ്. അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് മാത്രം മുന്നോട്ടുപോകണം. നിയമം ലംഘിച്ചു മുന്നോട്ടു പോകാം എന്ന് കരുതുന്ന എല്ലാ വിഭാഗം ആളുകള്‍ക്കുമുള്ള താക്കീതാണ് ഈ വിധി. ഇത് നടപ്പാക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ആശങ്കള്‍ക്ക് നിയമപരവും ശ്വാശതവുമായ പരിഹാരം കണേണ്ടതുണ്ടെന്നാണ് സിപിഐ വിലയിരുത്തുന്നത്.

അതേസമയം കമ്പനിയുടെ ഉടമസ്ഥതയില്‍ അപ്പാര്‍ട്ട്‌മെന്റ് ഇല്ലെന്ന് മരടിലെ ആള്‍ഫ സെറീന്‍ ഫ്‌ലാറ്റിന്റെ നിര്‍മാണക്കമ്പനി വ്യക്തമാക്കി. മരടിലെ ആള്‍ഫ സെറീന്‍ സമുച്ചയത്തിലെ എല്ലാ അപ്പാര്‍ട്ട്‌മെന്റുകളും നിയമപ്രകാരം കൈമാറ്റം ചെയ്തുകഴിഞ്ഞതാണെന്നും കമ്പനി വ്യക്തമാക്കി. മരട് നഗരസഭയുടെ നോട്ടിസ് കമ്പനിക്കു ബാധകമാകില്ലെന്നും ചൂണ്ടിക്കാട്ടി നല്‍കിയ മറുപടിക്കത്തിലാണു ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ വിശദീകരണം.

എന്നാല്‍ ഫ്‌ലാറ്റ് ഒഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമാക്കി ഉടമകള്‍ നഗരസഭയ്ക്കു മുന്നില്‍ റിലേ സത്യഗ്രഹം ആരംഭിച്ചു. 375 കുടുംബങ്ങളാണു ഫ്‌ലാറ്റുകളിലുള്ളത്. നഗരസഭയുടെ നോട്ടിസ് കൈപ്പറ്റിയ ചിലര്‍ ഒഴിയില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്.