മരട്: ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു, തൊഴിലാളികള്‍ പൂജ നടത്തി

Web Desk
Posted on October 17, 2019, 1:59 pm

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഫ്‌ളാറ്റ് പൊളിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ് അവരുടെ ആചാരരീതിയനുസരിച്ചുള്ള പൂജകള്‍ നടത്തിയത്.

ഇന്നലെയാണ് ജെയിന്‍ കോറല്‍ കോവിന്റെ കെട്ടിടം എഡിഫൈസ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിക്കും, ആല്‍ഫാ വെഞ്ചേഴ്‌സിന്റെ ഇരട്ടകെട്ടിടത്തില്‍ ഒരു കെട്ടിടം വിജയ സ്റ്റീല്‍ കമ്പനിക്കും പൊളിക്കുന്നതിന് വേണ്ടി കൈമാറിയത്. ഇതിന് പുറകെയാണ് ഇന്ന് വിജയ സ്റ്റീലിന്റെ തൊഴിലാളികള്‍ ആല്‍ഫാ വെഞ്ചേഴ്‌സിന്റെ കെട്ടിടത്തില്‍ എത്തുകയും പൊളിക്കലിന് മുന്നോടിയായുള്ള പൂജ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തുകയും ചെയ്തത്.

ഇതിനിടെ ഫ്‌ളാറ്റിന്റെ നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. സുപ്രീംകോടതി ഉത്തരവനുസരിച്ച് നാല് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടേണ്ടത്.