മരട് ഫ്ലാറ്റ് വെള്ളിത്തിരയിലേക്ക്: സിനിമയുടെ വിശദാംശങ്ങൾ പുറത്ത്

Web Desk
Posted on November 20, 2019, 7:05 pm

കൊച്ചി: മരട് ഫ്ലാറ്റ് വിഷയം വെള്ളിത്തിരയിലേക്ക്. ‘മരട് 357’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണന്‍ താമരക്കുളം ആണ്. അബ്രഹാം മാത്യുവാണ് നിർമാണം. ‘മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ തന്നെയാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ ആരൊക്കെയാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിലെ ഗാനങ്ങൾ രചിക്കുന്നത് കൈതപ്രവും മുരുകൻ കാട്ടാക്കടയുമാണ്.

ബില്‍ഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മരട് ഫ്‌ലാറ്റിന് എങ്ങനെ നിര്‍മാണാവകാശം കിട്ടിയെന്നും അതില്‍ നടന്ന ചതിയുടെ അറിയാക്കഥയും ചിത്രത്തിലൂടെ പറയും. കൂടാതെ ജീവിതം നഷ്ടപ്പെട്ട ഫ്‌ലാറ്റ് ഉടമകളുടെ ജീവിതവും ചിത്രത്തിൽ പറയുമെന്ന് സംവിധായകൻ കണ്ണന്‍ താമരക്കുളം പറഞ്ഞു.

ജയറാമിനെ നായകനാക്കി തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകനാണ് കണ്ണന്‍ താമരക്കുളം. തുടര്‍ന്ന് ആടുപുലിയാട്ടം, അച്ചായന്‍സ്, ചാണക്യതന്ത്രം, പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകളും സംവിധായകന്റെതായി വന്നിരുന്നു. എറ്റവുമൊടുവിലായി ഇറങ്ങിയ പട്ടാഭിരാമന്‍ പ്രമേയപരമായും വാണിജ്യപരമായും തിയ്യേറ്ററുകളില്‍ നിന്നും വിജയം നേടിയിരുന്നു. പട്ടാഭിരാമന് വേണ്ടി കഥയെഴുതിയ ദിനേശ് പളളത്താണ് ഈ ചിത്രത്തിന് വേണ്ടിയും തിരക്കഥ എഴുതുന്നത്.