മരട് ഫ്ലാറ്റുകൾ തല്‍ക്കാലം പൊളിക്കില്ല; തല്‍സ്ഥിതി തുടരട്ടെയെന്ന് സുപ്രീംകോടതി

Web Desk
Posted on June 10, 2019, 6:28 pm

കൊച്ചി: മരടില്‍ ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്ലാറ്റുകൾ  പൊളിക്കാതെ തല്‍സ്ഥിതി തുടരട്ടെയെന്ന് സുപ്രീംകോടതി. ആറാഴ്ചത്തേക്ക് പൊളിക്കേണ്ടെന്നാണ് ഉത്തരവ്. ഫ്ളാറ്റുകളിലെ  താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. താമസക്കാര്‍ നല്‍കിയ ഹര്‍ജി, ഫ്ലാറ്റ്  പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ജൂലൈ ആദ്യവാരം ബഞ്ച് ഈ ഹര്‍ജി പരിഗണിക്കും. താമസക്കാരുടെ വാദം കേള്‍ക്കാതെയാണ് പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

ഫ്ലാറ്റുകൾ  ഉടമകള്‍ തന്നെ പൊളിച്ചു നീക്കണമെന്നായിരുന്നു നേരത്തെയുള്ള സുപ്രീം കോടതിയുടെ ഉത്തരവ്. നഗരസഭയ്ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതറിയിച്ചുകൊണ്ട് ഫ്ലാറ്റ് ഉടമകള്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഫ്ലാറ്റ്  ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി. തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.